തിരുവനന്തപുരം: അഞ്ചല്‍ ഉത്ര വധക്കേസില്‍ വെളിപ്പെടുത്തലുമായി വാവ സുരേഷ്. ഉത്രയ്ക്ക് ആദ്യമായി പാമ്പ്കടിയേറ്റ വിവരം അറിഞ്ഞപ്പോള്‍ തന്നെ സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ചിരുന്നുവെന്ന് വാവ സുരേഷ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. രണ്ടാം നിലയിലെ മുറിയില്‍ വെച്ച് യുവതിക്ക് പാമ്പ്കടിയേറ്റുവെന്ന് അറിഞ്ഞപ്പോള്‍ സംശയം തോന്നി. ഇത്രയും കാലമായി ഒരിക്കല്‍ പോലും അങ്ങനെ ഒരു പാമ്പിനെ രണ്ടാം നിലയില്‍ നിന്ന് പിടിക്കാന്‍ തനിക്കോ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ കഴിഞ്ഞിട്ടില്ലെന്നതിനാലാണ് സംശയം തോന്നിയതെന്ന് വാവ സുരേഷ് പറയുന്നു. 

പറക്കോട് തന്നെയുള്ള സൂരജിന്റെ ബന്ധുവിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് ഒരു പാമ്പിനെ പിടിക്കാന്‍ പോയപ്പോഴാണ് ഉത്ര കേസിനെക്കുറിച്ച് ആദ്യമായി അറിഞ്ഞതെന്നും അപ്പോള്‍ അവിടെ വെച്ച് തന്നെ ഇത് യുവതിയുടെ ഭര്‍ത്താവ് അല്ലെങ്കില്‍ വീട്ടിലുള്ള മറ്റാരോ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്ന് പറഞ്ഞിരുന്നു. അണലി ഒരിക്കലും രണ്ടാം നിയില്‍ തനിയെ എത്തില്ലെന്ന് ഉറപ്പായിരുന്നു. പിന്നീട് താന്‍ ചെയ്തത് പ്രദേശത്ത് മുന്‍പ് ആര്‍ക്കെങ്കിലും അണലിയുടെ കടിയേറ്റിയിട്ടുണ്ടോ,സാന്നിധ്യമുണ്ടോ എന്നീ കാര്യങ്ങളാണ്.

അണലിയുടെ സാന്നിധ്യം മുന്‍പ് പ്രദേശത്ത് ഉണ്ടായിട്ടില്ലെന്ന് പ്രായമായവര്‍ പറഞ്ഞപ്പോള്‍ തന്നെ ഒരു പാമ്പുപിടുത്തക്കാരന്റെ സഹായത്തോടെയാണ് കൊലപാതകമെന്ന് തോന്നിയിരുന്നു. ഉറക്കത്തിലാണ് പാമ്പുകടിയേറ്റതെന്നും പെണ്‍കുട്ടി അറിഞ്ഞില്ലെന്നും പറഞ്ഞപ്പോള്‍ സംശയം ബലപ്പെട്ടു. ഉറക്കത്തില്‍ ഒരു കൊതുക് കടിച്ചാല്‍ പോലും ഞെട്ടി ഉണരാറുള്ള മനുഷ്യര്‍ മൂര്‍ഖനോ അണലിയോ കടിച്ചാല്‍ തീര്‍ച്ചയായും ഉണരേണ്ടതാണ്. ബോധക്ഷയത്തിലായിരുന്നിരിക്കാമെന്നും തോന്നിയിരുന്നു.

ഉത്രയുടെ മരണത്തിന് പിന്നാലെ കുറച്ച് ദിവസം കഴിഞ്ഞ് വീട് സന്ദര്‍ശിച്ചിരുന്നു. പാമ്പ് ജനലിലൂടെ ഇഴഞ്ഞ് പോയതിന്റെ അടയാളം ഇല്ലായിരുന്നു. പാമ്പിന് എത്താന്‍ കഴിയുന്നതിലും കൂടുതലായിരുന്നു ഉയരം. ശുചിമുറിയുടെ വെന്റിലേഷന്‍ വഴി പാമ്പ് അകത്തേക്ക് കയറിയോ എന്നുള്‍പ്പെടെ പരിശോധിച്ചിരുന്നു. സാധാരണഗതിയില്‍ ഒരു പാമ്പ് എത്താനുള്ള ഒരു സാധ്യതയുമില്ലെന്നും അവിടെ നിന്ന് മനസ്സിലാക്കുകയും ഇത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തുവെന്നും വാവ സുരേഷ് പറയുന്നു.

കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ പോയിരുന്നുവെന്നും താന്‍ അവതരിപ്പിച്ച സ്‌നേക്ക് മാസ്റ്റര്‍ എന്ന ടി.വി ഷോയുടെ ഏഴ് എപ്പിസോഡുകള്‍ കോടതി ആവശ്യപ്പെട്ടതനുസരിച്ച് സമര്‍പ്പിച്ചുവെന്നും വാവ സുരേഷ് പറഞ്ഞു. നിരവധിതവണ പാമ്പ്കടിയേറ്റ ഒരാള്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ തന്നോട് ചോദിച്ച് മനസ്സിലാക്കിയതെന്നും മൊഴി രേഖപ്പെടുത്തുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നുവെന്നും വാവ സുരേഷ് പറഞ്ഞു.

Content Highlights: Vava suresh on Uthra murder case