കൊല്ലം:അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജിന് ഒരിക്കല്‍പോലും താന്‍ നടത്തിയ ക്രൂരകൃത്യത്തില്‍ പശ്ചാത്താപം വന്നിട്ടുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അന്നത്തെ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍. സൂരജ് ക്രിമിനല്‍ മനസ്സിനുടമയാണെന്നാണ് ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ കേസില്‍ ഇന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം.

അന്വേഷണത്തിന്റെ ഭാഗമായി പരാവധി എല്ലാ തരത്തിലുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. വനംവകുപ്പ് അടക്കമുള്ളവയുടെ പിന്തുണ ലഭിച്ചു. പ്രോസിക്യൂഷന് എല്ലാ കാര്യങ്ങളും കൃത്യമായി അവതരിപ്പിക്കാനും കഴിഞ്ഞു. ഒരു പോസിറ്റീവ് വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിശങ്കര്‍ പറഞ്ഞു.

'ഒരിക്കല്‍ പോലും സൂരജിന് പശ്ചാത്താപമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന്റെ ഒരു അവസരത്തില്‍ പോലും തങ്ങള്‍ കൊണ്ടുവന്ന തെളിവിനേക്കാള്‍ സൂരജ് ഇങ്ങോട്ട് കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. ഇത്രയും നാളും കസ്റ്റഡിയിലായിരുന്നിട്ടും അയാള്‍ക്കൊരു മനംമാറ്റം ഉണ്ടായില്ലെന്നാണ് ബോധ്യപ്പെട്ടത്. ശാസ്ത്രീയമായ തെളിവ് കൊണ്ടുവരുമ്പോള്‍ ആ ഭാഗം മാത്രം സമ്മതിക്കും. അതിന് ശേഷം അന്വേഷണത്തിന്റെ ഏറ്റവും അവസാനത്തിലാണ് കുറ്റം പൂര്‍ണ്ണമായും സമ്മതിക്കേണ്ടി വന്നത്.

വളരെ കൃത്യമായി കുറ്റം ഒളിപ്പിക്കാനും കള്ള മൊഴികള്‍ നല്‍കാനും പ്ലാന്‍ ചെയ്യാനും കഴിയുന്ന ക്രിമിനല്‍ മനസ്സിന്റെ ഉടമയാണ് സൂരജ് എന്നതില്‍ യാതൊരു സംശയവുമില്ല' എസ്പി പറഞ്ഞു.

മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

ചോദ്യം ചെയ്യലിനിടെ സൂരജ് പലതവണ അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമങ്ങളും നടത്തിയെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് മുന്‍ ഡിവൈഎസ്പി എ.അശോകന്‍ പ്രതികരിച്ചു.

മൂര്‍ഖനെ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഉത്തരയെ കൊന്നയെ ശേഷം പാമ്പിനെ കൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയത് കേസില്‍ നിര്‍ണായകമായ തെളിവായെന്ന് അശോകന്‍ പറഞ്ഞു.

പാമ്പുകടിച്ചത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേയാണ് കേസുവിസ്താരം പൂര്‍ത്തിയാക്കിയത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. 
സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാംസാക്ഷിയുമാക്കി.