മ്മുടെ സൈബര്‍ ഇടങ്ങള്‍ സുരക്ഷിതമാണോ? അല്ല എന്നു വേണം പറയാന്‍. നമ്മള്‍ ജീവിക്കുന്ന ലോകത്തേക്കാള്‍  സൂക്ഷിക്കേണ്ടത് സൈബര്‍ ലോകത്തേയാണ്. അവിടത്തെ തട്ടിപ്പുകളെയാണ്. പണ്ടൊക്കെ ആളുകള്‍ മോഷണത്തിന് കായികബലം, ആയുധങ്ങള്‍ എന്നിവയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ഒരു കമ്പ്യൂട്ടറും മൊബൈലുമുണ്ടെങ്കില്‍ ലോകത്തിന്റെ ഏതു കോണിലിരുന്നു വേണമെങ്കിലും മോഷണം നടത്താം. അറുപതുകളില്‍ അമേരിക്ക ചന്ദ്രനില്‍ പോകുവാന്‍ ഉപയോഗിച്ച വാഹനമായ അപ്പോളോയെ നിയന്ത്രിച്ച സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ പതിന്മടങ്ങ് ശേഷിയുള്ള മൊബൈല്‍ ഫോണുകളാണ്  നാം ഓരോരുത്തരുടേയും കൈയ്യിലിരിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമാകുമെങ്കിലും അതാണ് യാഥാര്‍ത്ഥ്യം.

ഫെയ്‌സ്ബുക്കിലെ വ്യാജമാര്‍

ഒരു സുപ്രഭാതത്തില്‍ നമുക്ക് ഒരു ഫ്രണ്ടിന്റെ അക്കൗണ്ടില്‍നിന്നു ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. നമ്മള്‍ അത് സ്വീകരിച്ച ഉടന്‍ മെസേജ് വരുന്നു. കുറച്ച് പൈസ അത്യാവശ്യമുണ്ട് ഉടന്‍ അയക്കണം. വിശ്വാസത്തിന് ഗൂഗിള്‍ പേ ചെയ്യുന്നതിന് ഒരു നമ്പറും തരുന്നു.

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറെ നാളുകളായി അരങ്ങേറുന്ന തട്ടിപ്പുകളില്‍ ഒന്നാണ് ഇത്. ഒരാളുടെ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഇവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത്. ഇതിനെ ഐഡന്റിറ്റി തെഫ്റ്റ് എന്ന് പറയും. പുരാണങ്ങളില്‍ പറയുന്ന പരകായ പ്രവേശത്തിന്റെ ന്യൂജെന്‍ വെര്‍ഷന്‍ എന്നൊക്കെ ഇതിനെ വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം.

നോയിഡ കേന്ദമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ ആണിതിന്റെ പിന്നില്‍. അവിടത്തെ പോലീസിന്റെ പരോക്ഷമായ സപ്പോര്‍ട്ട് ഇത്തരക്കാര്‍ക്ക് അവിടെ കിട്ടുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തില്‍ ഇത്തരക്കാര്‍ക്ക് വേരോടാന്‍ പറ്റാത്തതിന് കാരണം കേരള പോലീസിന്റെ ശക്തമായ സാന്നിധ്യം കൊണ്ട് മാത്രമാണ്..

ഇത് ഒരു ഓര്‍ഗനൈസ്ഡ് ക്രൈം വിഭാഗത്തില്‍പ്പെടുന്ന കുറ്റകൃത്യമാണ്. ഒരു വലിയ ടീം തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടങ്ങളാണ് ഈ കുറ്റകൃത്യത്തിലുള്ളത്.  

ഘട്ടം ഒന്ന്: ഈ ഘട്ടത്തില്‍ അവര്‍ നടത്തുന്നത് അന്വേഷണം അഥവാ സെലക്ട് ചെയ്യലാണ്. അന്വേഷണം നടത്തി ആവശ്യമുള്ള പ്രൊഫൈലുകള്‍ സെലക്ട് ചെയ്യുന്നു. ഇതില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കേണ്ട വ്യക്തിയുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ മറ്റ് വിവരങ്ങള്‍ എല്ലാം ശേഖരിക്കുന്നു.

ഘട്ടം രണ്ട്: ഈ ഘട്ടത്തില്‍ ഇവര്‍ ചെയ്യുന്നത് സെലക്ട് ചെയ്യപ്പെട്ടയാളുടെ വ്യാജ പ്രൊഫൈലുള്‍ ഉണ്ടാക്കുക എന്നതാണ്. അതിനു ശേഷമാണ് സുഹൃത്തുക്കളെ കണ്ടുപിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു തുടങ്ങുന്നത്

ഘട്ടം മൂന്ന്: മൂന്നാമത്തെ ഘട്ടത്തിലാണ് പൈസ ആവശ്യപ്പെട്ടു മെസ്സേജ് അയച്ചു തുടങ്ങുന്നത്. ഇത് ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍, വാട്ട്‌സ് ആപ്പ്, ഇ മെയില്‍ തുടങ്ങിയ വഴികളിലൂടെ ആകാം. 

ഇത്തരം തട്ടിപ്പുകള്‍ അവസാനിപ്പിക്കുക എളുപ്പമല്ലെങ്കിലും തട്ടിപ്പിന് വിധേയനാകാതിരിക്കുവാന്‍ നമുക്ക് സാധിക്കും. മുന്‍കരുതലെടുക്കുക എന്നതാണിതില്‍ പ്രധാനം .

സൂക്ഷിക്കേണ്ടത്

•പ്രധാനപ്പെട്ട വിവരങ്ങള്‍ ആയ ഔദ്യോഗിക പദവികള്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ പ്രദര്‍ശിപ്പിക്കാതിരിക്കുക.

•വ്യക്തിപരമായ ഫോട്ടോകള്‍ കൂട്ടുകാര്‍ക്ക് കാണാന്‍ പറ്റുന്ന വിധത്തില്‍ മാത്രം സെറ്റിംഗ്‌സില്‍ മാറ്റം വരുത്തുക.

•കൂട്ടുകാരുടെ അടുത്തുനിന്നു രണ്ടാമത്തെ ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ അവരുമായി ആശയവിനിമയം നടത്തിയതിനു ശേഷം മാത്രം ആഡ് ചെയ്യുക.

•ആരുടെ പേരില്‍ ആയാല്‍ കൂടിയും പണം ആവശ്യപ്പെട്ടുള്ള മെസേജ് വന്നാല്‍ നേരില്‍ ഉറപ്പു വരുത്താതെ യാതൊരു കാരണവശാലും പണം നല്‍കരുത്.

പരാതി കൊടുക്കേണ്ട വിധം:

•ഇത്തരം പരാതികള്‍ സൈബര്‍ സെല്ലിനു പകരം കെടുക്കേണ്ടത് അടുത്തുള്ള പോലീസ് സ്റ്റേഷനിലാണ്. എസ്.എച്ച്.ഒ. (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ) യെയാണ് അഭിസംബോധന ചെയ്യേണ്ടത് .

•വ്യാജ പ്രൊഫൈലിന്റെ യു.ആര്‍.എല്‍.(യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍) കൂടി പരാതിയുടെ കൂടെ വയ്‌ക്കേണ്ടതാണ്. ഇത് ബ്രൗസറില്‍നിന്നു കോപ്പി ചെയ്യാവുന്നതാണ്.

Content Highlights: series about cyber frauds first part facebook fake account fraud