ത്ര വധക്കേസില്‍ സൂരജാണ് കുറ്റവാളിയെന്നു തെളിയിക്കുന്ന 12 സാഹചര്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ നിരത്തിയത്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി മുന്‍പാകെയായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് ഈ തെളിവുകള്‍ വിവരിച്ചത്. ഒപ്പം സര്‍പ്പശാസ്ത്ര വിദഗ്ധനും ഡോക്ടര്‍മാരും വെറ്റിറനറി ഓഫീസര്‍മാരും അടക്കം കോടതിയില്‍ മൊഴികള്‍ നല്‍കി. കോടതിയില്‍ വിചാരണയ്ക്കിടെ നടന്ന വാദങ്ങളുടെയും മൊഴികളുടെയും വിശദാംശങ്ങള്‍ ഇങ്ങനെ...

12 സാഹചര്യങ്ങള്‍ നിരത്തി പ്രോസിക്യൂഷന്‍ വാദം...

കഴിഞ്ഞവര്‍ഷം ജനുവരിയില്‍, ഉത്രയ്ക്ക് സഹിക്കാനാകാത്ത പീഡനങ്ങളാണ് ഭര്‍ത്തൃഗൃഹത്തിലെന്ന് ബോധ്യപ്പെട്ട് വിളിച്ചുകൊണ്ടുവരാന്‍ ചെന്ന മാതാപിതാക്കളോട് ഇനി പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് സൂരജ് ഉറപ്പുനല്‍കി. അന്നുമുതലാണ് സൂരജ് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയത്. ജനുവരിമുതല്‍ അണലിയെപ്പറ്റിയും പാമ്പുപിടിത്തക്കാരന്‍ ചാവര്‍കാവ് സുരേഷിനെപ്പറ്റിയും ഇന്റര്‍നെറ്റില്‍ തിരഞ്ഞു. കഴിഞ്ഞകൊല്ലം ഫെബ്രുവരി 12 മുതല്‍ സുരേഷുമായി ബന്ധം സ്ഥാപിച്ചു. ഇരുവരും 18-ന് ചാത്തന്നൂരില്‍വെച്ച് കണ്ടു.

uthra murder

ഫെബ്രുവരി 24-ന് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ടുനിന്ന് സുരേഷ് പിടിച്ച അണലിയെ സൂരജിനു കൈമാറി. തൊട്ടടുത്തദിവസം മുകളിലെ കിടപ്പുമുറിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോയ ഉത്ര സ്റ്റെയര്‍കേസില്‍ ഒരു പാമ്പിനെ കണ്ടത് യാദൃശ്ചികമല്ലെന്നും അത് കൊലപ്പെടുത്താനുള്ള സൂരജിന്റെ പാളിപ്പോയ ആദ്യശ്രമമായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈവിവരം ഉത്ര മാതാപിതാക്കളോട് പറഞ്ഞത് മരണമൊഴിയെന്ന തെളിവുനിയമത്തിലെ 32-ാം വകുപ്പുപ്രകാരം പ്രസക്തമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

ഉത്രയ്ക്ക് എങ്ങനെയാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് മൂന്നിന് പാമ്പുകടിയേറ്റതെന്നോ എത്ര മണിക്കാണ് കടിച്ചതെന്നോ സൂരജ് കോടതി നടപടികളില്‍ ഒരിക്കല്‍പ്പോലും പറഞ്ഞില്ല. അന്നു പുലര്‍ച്ചേ 2.54-നുമാത്രമാണ് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സുഹൃത്ത് സുജിത്തിനോട് ആവശ്യപ്പെടുന്നത്. വേദനകൊണ്ടു പുളഞ്ഞ ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസിപ്പിച്ചത് മരണം ഉറപ്പാക്കാനായിരുന്നു. കൃത്യവും സന്ദര്‍ഭോചിതവുമായ ചികിത്സകൊണ്ടുമാത്രമാണ് ഉത്രയെ അന്ന് രക്ഷിക്കാനായത്. വീട്ടില്‍ രണ്ടുവാഹനങ്ങളുണ്ടായിട്ടും സ്വയം ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. അതിന് കോടതിയില്‍ നല്‍കിയ വിശദീകരണം താനന്ന് മദ്യപിച്ചിരുന്നെന്നാണ്. ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍പോലും വാഹനമോടിക്കില്ലെന്ന വാദം സാമാന്യബുദ്ധിക്കു നിരക്കാത്തതാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയില്‍ കിടക്കുമ്പോള്‍ത്തന്നെ സൂരജ് സുരേഷിനോട് മൂര്‍ഖന്‍ പാമ്പിനെക്കുറിച്ച് തിരക്കിയിരുന്നു. ഒരുമാസത്തിനുശേഷം വീണ്ടും ചാവര്‍കാവ് സുരേഷിനെ വിളിച്ചതും മൂര്‍ഖനെ ആവശ്യപ്പെട്ടതും പുഷ്പഗിരി ആശുപത്രിയില്‍ ഇരുന്നുകൊണ്ടാണെന്ന് ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ച് കോടതിയെ ബോധിപ്പിച്ചു.

മാനസിക വളര്‍ച്ചയില്ലാത്ത ഭാര്യയുമായി ജീവിക്കാനാകില്ല- സുരേഷിന്റെ മൊഴി

മാനസികവളര്‍ച്ചയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് താന്‍തന്നെ ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് സൂരപറഞ്ഞിട്ടുണ്ടെന്നായിരുന്നു പാമ്പുപിടിത്തക്കാരന്‍ ചാവരുകാവ് സുരേഷിന്റെ സാക്ഷിമൊഴി. ഉത്രവധക്കേസില്‍ മാപ്പുസാക്ഷിയായ സുരേഷ് കൊല്ലം ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Snakebite murder accused
സൂരജും സുരേഷും/ഫയല്‍ചിത്രം

ഉത്രയെ വകവരുത്താനായി ബോധപൂര്‍വമായ ശ്രമമാണ് സൂരജില്‍നിന്നുണ്ടായതെന്നും ഇതിനായാണ് തന്നെ പരിചയപ്പെട്ടതെന്നും തനിക്ക് ഈ കാര്യങ്ങള്‍ അറിവില്ലായിരുന്നെന്നും സുരേഷ് പറഞ്ഞു. 2020 ഫെബ്രുവരി 12-നാണ് സൂരജ് തന്നെ ആദ്യമായി വിളിച്ചു പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍ നേരിട്ടുകണ്ടു. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26-ന് വെളുപ്പിന് പ്രതിയുടെ അടൂരിലെ വീട്ടില്‍ ചെന്നത്. അന്ന് തന്റെ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപയ്ക്ക് വാങ്ങി. വീട്ടുപരിസരത്തും പാമ്പുകളുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടു. ബോധവത്കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസേന കൈകാര്യംചെയ്തു. മാര്‍ച്ച് 21-ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുള്ളതിനാല്‍ താന്‍ 7,000 രൂപ വാങ്ങി മൂര്‍ഖനെ കൊടുത്തു. അതിനുശേഷം പ്രതി ബന്ധപ്പെട്ടിട്ടില്ല. ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചാണ് അറിഞ്ഞത്. തുടര്‍ന്ന് സൂരജിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേന്ന് മറ്റൊരു നമ്പറില്‍നിന്ന് സൂരജ് വിളിച്ച് ഭാര്യ മരിച്ചവിവരം പറഞ്ഞു.

എന്തിനാണ് മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് തിരിച്ചുചോദിച്ചപ്പോഴാണ് സൂരജ് കുറ്റംസമ്മതിച്ചത്. ഇക്കാര്യം ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പദോഷമായി എല്ലാവരും കരുതുമെന്നും സൂരജ് പറഞ്ഞു. സൂരജ് കുടുങ്ങിയാല്‍ താനും കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു. ഈ വിവരം പോലീസിനെ അറിയിക്കാമെന്ന് മകള്‍ പറഞ്ഞിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതിനുകഴിഞ്ഞില്ല. പിന്നീടാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത്.മൂര്‍ഖനെ കൊടുത്ത പ്ലാസ്റ്റിക് ജാറും പ്രതിയുടെ ബാഗും തന്റെ ഫോണുകളും സുരേഷ് തിരിച്ചറിഞ്ഞു. കോടതിയിലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ മൊഴികളും വിവരിച്ചു.

ഉത്രയെ കൊന്നത് താന്‍നല്‍കിയ പെണ്‍മൂര്‍ഖനെ ഉപയോഗിച്ചാണ്. സൂരജിന് ആദ്യം കൈമാറിയ അണലിയെ ഊഴായിക്കോടുനിന്ന് പിടിച്ചതാണെന്നും സുരേഷ് മൊഴിനല്‍കി. ഇതിന്റെ വീഡിയോയും ഹാജരാക്കിയിരുന്നു.

രണ്ടാമത് നല്‍കിയ മൂര്‍ഖനെ ആലംകോടുനിന്ന് പിടിക്കുന്ന വീഡിയോയുള്‍പ്പെടെയുള്ള തെളിവുകളും സൂരജ് പാമ്പിനെ കൈകാര്യം ചെയ്യുന്ന വീഡിയോയും സുരേഷ് തിരിച്ചറിഞ്ഞു. ഉത്രയുടെ വീട്ടില്‍ തല്ലിക്കൊന്ന മൂര്‍ഖന്റെ ഫോട്ടോ സുരേഷിന് കാണിച്ചുകൊടുത്തു. അപ്പോഴാണ് ഇത് താന്‍ നല്‍കിയ മുട്ടയിട്ട പെണ്‍മൂര്‍ഖന്‍ തന്നെയാണെന്ന് സുരേഷ് മൊഴിനല്‍കിയത്. ആലംകോടുനിന്നുപിടിച്ച പാമ്പ് 12 മുട്ടയിട്ടിരുന്നു. അതിന്റെ വാലും വയറും തിരിച്ചറിയാനാകുമെന്ന് സുരേഷ് പറഞ്ഞു.

താന്‍ പാമ്പിനെ കൊടുത്തതുകൊണ്ടാണ് സൂരജ് കൃത്യം നടത്തിയത്. അതിനാല്‍ താനും കുറ്റക്കാരനാകുമെന്ന് സുരേഷ് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നല്‍കി. കൃഷിയിടത്തില്‍ എലിയെ പിടിക്കാന്‍ ആരും അണലിയെ വാങ്ങാറില്ലല്ലോ എന്നചോദ്യത്തിന് സൂരജ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരുകാര്യം ആദ്യമായി കേട്ടതെന്നും സുരേഷ് കോടതിയില്‍ പറഞ്ഞു.

പതിവില്ലാതെ സൂരജ് അടുക്കളയില്‍- വിജയസേനനും ഉത്രയുടെ സഹോദരനും പറഞ്ഞത്...

സ്വത്ത് കിട്ടുന്നതിനുവേണ്ടി കള്ളപ്പരാതി കൊടുത്തതോടെയാണ് മരുമകന്‍ സൂരജിനെപ്പറ്റിയുള്ള സംശയം നൂറു ശതമാനം ബോധ്യപ്പെട്ടതെന്നായിരുന്നു ഉത്രയുടെ അച്ഛന്‍ വിജയസേനന്റെ മൊഴി.മകളുടെ മരണം കൊലപാതകമാണെന്ന് 99 ശതമാനം തോന്നലുണ്ടായിരുന്നെങ്കിലും സത്യം മറിച്ചാണെങ്കില്‍ മരുമകനും ബന്ധുക്കളും ബുദ്ധിമുട്ടിലാകുമെന്ന തോന്നല്‍ കൊണ്ടാണ് ആദ്യം പരാതി കൊടുക്കാതിരുന്നത്. സൂരജിനെയും മാതാപിതാക്കളെയും തടഞ്ഞുവെച്ചെന്ന കള്ളപ്പരാതി കൊടുത്തതാണ് സംശയം പൂര്‍ണമാകാന്‍ കാരണം. തുടര്‍ന്ന് റൂറല്‍ എസ്.പി.ക്ക് പരാതിനല്‍കി.

ചെറിയ ന്യൂനതകളുള്ള മകളെ സൂരജ് ഇഷ്ടപ്പെട്ടെന്നു പറഞ്ഞതനുസരിച്ചാണ് വിവാഹനിശ്ചയം നടത്തിയത്. നിശ്ചയത്തിനു ശേഷം കൂടുതല്‍ സ്വര്‍ണവും വില കൂടിയ കാറും ആവശ്യപ്പെട്ടു. മകളുടെ സന്തോഷത്തെക്കരുതി അതെല്ലാം നല്‍കി. വിവാഹം നടന്ന് മൂന്നു മാസം കഴിഞ്ഞതു മുതലാണ് പ്രതിയുടെ വീട്ടുകാര്‍ ഉത്രയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ജനുവരിയില്‍ ഉത്രയെ തിരികെ വിളിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചതാണ്.

uthra murder case

ഫെബ്രുവരി 29-ന് താനും ഭാര്യയും കൂടി സൂരജിന്റെ അടൂരിലെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ പാമ്പുപിടിത്തക്കാര്‍ വന്നിരുന്നെന്ന് ഉത്ര പറഞ്ഞു. രണ്ടു ദിവസം മുന്‍പ് മുകള്‍നിലയിലേക്കുള്ള പടികളില്‍ പാമ്പിനെ കണ്ടെന്നും പറഞ്ഞു. അതൊരു ചേരക്കുഞ്ഞായിരുന്നു എന്നാണ് സൂരജ് പറഞ്ഞത്. 2020 മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ ഉത്രയെ എന്തോ കടിച്ചെന്ന് അറിഞ്ഞ് അടൂരിലെത്തി. രാത്രി കുഞ്ഞിന്റെ തുണി കഴുകാന്‍ പുറത്തിറങ്ങിയ ഉത്രയെ എന്തോ കടിച്ചെന്ന് സൂരജ് പറഞ്ഞു. മകളോട് ചോദിച്ചപ്പോള്‍ അന്നു രാത്രി പുറത്തിറങ്ങിയതേയില്ല എന്നുപറഞ്ഞു.

മേയ് ആറിന് വൈകീട്ട് 6.30-ഓടെ സൂരജ് ഏറത്തെ വീട്ടില്‍ വന്നു. ചായ കുടിച്ച ശേഷം ഒരു ഗ്ലാസ് ജ്യൂസുമായി ഉത്ര കിടക്കുന്ന മുറിയിലേക്കു പോയി. കുറച്ചു കഴിഞ്ഞ് ഒരു കറുത്ത ഷോള്‍ഡര്‍ ബാഗുമായി മുറിക്കുള്ളിലേക്ക് കയറിപ്പോയി. പിറ്റേ ദിവസം രാവിലെ സൂരജ് പതിവില്ലാതെ അടുക്കളയിലേക്ക് വന്നതിനെപ്പറ്റി തിരക്കിയപ്പോള്‍ രാത്രി ഉറങ്ങിയില്ലെന്ന് പറഞ്ഞു.പിന്നീട് ഭാര്യയുടെ നിലവിളികേട്ട് ചെന്നപ്പോഴാണ് ഉത്ര അനക്കമില്ലാതെ കിടക്കുന്നതു കണ്ടത്. അഞ്ചലിലെ ആശുപത്രിയില്‍ കൊണ്ടുചെന്നപ്പോള്‍ മരിച്ചതായി പറഞ്ഞു. സര്‍പ്പദോഷമാണ് മരണകാരണമെന്നു വിശ്വസിപ്പിക്കാന്‍ സൂരജ് ശ്രമിച്ചു.

ഉത്രയെ പാമ്പു കടിച്ചതിനെത്തുടര്‍ന്ന് മുറിയില്‍ പോയി നോക്കിയപ്പോള്‍ അലമാരയ്ക്കടിയില്‍ പാമ്പിരിക്കുന്നെന്നു പറഞ്ഞ് സൂരജ് പുറത്തേക്കിറങ്ങിപ്പോയെന്ന് ഉത്രയുടെ സഹോദരന്‍ വിഷു മൊഴി നല്‍കി. താന്‍ പാമ്പിനെ അടിച്ചു കൊന്നെന്നും സഹോദരന്‍ മൊഴി നല്‍കി.

ഉത്രയുടെ മുറിയില്‍ ജനല്‍ തുറന്നിടാറില്ല- അമ്മയുടെ മൊഴി...

ഉത്ര കിടന്നിരുന്ന മുറിയുടെ ജനല്‍ തുറന്നിടാറില്ലെന്ന് അമ്മ മണിമേഖല കോടതിയില്‍ നല്‍കിയ മൊഴി. മുറിയുടെ ജനല്‍ എപ്പോഴാണ് അടച്ചതെന്ന ക്രോസ് വിസ്താരത്തിലെ ചോദ്യത്തിന് ഉത്രയ്ക്ക് പാമ്പുകടിയേറ്റപ്പോള്‍ നടത്തിയ ശസ്ത്രക്രിയയുടെ പരിക്കുകാരണം വസ്ത്രം ശരിയായി ധരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതുകൊണ്ട് ജനല്‍ തുറന്നിടാറില്ലെന്നും അമ്മ പറഞ്ഞു. മുറി വൃത്തിയാക്കുന്ന ഡെറ്റോളിന്റെ മണംപോകാന്‍ മാത്രമാണ് ജനല്‍ തുറക്കുന്നതെന്നും പറഞ്ഞു. പാമ്പുകടിച്ച ഭാഗത്ത് ശസ്ത്രക്രിയ നടത്തി കാലില്‍നിന്ന് തൊലിയെടുത്തുെവച്ചതിനാല്‍ ഉത്രയ്ക്ക് കിടക്കയില്‍നിന്ന് എഴുന്നേറ്റുനടക്കാന്‍ കഴിയുമായിരുന്നില്ല.

uthra snake bite murder case

വിവാഹത്തിന് ഉത്രയുടെ ന്യൂനതകൂടി പരിഗണിക്കുന്ന യുവാവിനെ അന്വേഷിച്ചപ്പോള്‍ സൂരജിന്റെ ആലോചനയാണ് വന്നത്. സൂരജും വീട്ടുകാരും വലിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. മകളുടെ സന്തോഷംകരുതി അതെല്ലാം നല്‍കി. വിവാഹശേഷവും ഉത്രയെ മുന്‍നിര്‍ത്തി സൂരജും വീട്ടുകാരും ഉന്നയിച്ച ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുത്തെന്നും മൊഴിനല്‍കി.

ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടായിട്ടും, മരുമകന്‍ കുറ്റംചെയ്‌തെന്ന മുന്‍വിധിയില്ലാതെ പോലീസ് അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെ എന്നാണ് കരുതിയത്. സ്വര്‍ണാഭരണത്തിനും കുഞ്ഞിന്റെ കൈവശത്തിനുമാണ് സൂരജിനെ കേസില്‍ പ്രതിയാക്കുന്നതെന്ന ആരോപണം മണിമേഖല നിഷേധിക്കുകയും ചെയ്തു.

സൂരജിന്റെ സുഹൃത്തുക്കള്‍ കോടതിയില്‍ പറഞ്ഞത്...

വീട്ടില്‍ ഒരു കാറും ഓട്ടോറിക്ഷയും ഉണ്ടായിട്ടും ഉത്രയെ പാമ്പുകടിയേറ്റശേഷം ആശുപത്രിയിലെത്തിക്കാന്‍ സൂരജ് വിളിച്ചത് തന്നെയാണെന്ന് സൂരജിന്റെ സുഹൃത്ത് സുജിത് കോടതിയില്‍ പറഞ്ഞു.

ഏഴംകുളം ക്ഷേത്രത്തിലെ ഉത്സവത്തിന്റെയന്ന് രാത്രി രണ്ടരയോടെ ഉത്രയെ എന്തോ കടിച്ചെന്നും കാറുമായി വരണമെന്നും സൂരജ് ആവശ്യപ്പെട്ടു. കാറുമായി സൂരജിന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഉത്ര വേദനകൊണ്ട് കരയുകയായിരുന്നു. താനാണ് ഉത്രയെ കാറില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയത്. ആസമയം സൂരജിന്റെ വീട്ടില്‍ ഒരു കാറും ഓട്ടോയും കിടപ്പുണ്ടായിരുന്നു. അടൂരില്‍നിന്ന് തിരുവല്ലയിലെ ആശുപത്രിയിലേക്ക് ഉത്രയെ കൊണ്ടുപോയ ആംബുലന്‍സില്‍ താനും കയറി. സൂരജ് ആസമയം മുഖംകുനിച്ച് ഇരിക്കുകയായിരുന്നു.

uthra
സൂരജിന്റെ അമ്മയും സഹോദരിയും/ഫയല്‍ചിത്രം

പിന്നീട് ഉത്രയുടെ മരണവിവരമറിഞ്ഞ് അഞ്ചലില്‍ എത്തിയിരുന്നു. സൂരജ് അപ്പോള്‍ വലിയ കരച്ചിലായിരുന്നു. റൂറല്‍ എസ്.പി.ഓഫീസില്‍ പരാതിനല്‍കാനും പുതുമലയുള്ള ഒരു ഗുമസ്തന്റെ വീട്ടിലും താന്‍ സൂരജിനൊപ്പം പോയിരുന്നു. ഉത്രയെ സൂരജ് കൂട്ടുകാരുടെ വീടുകളിലോ കല്യാണങ്ങള്‍ക്കോ കൊണ്ടുപോകാറില്ലായിരുന്നെന്നും സുജിത് മൊഴിനല്‍കി.

സൂരജ് പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ വിളിച്ചത് തന്റെ ഫോണില്‍നിന്നായിരുന്നെന്ന് മറ്റൊരുസാക്ഷി എല്‍ദോസ് മൊഴിനല്‍കി.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഇക്കാര്യം താനും തിരിച്ചറിഞ്ഞത്. തന്നോട് ഫോണ്‍ ആവശ്യപ്പെട്ടസമയത്ത് സൂരജിന്റെ ഫോണ്‍ അയാളുടെപക്കല്‍ ഉണ്ടായിരുന്നെന്നും എല്‍ദോസ് പറഞ്ഞു.

മുറിയില്‍ പാമ്പ് സ്വാഭാവികമായി എത്തില്ല, കടിക്കാനും സാധ്യതയില്ല

ഉത്ര മരിച്ച മുറിയില്‍ പാമ്പ് സ്വാഭാവികമായി എത്താനോ ആക്രമണസ്വഭാവത്തോടെ കടിക്കാനോ ഉള്ള സാധ്യതയില്ലെന്നായിരുന്നു സര്‍പ്പശാസ്ത്രവിദഗ്ധനായ കാസര്‍കോട് സ്വദേശി മവീഷ് കുമാറിന്റെ മൊഴി.

ഉത്രയുടെ മുറി പരിശോധിച്ചതില്‍നിന്നു ഡെറ്റോള്‍പോലുള്ള രൂക്ഷഗന്ധമുള്ള വസ്തുക്കള്‍ ശുചീകരണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായി. ഇത്തരം സ്ഥലങ്ങളില്‍ പാമ്പ് എത്താനുള്ള സാധ്യതയില്ല. ഉത്രയുടെ കൈയില്‍ കണ്ട പാമ്പുകടിയേറ്റപാട് സ്വാഭാവികമായ പാമ്പുകടിയില്‍നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു. അടൂരിലെ സൂരജിന്റെ വീടിനുസമീപം പരിശോധിച്ചതില്‍ അവിടെ അണലിയുടെ ആവാസവ്യവസ്ഥയ്ക്കനുയോജ്യമായ സ്ഥലമല്ലെന്നാണ് തോന്നിയത്. അണലി സാധാരണ വരണ്ട കാലാവസ്ഥയാണിഷ്ടപ്പെടുന്നത്. ഉയരങ്ങളില്‍ കയറാനിടയില്ലാത്ത അണലി ഉത്രകിടന്ന മുകള്‍നിലയിലെത്തി കടിച്ചുവെന്നതും അവിശ്വസനീയമാണ്. മുട്ടിനുതാഴെ കടിയേറ്റതും ഉത്ര വേദനയറിഞ്ഞില്ല എന്നതും സംശയാസ്പദമാണ്. അണലിയുടെ കടി അതീവവേദനാജനകമാണ്.

uthra murder

കേസന്വേഷണത്തിനായി മൂര്‍ഖനെ ഉപയോഗിച്ചും അണലിയെ ഉപയോഗിച്ചും നടത്തിയ ഡമ്മിപരീക്ഷണം സംബന്ധിച്ച വിവരവും വീഡിയോയും കോടതിയിലെത്തിച്ചിരുന്നു. തലയില്‍ മര്‍ദം കൊടുക്കുമ്പോള്‍ മൂര്‍ഖന്റെ പല്ലുകള്‍ അകലുന്നതിന്റെ ദൃശ്യം കോടതിയില്‍ കാണിച്ചു. അണലിയെ ഉപയോഗിച്ചുള്ള പരീക്ഷണത്തിനായി സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ പുനരാവിഷ്‌കരിച്ചു നടത്തിയ പരീക്ഷണത്തില്‍ രാത്രി ആക്രമണസ്വഭാവം കാണിക്കുന്ന പാമ്പാണ് അണലിയെന്ന് ബോധ്യപ്പെടുത്തി. മൂര്‍ഖന്‍ പരമാവധി കടിക്കാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ അണലി ആക്രമണസ്വഭാവത്തോടെ കടിക്കും.മൂര്‍ഖന്‍ സാധാരണ അതിന്റെ വിഷം പാഴാക്കില്ല. പത്തിയുയര്‍ത്തിയും ശബ്ദമുണ്ടാക്കിയും പത്തികൊണ്ടടിച്ചും ശത്രുവിനെ ഭയപ്പെടുത്തും. ഇതുവ്യക്തമാക്കുന്ന ഡമ്മിപരീക്ഷണം കോടതിയില്‍ സമര്‍പ്പിച്ചു.

ഈ പരീക്ഷണത്തില്‍ സ്വാഭാവികമായി കടിച്ചതിന് 1.7 സെന്റീമീറ്റര്‍വരെ അകലമാണ് ഉണ്ടായത്.എന്നാല്‍ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചപ്പോള്‍ അതിന്റെ തലയോട്ടി ചലിക്കുകയും പല്ലിന്റെ വിടവിനേക്കാള്‍ കൂടുതല്‍ അകലത്തില്‍, രണ്ട് സെന്റീമീറ്ററും 2.4 സെന്റീമീറ്ററും അകലത്തില്‍ കടികൊണ്ടു. ഉത്രയുടെ മൃതദേഹത്തില്‍ കണ്ട പാമ്പുകടിയേറ്റ മുറിവിന് 2.3, 2.8 എന്നിങ്ങനെ അകലമുണ്ടായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ട മുറിവുകള്‍ ബലമായി കടിപ്പിച്ചതാണെന്നതിന് തെളിവാണെന്നും അദ്ദേഹം മൊഴിനല്‍കി. ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചതും സ്വാഭാവികമായ പാമ്പുകളുടെ പ്രതികരണമായോ സ്വാഭാവികമായോ കരുതാന്‍ കഴിയില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

വാവാ സുരേഷും ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടറും

ഉത്രയുടെ മരണവിവരം അറിഞ്ഞയുടന്‍ ദുരൂഹതയുെണ്ടന്നും പോലീസില്‍ വിവരമറിയിക്കണമെന്നും നാട്ടുകാരോട് പറഞ്ഞിരുന്നതായി വാവാ സുരേഷ് കോടതിയില്‍ മൊഴിനല്‍കിയിരുന്നു.  

ഉത്രയെ ഭര്‍ത്തൃഗൃഹത്തില്‍വെച്ച് അണലി കടിച്ച ദിവസംതന്നെ സംശയം തോന്നിയിരുന്നെന്നാണ് വാവാ സുരേഷ് പറഞ്ഞത്. സംഭവദിവസം വൈകീട്ട് പറക്കോട്ട് ഒരുവീട്ടിലെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷിക്കാന്‍ ചെന്നപ്പോഴാണ് വിവരമറിഞ്ഞത്. അണലി രണ്ടാംനിലയില്‍ കയറി കടിക്കില്ലെന്ന് അപ്പോഴേ പറഞ്ഞിരുന്നു. 20 ദിവസത്തിനുശേഷം ഉത്രയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഒരുകാരണവശാലും മൂര്‍ഖന്‍ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടില്‍ കയറില്ലെന്നും മനസ്സിലായി.

uthra case

തന്നെ 16 തവണ അണലിയും 340 തവണ മൂര്‍ഖനും കടിച്ചിട്ടുണ്ട്.മൂര്‍ഖനും അണലിയും കടിച്ചാല്‍ സഹിക്കാന്‍പറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്പുകടിച്ചത് അറിഞ്ഞില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും വാവാ സുരേഷ് പറഞ്ഞു. ഒരേയാളെ രണ്ടളവിലെ വിഷപ്പല്ലുകളുടെ അകലത്തില്‍ കടിക്കുന്നത് അസ്വാഭാവികമാണെന്നും മൊഴിനല്‍കി.

ഉത്രയെ പാമ്പുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോള്‍ സ്വാഭാവികരീതിയിലല്ലായിരുന്നെന്ന് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ മൊഴിനല്‍കി. അണലി കടിച്ചതിന്റെ ഫോട്ടോയും മൂര്‍ഖന്‍ കടിച്ചതിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ മുറിവുകള്‍ സ്വാഭാവികമായി തോന്നിയില്ല. മൂര്‍ഖനെ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിലും ഇക്കാര്യം വെളിപ്പെട്ടു.കൈകളിലുണ്ടായ കടിപ്പാട് മൂര്‍ഖന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ മാത്രമുണ്ടാകുന്ന തരത്തിലാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞതായി അദ്ദേഹം മൊഴിനല്‍കി.

മൂര്‍ഖന്‍ വിഷം ഉപയോഗിക്കുന്നതില്‍ പിശുക്കുകാണിക്കും...

ഉത്രയെ പാമ്പുകടിച്ച സാഹചര്യങ്ങളില്‍ സ്വാഭാവികതയില്ലെന്നായിരുന്നു കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസര്‍ ഡോ. ജെ.കിഷോര്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്.

മൂര്‍ഖന്‍ വിഷം ഉപയോഗിക്കുന്നതില്‍ പിശുക്കുകാണിക്കുന്ന പാമ്പാണ്. ഒരാളെ രണ്ടുപ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാകില്ല. കടികള്‍ രണ്ടും ഒരേസ്ഥലത്താണെന്നത് കൈകള്‍ ചലിച്ചിരുന്നില്ല എന്നതാണ് കാണിക്കുന്നത്. മൂര്‍ഖന്‍ ജനല്‍വഴി കയറണമെങ്കില്‍ അതിന്റെ മൂന്നിലൊന്ന് ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ല. ഉത്രയെ പാമ്പ് കടക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാന്‍ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴിനല്‍കി.

uthra

അണലികടിച്ചശേഷം കൊണ്ടുവരാന്‍ താമസിച്ചതിനു കാരണംചോദിച്ചപ്പോള്‍ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയയാള്‍ തൃപ്തികരമായ മറുപടിതന്നില്ലെന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമികചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴിനല്‍കി. ഈ സമയമത്രയും ഉത്ര വേദനകൊണ്ടു കാലിലടിച്ചു കരയുകയായിരുന്നു. പ്രാഥമികമായി മരുന്നുകള്‍ നല്‍കിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്‌തെന്നും ഡോക്ടര്‍ പറഞ്ഞു.

അത്യാസന്നനിലയില്‍ ഒരു സ്ത്രീയെ കൊണ്ടുവന്നെന്നറിഞ്ഞ് മുറിയില്‍ ചെന്നപ്പോള്‍ എന്തോ കൈയില്‍ കടിച്ചതാണെന്നുപറഞ്ഞ് ഭര്‍ത്താവ് ഇറങ്ങിപ്പോയെന്ന് അഞ്ചല്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദര്‍ മൊഴിനല്‍കി. പരിശോധനയില്‍ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. കൈകള്‍ ആള്‍ക്കഹോള്‍ സ്വാബ്‌കൊണ്ടുതുടച്ചപ്പോള്‍ രക്തം കട്ടപിടിച്ചഭാഗത്ത് രണ്ട് കടിയുടെ പാടുകള്‍ കണ്ടെത്തി. പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുന്‍പ് അണലികടിച്ചവിവരം മനസ്സിലാക്കിയത്. ഉത്രയുടെ അച്ഛനോട് മരണവിവരം പറഞ്ഞപ്പോള്‍ വീട്ടില്‍ പാമ്പിനെ കണ്ടെന്ന് പോയിനോക്കിയവര്‍ പറഞ്ഞെന്നും അത് മൂര്‍ഖനായിരുന്നെന്ന് പറഞ്ഞതായും ഡോക്ടര്‍ കോടതിയില്‍ മൊഴിനല്‍കി.

രക്തസാമ്പിളില്‍ വിഷമയമായ അളവില്‍ മരുന്നിന്റെ അംശം....

ഉത്രയുടെ രക്തസാമ്പിളില്‍ വിഷമയമായ അളവില്‍ സിട്രിസിന്‍ ഗുളികയുടെ അംശം കണ്ടെത്തിയിരുന്നതായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫാര്‍മക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. എസ്.ആഷ. ഉത്ര വധക്കേസ് വിചാരണയില്‍ സാക്ഷിമൊഴിയായി നല്‍കിയത്.

സിട്രിസിന്‍ മരുന്ന് 100 മില്ലിലിറ്റര്‍ രക്തത്തില്‍ 0.542 മില്ലിഗ്രാം എന്ന അളവില്‍ മരണശേഷവും കണ്ടു. അത് ഒരു കാരണവശാലും ചികിത്സാവശ്യത്തിനല്ലെന്ന് മനസ്സിലാക്കാം. അത്തരം ഡോസ് തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും മസിലുകളുടെ ചലനത്തെ ബാധിക്കുകയും ഉറക്കമുണ്ടാക്കുകയും ചെയ്യുമെന്നും ഡോ.എസ്. ആഷ പറഞ്ഞു.

ഒരേ സ്ഥലത്തായി രണ്ടു കടികള്‍ അടുത്തടുത്ത് കണ്ടതും അവ തമ്മിലെ അകലവും കടിപ്പാടുകള്‍ തമ്മിലെ അളവിലെ വ്യതിയാനവും സ്വാഭാവികമായ പാമ്പുകടിയല്ല സൂചിപ്പിക്കുന്നതെന്ന് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ. രാഗേഷും മൊഴി നല്‍കി.മൂര്‍ഖന്റെ വിഷമേറ്റാണ് ഉത്ര മരിച്ചത്. രക്തത്തില്‍ കണ്ട സിട്രിസിന്റെ അളവുകൂടി പരിഗണിക്കുമ്പോള്‍ സ്വാഭാവികമായ പാമ്പുകടിയാണിതെന്നു പറയാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ അളവില്‍ മരുന്ന് കഴിച്ച ഒരാളിനു പാമ്പ് കടിച്ചാല്‍ വേദന അറിയുമോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനു വേദന അറിയുമെന്നും ചിലപ്പോള്‍ ചലിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി.

സൂരജിനെതിരേ മൊഴി നല്‍കി ഫോറസ്റ്റ് ഓഫീസറും...

പ്ലാസ്റ്റിക് കുപ്പിയില്‍നിന്നു പുറത്തിറക്കിയ മൂര്‍ഖന്റെ തലയില്‍ വടികൊണ്ടു കുത്തിപ്പിടിച്ച് ഉത്രയുടെ കൈയില്‍ രണ്ടു പ്രാവശ്യം കടിപ്പിച്ചെന്ന് സൂരജ് വെളിപ്പെടുത്തിയതായി വനം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍.ജയന്‍ വിചാരണയ്ക്കിടെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അണലിയുടെ കടിയേറ്റു കരഞ്ഞ ഉത്രയെ ഒന്നുമില്ലെന്നു പറഞ്ഞ് വീണ്ടും കിടത്തിയെന്നും അനക്കമില്ലെന്നു കണ്ടപ്പോള്‍ ആള്‍ക്കാരെ വിശ്വസിപ്പിക്കാനാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും സൂരജ് പറഞ്ഞിരുന്നു. അന്ന് അണലി എവിടെയെന്ന് ആളുകള്‍ ചോദിച്ചതിനാല്‍, മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച ദിവസം മുറിയില്‍ത്തന്നെ അതിനെ ഇട്ടിരുന്നെന്നും ഒളിപ്പിച്ചുവെച്ച പ്ലാസ്റ്റിക് കുപ്പി പിന്നീട് മാറ്റാന്‍ കഴിഞ്ഞില്ലെന്നും സൂരജ് പറഞ്ഞു. ഉത്രയുടെ മരണത്തില്‍ തനിക്കു മാത്രമേ പങ്കുള്ളൂവെന്ന് സൂരജ് പറഞ്ഞതായും ജയന്‍ മൊഴി നല്‍കി. കേന്ദ്ര വന്യജീവിസംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൈവശംവെച്ചതിനും വില്‍പ്പന നടത്തിയതിനും കൊന്നതിനും സൂരജ്, ചാവര്‍കാവ് സുരേഷ്, ഉത്രയുടെ സഹോദരന്‍ വിഷു എന്നിവരുടെ പേരില്‍ കേസെടുത്തെന്നും മൊഴി നല്‍കി.

uthra murder

ഉത്രയുടെ രക്തത്തിലും കടിയേറ്റിടത്തെ തൊലിയിലും മൂര്‍ഖന്റെ വിഷവും ആന്തരികാവയവങ്ങളിലും രക്തത്തിലും സിട്രസിന്‍ എന്ന മരുന്നും കണ്ടെത്തിയതായി തിരുവനന്തപുരം കെമിക്കല്‍ അനാലിസിസ് ലബോറട്ടറിയിലെ കെമിക്കല്‍ എക്‌സാമിനര്‍ യുറേക്ക മൊഴി നല്‍കി. ഉത്രയുടെ വീട്ടില്‍നിന്നു കുഴിച്ചെടുത്ത പാമ്പ്, പ്ലാസ്റ്റിക് കുപ്പി, തോള്‍ സഞ്ചി, ഉത്രയുടെ വസ്ത്രം, കിടക്കവിരി എന്നിവയുടെ ഡി.എന്‍.എ. പരിശോധന നടത്തിയതായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി ഡി.എന്‍.എ. വിഭാഗത്തിലെ സയന്റിഫിക് ഓഫീസര്‍ സുരേഷ്‌കുമാറും മൊഴി നല്‍കി.പാമ്പിന്റെ സാമ്പിളും പ്ലാസ്റ്റിക് കുപ്പിയില്‍നിന്നു കണ്ടെടുത്ത കോശങ്ങളും പരിശോധിച്ചതില്‍നിന്ന് അത് 'നാജനാജ' എന്ന മൂര്‍ഖന്റെ ഡി.എന്‍.എ. ആണെന്ന് കണ്ടെത്തി.

ആകെ 87 സാക്ഷികള്‍, 288 രേഖകള്‍...

ഉത്ര വധക്കേസിന്റെ വിചാരണയില്‍ 87 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. മൂന്ന് സി.ഡി.കളും തൊണ്ടിമുതലായി ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.