പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് 14 പേര് അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷന് പി-ഹണ്ടി'ലാണ് ഐ.ടി. വിദഗ്ധര്‍ അടക്കമുള്ളവരെ പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ റെയ്ഡ് ആരംഭിച്ചത്. വിവിധയിടങ്ങളിലായി ആകെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, പെന്‍ഡ്രൈവുകള്‍ എന്നിവയടക്കം 267 ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.
അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളാണ് പ്രതികള്‍ പ്രചരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ മിക്കതും പ്രാദേശികമായി ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു. പിടിയിലായവരില്‍ ചിലര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഓണ്‍ലൈനില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് കേരള പോലീസ് 'ഓപ്പറേഷന് പി-ഹണ്ട്' എന്ന പേരില്‍ പരിശോധനകള്‍ നടത്തുന്നത്. 2017 മുതല്‍ ഇതുവരെ ഓപ്പറേഷന് പി-ഹണ്ടിന്റെ ഭാഗമായി 300-ഓളം പേരെ അറസ്റ്റ് ചെയ്തു. ആകെ 1296 കേസുകളും രജിസ്റ്റര്‍ ചെയ്തു. അതേസമയം, റെയ്ഡില്‍ പിടിയിലാവര്‍ വീണ്ടും സമാനകുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരില്‍ പലരും മാനസികവൈകല്യമുള്ളവരാണെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് ചികിത്സ നല്‍കേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.
Content Highlights: 14 arrested in operation p hunt raid in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..