കൊല്ലം : മൂര്‍ഖന്‍പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്നു കോടതി. അഞ്ചല്‍ ഏറം 'വിഷു'വില്‍ (വെള്ളശ്ശേരില്‍) വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്ര(25)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജ് (27) കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് വിധിപറഞ്ഞത്. ശിക്ഷ ബുധനാഴ്ച പ്രസ്താവിക്കും.

ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. എന്തെങ്കിലും പറയാനുണ്ടോയെന്ന് സൂരജിനെ അടുത്തുവിളിച്ച് കോടതി ചോദിച്ചു. 'എനിക്ക് അച്ഛനുമമ്മയും സഹോദരിയുമുണ്ട്. അവരെ സംരക്ഷിക്കണം'-എന്ന് നിര്‍വികാരനായി സൂരജ് മറുപടി പറഞ്ഞു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിതെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് വാദിച്ചു. ഭാര്യ വേദനയാല്‍ പിടയുമ്പോഴും പ്രതി കൊലപാതകത്തിന് വീണ്ടും ആസൂത്രണം ചെയ്തു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഈ കേസ്. സമൂഹത്തിനു കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി കേള്‍ക്കാന്‍ ഉത്രയുടെ അച്ഛനും സഹോദരനും അടക്കം വലിയ ആള്‍ക്കൂട്ടം കോടതിയില്‍ എത്തിയിരുന്നു.

സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്. കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെത്തന്നെ ആദ്യസംഭവം. 2020 മേയ് ആറിനു രാത്രിയാണ് ഉത്രയ്ക്ക് സ്വന്തംവീട്ടില്‍ വെച്ച് പാമ്പുകടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മാര്‍ച്ച് മൂന്നിന് സൂരജിന്റെ വീട്ടില്‍വെച്ചും പാമ്പുകടിയേറ്റിരുന്നു.

ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ലോക്കല്‍ പോലീസ് കാര്യമായി അന്വേഷിച്ചില്ല. മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറിനെ കണ്ടതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴും ബലംപ്രയോഗിച്ച് കടിപ്പിക്കുമ്പോഴുമുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഡമ്മി പരീക്ഷണം നടത്തി. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധനാ ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലം എന്നിവയും കേസില്‍ നിര്‍ണായകമായി.കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14-ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണ നടപടികളും വേഗത്തിലായിരുന്നു. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കേസില്‍ ആദ്യം പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമാക്കിയ പാമ്പുപിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിന്റെ കൈയില്‍നിന്നാണു സൂരജ് പാമ്പിനെ വാങ്ങിയത്.