കൊല്ലം: രാജ്യത്തെ തന്നെ അത്യപൂര്‍വ കേസുകളിലൊന്നായിരുന്നു പാമ്പിനെ ആയുധമാക്കി നടത്തിയ ഉത്ര കൊലപാതകം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതി സൂരജിന് വധശിക്ഷ ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസാണ് ഇതെന്ന് കോടതി അംഗീകരിച്ചെങ്കിലും പ്രതി മുന്‍കാലത്ത് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതും പ്രതിയുടെ പ്രായവുമാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാകാനുള്ള പ്രധാന കാരണങ്ങൾ.

പ്രതിക്ക് കുറ്റകൃത്യ പശ്ചാത്തലമില്ല. 27 വയസ്സാണ് പ്രായം. കുറ്റകൃത്യത്തില്‍ പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയതായി പ്രോസിക്യൂഷന്‍ പറഞ്ഞു.

17 വര്‍ഷത്തെ തടവിനുശേഷം ഇരട്ട ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കോടതി സൂരജിന് ശിക്ഷ വിധിച്ചത്. 302-ാം വകുപ്പ് പ്രകാരം ആസൂത്രിത കൊലപാതകത്തിന് ജീവപര്യന്തവും 307-ാം വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിന് മറ്റൊരു ജീവപര്യന്തം. 328ാം വകുപ്പ് പ്രകാരം വിഷംനല്‍കി പരിക്കേല്‍പ്പിക്കലിന് പരാമാധി ശിക്ഷയായ പത്ത് വര്‍ഷം തടവ്, 201 -ാം വകുപ്പ് പ്രകാരം തെളിവുനശിപ്പിക്കലിന് ഏഴ് വര്‍ഷം തടവ് എന്നിങ്ങനെയാണ് കോടതി വിധിച്ചത്.

17 വര്‍ഷത്തെ തടവ് പൂര്‍ത്തിയായ ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂവെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് പ്രത്യേകം പറഞ്ഞിട്ടുണ്ട്. വിധിപ്രസ്താവം പൂര്‍ണമായും ലഭിച്ചശേഷം സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍ പോകണോ വേണ്ടയോ എന്നത് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read more: ഉത്രവധം; ഭർത്താവ് സൂരജിന്‌ 17 വർഷം തടവിനുശേഷം ഇരട്ട ജീവപര്യന്തം 

Content Highlights:Uthra Murder Case Verdict ,Imprisonment for life