കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിനെതിരേ ഉത്രയുടെ സഹോദരന്‍ വിഷു. സൂരജ് ചതിയനാണെന്നാണ് വിഷു പ്രതികരിച്ചത്. സഹോദരിയെ വിവാഹം കഴിച്ച സൂരജിന്റെ നോട്ടം പണത്തിലും സ്വര്‍ണത്തിലും മാത്രമായിരുന്നു. തന്റെ സഹോദരിയെ സൂരജ് ചതിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും വിഷു ആരോപിച്ചു.

അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ട ശേഷമാണ് രണ്ടാമത് അഞ്ചലിലുള്ള ഉത്രയുടെ വീട്ടില്‍ വെച്ച് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഉത്രയുടെ വീട്ടുകാരുടെ പരാതിയിലാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

ഭാര്യ മരിച്ചതിന്റെ യാതൊരു വിഷമവും സൂരജിന്റെ പെരുമാറ്റത്തില്‍ ഇല്ലായിരുന്നു. ഇതോടെയാണ് കുടുംബത്തിന് സംശയം തോന്നി പോലീസിന് പരാതി നല്‍കിയത്. ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തതീരുമാനിച്ചിരുന്നു. ഇക്കാര്യം സൂരജിന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. മകനെ പിന്തിരിപ്പിക്കാന്‍ പക്ഷേ മാതാപിതാക്കള്‍ ശ്രമിച്ചില്ല.

കൊലപാതകം നടന്നത് അഞ്ചലിലെ വീട്ടിലായതുകൊണ്ട് മാത്രമാണ് സൂരജിന്റെ മാതാപിതാക്കള്‍ കേസില്‍ നിന്ന് രക്ഷപ്പെട്ടത്. ഇല്ലായിരുന്നുവെങ്കില്‍ അവരുടെ കൂടി സഹായം കൊലപാതക ദിവസം ഉണ്ടാകുമായിരുന്നുവെന്നും ഉത്രയുടെ സഹോദരന്‍ പറയുന്നു.

അതേസമയം കൊല്ലം സെഷന്‍സ് കോടതി ഇന്ന് കേസില്‍ വിധി പറയാനിരിക്കെ അതേക്കുറിച്ച് പ്രതികരിക്കാന്‍ സൂരജിന്റെ കുടുംബം തയ്യാറായില്ല.

Content Highlights: Uthra`s brother Vishu on Sooraj and family