കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ടജീവപര്യന്തമാണ് കോടതി വിധിച്ച ശിക്ഷ. പരമാവധി ശിക്ഷയായ തൂക്കുകയര്‍ പ്രതിക്ക് വിധിക്കാത്തതിലുള്ള നിരാശ കുടുംബം മറച്ചുവെക്കുന്നില്ല. വിധിയില്‍ തുടര്‍ നിയമനടപടി സ്വീകരിക്കനാണ് കുടുംബത്തിന്റെ തീരുമാനം. ഉത്രയെ വിവാഹം കഴിപ്പിച്ച് വിട്ട പറക്കോടുള്ള സൂരജിന്റെ വീട്ടില്‍ നേരിടേണ്ടി വന്നത് കൊടിയ മാനസിക പീഡനമാണ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ചെറിയ ജോലി ചെയ്തിരുന്ന സൂരജിന് വലിയ സ്ത്രീധനമാണ് ഉത്രയുടെ കുടുംബം നല്‍കിയത്.

മൂന്നര ഏക്കര്‍ വസ്തുവും നൂറുപവന്‍ സ്വര്‍ണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നല്‍കി. എന്നിട്ടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ 8000 രൂപവീതം മാസം ചെലവിന് നല്‍കി. ഉത്രയെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് വിവാഹനിശ്ചയം നടത്തിയ ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെടുകയായിരുന്നു. മകളുടെ ജീവിതത്തെ കരുതി ആവശ്യപ്പെട്ടപ്പോഴെല്ലാം കുടുംബം പണം നല്‍കുന്നത് തുടരുകയും ചെയ്തു.

ഉത്ര വധക്കേസില്‍ പ്രതി സൂരജിനും കുടുംബാംഗങ്ങള്‍ക്കും എതിരായ ഗാര്‍ഹിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിന്റെ വിചാരണ പ്രത്യേകം നടക്കും. പുനലൂര്‍ കോടതിയിലാണ് ഈ കേസ്. സൂരജ്, പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കിയാണ് ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടത് മുതല്‍ മാനസികമായി ഉത്രയെ പീഡിപ്പിച്ചിരുന്നു. ഈ വിഷയം വീട്ടില്‍ അറിയിച്ചപ്പോള്‍ ഉത്രയെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന്് ഉറപ്പ് നല്‍കിയപ്പോള്‍ തിരികെ അടൂരിലുള്ള സൂരജിന്റെ വീട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതുമുതല്‍ ഉത്രയെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ സൂരജ് ആവിഷ്‌കരിച്ച് തുടങ്ങിയിരുന്നു.

Content Highlights: what sooraj got as dowry from uthra`s family​