കൊല്ലം: കേട്ടുകേള്‍വി പോലുമില്ലാത്ത അതിക്രൂരമായ മാര്‍ഗത്തിലൂടെ ഭാര്യയെ വകവരുത്താന്‍ തീരുമാനിച്ച സൂരജ് താന്‍ പിടിക്കപ്പെടുമെന്ന് ഒരിക്കല്‍പോലും കരുതിയിരിക്കില്ല. തുടക്കത്തില്‍ സൂരജ് കണക്കുകൂട്ടിയ പ്രകാരം തന്നെ കാര്യങ്ങളെല്ലാം നടന്നു. എന്നാല്‍ ഭാര്യവീട്ടുകാരുടെ സംശയവും പോലീസിന്റെ പഴുതടച്ച അന്വേഷണവും സൂരജിന്റെ പദ്ധതികളെല്ലാം തകിടംമറിച്ചു. 

ഉത്രയ്ക്ക് പാമ്പുകടിയേറ്റ രണ്ട് അവസരങ്ങളിലും മുറിയില്‍ പാമ്പ് സ്വാഭാവികമായി എത്താനോ ആക്രമണസ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ലെന്നായിരുന്നു വിദഗ്ധരുടെ മൊഴി. ജനാല ഒരിക്കലും തുറന്നിടാറില്ല. മുറിയില്‍ ഡെറ്റോള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പാമ്പ് എത്താന്‍ സാധ്യതയില്ല. കൈയിലെ കടിയേറ്റ പാട് സ്വാഭാവികമായ പാമ്പുകടിയില്‍ നിന്ന് വ്യത്യസ്തം.

അടൂരിലെ സൂരജിന്റെ വീടിന്റെ പരിസരം അണലിയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ല. ഉയരങ്ങളില്‍ കയറാനിടയില്ലാത്ത അണലി ഉത്ര കിടന്ന മുകള്‍നിലയില്‍ എത്തി കടിച്ചുവെന്നത് അവിശ്വസനീയം. മുട്ടിനുതാഴെ കടിയേറ്റതും ഉത്ര വേദന അറിഞ്ഞില്ല എന്നതും സംശയാസ്പദം. അണലിയുടെ കടി അതിവേദനാജനകമാണ്. തലയില്‍ മര്‍ദം കൊടുക്കുമ്പോള്‍ മൂര്‍ഖന്റെ പല്ലുകള്‍ അകലുന്നതിന്റെ ദൃശ്യം കോടതിയില്‍ കാണിച്ചു.

ഇരുപതില്പരം സാഹചര്യത്തെളിവുകള്‍

സൂരജാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്ന ഇരുപതില്പരം സാഹചര്യത്തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയത്. ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നത്. രണ്ടുതവണയും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ പ്രതി തയ്യാറായില്ല.

ഉത്രയ്ക്ക് സഹിക്കാനാവാത്ത പീഡനങ്ങളാണ് ഭര്‍തൃഗൃഹത്തിലെന്ന് വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. 2020 ജനുവരിയില്‍ തിരികെവിളിച്ചുകൊണ്ടുവരാനിരുന്ന ബന്ധുക്കളോട് ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കി. അന്നുമുതലാണ് സൂരജ് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയത്.

uthra murder
ഉത്രയെ കൊലപ്പെടുത്താൻ സൂരജ് കൊണ്ടുവന്ന മൂർഖൻ

ആശുപത്രിയിലിരുന്നും മൂര്‍ഖനെ തേടി

അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയില്‍ കിടക്കുമ്പോള്‍ത്തന്നെ സൂരജ് മൂര്‍ഖന്‍പാമ്പിനെ തിരഞ്ഞുതുടങ്ങിയത് മനുഷ്യത്വത്തിന്റെ ഒരളവുകോലുകൊണ്ടും അളക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും ചാവര്‍കാവ് സുരേഷിനെ വിളിച്ചതും മൂര്‍ഖനെ ആവശ്യപ്പെട്ടതും തിരുവല്ലയിലെ ആശുപത്രിയില്‍ ഇരുന്നുകൊണ്ടുതന്നെയാണ്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഇതിനു തെളിവാണ്.

മയങ്ങാനുള്ള ഗുളിക ചേര്‍ത്ത് ഉത്രയെക്കൊണ്ട് കുടിപ്പിച്ചു

അടൂരിലെ വീട്ടില്‍ സൂക്ഷിച്ച മൂര്‍ഖനുമായി മേയ് ആറിന് വൈകീട്ട് 6.30-ഓടെയാണ് സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിയത്. കാറിലെ കറുത്ത തോള്‍സഞ്ചിയില്‍ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്. ഉത്രയുടെ സഹോദരന്‍ വിഷു മുകള്‍ നിലയിലെ മുറിയിലേക്കു പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബാഗ് കാറില്‍നിന്നെടുത്ത് കിടപ്പുമുറിയില്‍ കൊണ്ടുവന്നത്.

രണ്ടാമത്തെ വധശ്രമത്തിനായി ഏപ്രില്‍ 24-നാണ് സൂരജ് ചാവര്‍കാവ് സുരേഷില്‍നിന്ന് മൂര്‍ഖനെ വാങ്ങിയത്. അണലി കടിച്ചതിന് ചികിത്സയിലായിരുന്ന ഉത്രയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉത്രയ്ക്ക് വസ്ത്രങ്ങള്‍ നന്നായി ധരിക്കാന്‍ കഴിയാത്തതിനാല്‍ ജനാല ഒരിക്കലും തുറന്നിടുമായിരുന്നില്ല. രാത്രി ഉത്രയുടെ അമ്മ തയ്യാറാക്കി നല്‍കിയ ജ്യൂസ് സൂരജ് കുടിച്ചില്ല. മയങ്ങാനുള്ള ഗുളിക ചേര്‍ത്ത് ഉത്രയെക്കൊണ്ട് കുടിപ്പിച്ചു. അര്‍ധരാത്രിയോടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തു.

പാമ്പിന്റെ തലയില്‍ ബലം പ്രയോഗിച്ച് വായ തുറപ്പിച്ച് ഉത്രയുടെ ഇടതുകൈത്തണ്ടയില്‍ കടിപ്പിച്ചു. രണ്ടുതവണ കടിപ്പിച്ച ശേഷം പാമ്പിനെ വലിച്ചെറിഞ്ഞു. പ്ലാസ്റ്റിക് കുപ്പി വീടിന്റെ പുറകുവശത്ത് ഇട്ടശേഷം മടങ്ങിവന്നു. വസ്ത്രങ്ങള്‍ വെച്ച അലമാരയുടെ ഭാഗത്തേക്കുപോയ പാമ്പ് തിരികെവരുന്നുണ്ടോയെന്നറിയാന്‍ കാത്തിരുന്നു. അടച്ചിട്ടിരുന്ന ജനാല തുറന്നിടുകയും ജ്യൂസ് കൊണ്ടുവന്ന ഗ്ലാസ് കഴുകിവെക്കുകയും ചെയ്തു.

രാവിലെ ആറുമണിയോടെ പുറത്തിറങ്ങി അടുക്കളയിലേക്കു ചെന്നു. പതിവില്ലാതെ സൂരജ് നേരത്തെ ഉണര്‍ന്നതിനെപ്പറ്റി തിരക്കിയപ്പോള്‍ രാത്രി ഉറങ്ങിയില്ലെന്നു പറഞ്ഞു. ഏഴുമണിയോടെ ഉത്രയുടെ അമ്മ മണിമേഖല മുറിയില്‍ വന്നുനോക്കുമ്പോഴാണ് ഉത്രയുടെ വായ തുറന്നിരിക്കുന്നതും കൈ കട്ടിലില്‍നിന്ന് താഴേക്കു വീണുകിടക്കുന്നതും കണ്ടത്.

അമ്മയുടെ നിലവിളികേട്ട് ചെന്നപ്പോള്‍ ഉത്ര അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളും സൂരജും കൂടി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടറുടെ മുറിയിലേക്കു ചെന്ന സൂരജ് 'കൈയില്‍ പാടുണ്ട്, നോക്കണേ' എന്നുപറഞ്ഞു. ഇറങ്ങിവന്നിട്ട് പാമ്പുകടിച്ചതാണെന്ന് ഡോക്ടര്‍ പറഞ്ഞെന്ന് ഉത്രയുടെ മാതാപിതാക്കളോടു പറഞ്ഞു. ഉത്രയുടെ സഹോദരന്‍ വിഷുവിനെയും കൂട്ടി വീട്ടിലേക്കു പോയി. കിടപ്പുമുറിയില്‍ കയറി വിഷുവിനോട് അലമാരയുടെ താഴെ പാമ്പുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. വിഷുവാണ് പാമ്പിനെ തല്ലിക്കൊന്നത്.

ഇന്റര്‍നെറ്റിലെ പാമ്പുപിടിത്തം

അണലിയെപ്പറ്റിയും പാമ്പുപിടിത്തക്കാരന്‍ ചാവര്‍കാവ് സുരേഷിനെപ്പറ്റിയും ഇന്റര്‍നെറ്റില്‍ തിരഞ്ഞു. 2020 ഫെബ്രുവരി 12 മുതല്‍ സുരേഷുമായി ബന്ധം സ്ഥാപിച്ചു. ഇരുവരും 18-ന് ചാത്തന്നൂര്‍വെച്ച് നേരില്‍ക്കണ്ടു.

ഫെബ്രുവരി 24-ന് കല്ലുവാതുക്കല്‍ ഊഴായിക്കോടുനിന്ന് സുരേഷ് അണലിയെ സൂരജിനു കൈമാറി. തൊട്ടടുത്ത ദിവസം മുകളിലെ കിടപ്പുമുറിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ എടുക്കാന്‍പോയ ഉത്ര കോണിപ്പടിയില്‍ പാമ്പിനെ കണ്ടു. ഈ വിവരം ഉത്ര മാതാപിതാക്കളോട് പറഞ്ഞത് മരണമൊഴി എന്ന തെളിവുനിയമത്തിലെ 32-ാം വകുപ്പ് പ്രകാരം പ്രസക്തമാണ് എന്നു വാദിച്ചു.

എങ്ങനെ പാമ്പുകടിയേറ്റു, ഉത്തരമില്ല

ഉത്രയ്ക്ക് എങ്ങനെയാണ് 2020 മാര്‍ച്ച് മൂന്നിന് പാമ്പുകടിയേറ്റതെന്നോ എത്ര മണിക്കാണ് കടിച്ചതെന്നോ സൂരജ് കോടതിയില്‍ പറഞ്ഞില്ല. മുഖ്യമന്ത്രിക്ക് സൂരജ് നല്‍കിയ പരാതിയില്‍ 2020 മാര്‍ച്ച് മൂന്നിന് രാത്രി ഒന്നിന് ഭാര്യയ്ക്ക് കാലുവേദനയുണ്ടായെന്ന് പറയുന്നു. അന്നു പുലര്‍ച്ചെ 2.54-നു മാത്രമാണ് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സുഹൃത്ത് സുജിത്തിനോട് ആവശ്യപ്പെടുന്നത്.

വേദനകൊണ്ടുപുളയുന്ന ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസിപ്പിച്ചത് മരണം ഉറപ്പാക്കാനായിരുന്നു. വീട്ടില്‍ രണ്ടു വാഹനം ഉണ്ടായിട്ടും സൂരജ് സ്വയം ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. കോടതിയില്‍ നല്‍കിയ വിശദീകരണം താനന്ന് മദ്യപിച്ചിരുന്നെന്നാണ്. ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍പോലും വാഹനമോടിക്കില്ല എന്ന വാദം സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്.

uthra
സൂരജിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിവരമറിഞ്ഞപ്പോൾ കോടതിക്കു പുറത്തേക്കുവരുന്ന ഉത്രയുടെ അച്ഛൻ വിജയസേനനും സഹോദരൻ വിഷുവും

കറുത്ത തോള്‍സഞ്ചി

പാമ്പിനെ കൊണ്ടുവന്ന കറുത്ത തോള്‍സഞ്ചി തന്റേതല്ലെന്ന് വിചാരണവേളയില്‍ പ്രതി പറഞ്ഞിരുന്നു. 2020 മേയ് ആറിനാണ് ഉത്രയുടെ വീട്ടിലേക്ക് സൂരജ് കറുത്ത ബാഗ് കൊണ്ടുവന്നത്. ഇതിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്.

അന്ന് 11.30-ന് ഇതേ ബാഗ് ധരിച്ച് ഏഴംകുളം സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍നിന്ന് സൂരജ് പണം പിന്‍വലിക്കുന്ന വീഡിയോദൃശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 2020 ഏപ്രില്‍ 24-ന് ചാവര്‍കാവ് സുരേഷ് കൈമാറിയ പാമ്പിനെ ഇതേ ബാഗിലാണ് കൊണ്ടുപോയത്.

പുറത്തെറിഞ്ഞ കുപ്പി പിന്നീട് കണ്ടെടുത്തു. ഇതില്‍ പാമ്പിന്റെ അടയാളങ്ങള്‍ കണ്ടുകിട്ടി. 2020 മേയ് ഏഴിന് പതിവില്ലാതെ അതിരാവിലെ സൂരജ് ഉണര്‍ന്ന്, മരിച്ചുകിടന്ന ഉത്രയെ നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങിയെന്നത് സംശയംജനിപ്പിക്കുന്ന പ്രവൃത്തിയാണ്. ഉത്രയ്ക്ക് രണ്ടുതവണ പാമ്പുകടിയേറ്റപ്പോഴും മയക്കുമരുന്നുകള്‍ നല്‍കിയിരുന്നെന്ന് ശാസ്ത്രീയ തെളിവുകള്‍കൊണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് സമര്‍ഥിച്ചു.

content highlights: uthra murder case verdict, uthra murder, soorajs cruelty