തിരുവനന്തപുരം: ഉത്ര വധക്കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതി സൂരജിന് വിധിച്ചത് 17 വര്‍ഷം തടവ് ശിക്ഷയും അത് കഴിഞ്ഞ് ഇരട്ടജീവപര്യന്തവുമാണ്.  സമീപകാലത്ത് ഇതിലും ക്രൂരമായി ഒരു കൊലപാതകം ഉണ്ടായിട്ടില്ല. ഒരിക്കല്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. ചികിത്സ കഴിഞ്ഞ് കൊടിയ വേദന സഹിച്ച് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതിരിക്കുമ്പോള്‍ ബോധം കെടുത്തിയശേഷം മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് വീട്ടും കടിപ്പിച്ച് കൊന്നു. 

സമാനതകളില്ലാത്ത കുറ്റം ചെയ്തിട്ടും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായിട്ടും എന്തുകൊണ്ടാണ് സൂരജിന് വധശിക്ഷ വിധിക്കാതിരുന്നത്?. കോടതി ഇത്തരമൊരു വിധിയിലേക്ക് എത്തിയതിനുള്ള കാരണം വിവരിക്കുകയാണ് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും ക്രിമിനല്‍ കേസ് വിദഗ്ധനുമായ അഡ്വ. വി.എസ് വിനിത് കുമാര്‍. ആറ്റിങ്ങല്‍ ഇരട്ട കൊലപാതകക്കേസില്‍ പ്രതി നിനോ മാത്യുവിനും കോളിയൂര്‍ കേസിലെ പ്രതിക്കും വധശിക്ഷ വിധിച്ചപ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു വിനീത് കുമാര്‍

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കണ്ടെത്തിയിട്ടും വധശിക്ഷ വിധിച്ചില്ലെന്നത് കോടതിയുടെ വിവേചനാധികരത്തില്‍ വരുന്ന കാര്യമാണ്. പൊതുജന വികാരമോ വിലയിരുത്തലുകളോ ഒരിക്കലും ശിക്ഷ വിധിക്കുമ്പോള്‍ കോടതി പരിഗണിക്കാറില്ല. തെളിവുകളും സാഹചര്യവും നിയമവും മാത്രമാണ് ഒരു ന്യായാധിപന്‍ പരിഗണിക്കുക. അത് തന്നെയാണ് ഈ കേസിലും സംഭവിച്ചിരിക്കുന്നതെന്ന് വിനീത് കുമാര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

വധശിക്ഷ കൊടുക്കുന്നതിന് പരിഗണിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസായി തന്നെയാണ് കോടതി കണ്ടത്. വിചാരണക്കോടതിയെ സംബന്ധിച്ച് അവര്‍ക്ക് മുന്നില്‍ എത്തുന്ന തെളിവുകള്‍. പ്രോസിക്യൂഷന്റെയും ഒപ്പം പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ കേള്‍ക്കും. സൂരജിന്റെ കാര്യത്തില്‍ പ്രതിയുടെ പ്രായം, മുന്‍പ് കുറ്റകൃത്യങ്ങള്‍ ചെയ്ത പശ്ചാത്തലമില്ല എന്നതൊക്കെയാണ് കോടതി പരിഗണിച്ചത്. ഇത് പൂര്‍ണമായും കോടതിയുടെയും ന്യായാധിപന്റേയും വിവേചന അധികാരത്തില്‍ വരുന്ന കാര്യങ്ങളാണ്. 

പ്രോസിക്യൂഷന്റെ വാദങ്ങള്‍ വളരെ ശക്തമായിരുന്നു. കേരളത്തില്‍ തന്നെ ഏറ്റവും കഴിവുള്ള പ്രോസിക്യൂട്ടര്‍മാരില്‍ ഒരാളാണ് മോഹന്‍രാജ് എന്നും വിനീത് കുമാര്‍ പറയുന്നു. പൂര്‍ണമായും വിധിയുടെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വിശദമായി പറയാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ പരമാവധി ശിക്ഷ വിധിച്ചിട്ടില്ലെങ്കിലും കോടതി വിധിച്ച ശിക്ഷ ചെറുതാണെന്ന് പറയാന്‍ കഴിയില്ല. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം എന്ന് പറയുമ്പോള്‍ അത് വലിയ ശിക്ഷമാണ്. പ്രതിക്ക് ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരുമെന്നതാണ് വിധിയുടെ പ്രത്യേകത.

വധശിക്ഷ വിധിക്കാത്തതില്‍ കുടുംബത്തിന് നിരാശയുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള കേസുകളില്‍ മേല്‍ക്കോടതികളെ സമീപിക്കുമ്പോള്‍ കീഴ്‌ക്കോടതി നല്‍കിയ ശിക്ഷയെക്കാള്‍ വലിയ ശിക്ഷ വിധിച്ച ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: why sooraj was not sentenced for death penalty