പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുക, അതും ഭാര്യയെ. കേട്ടുകേള്‍വിയില്ലാത്ത ക്രൂരകൃത്യമാണ് 2020 മെയ് ആറിന് രാത്രി കൊല്ലം അഞ്ചലിലെ ഉത്രയുടെ വീട്ടില്‍നടന്നത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും സ്വത്ത് തട്ടിയെടുക്കാനുമായിരുന്നു ഭര്‍ത്താവായ സൂരജ് ഈ കൊടുംക്രൂരത ചെയ്തത്. പാമ്പ് കടിയേറ്റുള്ള മരണമായതിനാല്‍ ഒരിക്കലും താന്‍ പിടിക്കപ്പെടില്ലെന്ന് ഇയാള്‍ കരുതി. എന്നാല്‍ തുടര്‍ച്ചായി ഉത്രയ്ക്ക് പാമ്പ് കടിയേറ്റതും സൂരജിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതയും ഉത്രയുടെ ബന്ധുക്കളില്‍ സംശയമുണ്ടാക്കി. മെയ് 19-ന് ഇവര്‍ പോലീസിലും പരാതി നല്‍കി. ഒടുവില്‍ ഉത്ര മരിച്ച് 17-ാം ദിവസം പോലീസ് സംഘം ആ സത്യം കണ്ടെത്തുകയായിരുന്നു. ഉത്രയെ കൊന്നത് ഭര്‍ത്താവ് തന്നെ, അതും വിഷമേറിയ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച്.

ദേശീയമാധ്യമങ്ങളിലടക്കം ഉത്ര വധക്കേസ് വാര്‍ത്തയായി. നേരത്തെ രാജസ്ഥാനിലും മറ്റും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ആദ്യമായിരുന്നു.

ഉത്ര കേസിന്റെ നാള്‍വഴികളിലൂടെ...

അഞ്ചല്‍ ഏറം സ്വദേശി ഉത്രയും അടൂര്‍ പറക്കോട് സ്വദേശി സൂരജും വിവാഹിതരായത് 2018 മാര്‍ച്ച് 25-ന്

2020 മാര്‍ച്ച് രണ്ട്- സൂരജിന്റെ വീട്ടില്‍വെച്ച് ഉത്രയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നു. കടിച്ചത് അണലി. തറ തുടക്കുന്നതിനിടെയാണ് ഉത്രയെ പാമ്പ് കടിച്ചതെന്നായിരുന്നു സൂരജ് പറഞ്ഞിരുന്നത്. ആദ്യം അടൂരിലെ ആശുപത്രികളിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ നല്‍കി. പാമ്പ് കടിയേറ്റ കാലില്‍ പ്ലാസ്റ്റിക് സര്‍ജറിയും നടത്തി.

2020 മെയ് ഏഴ്- അഞ്ചല്‍ ഏറത്തെ സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്ന ഉത്രയെ കിടപ്പുമുറിയില്‍ ചലനമറ്റനിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പാമ്പ് കടിയേറ്റതാണെന്നും മരിച്ചെന്നും സ്ഥിരീകരിച്ചു.

2020 മെയ് 19- ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കുടുംബത്തിന്റെ പരാതി. കൊല്ലം റൂറല്‍ എസ്.പി. എസ്. ഹരിശങ്കറിനാണ് ഉത്രയുടെ കുടുംബം പരാതി നല്‍കിയത്. ഇതോടെ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

2020 മെയ് 24- സൂരജ് അറസ്റ്റില്‍. സൂരജിനൊപ്പം പാമ്പ് പിടിത്തക്കാരനായ ഏനാത്തെ സുരേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്നാണ് രണ്ടുതവണയും സൂരജ് പാമ്പിനെ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സുരേഷിനെ പിന്നീട് കേസില്‍ മാപ്പ് സാക്ഷിയാക്കി.

2020 ഓഗസ്റ്റ് 14- ഉത്ര വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സൂരജ് മാത്രമാണ് കൊലക്കേസിലെ പ്രതി. ഇയാള്‍ അറസ്റ്റിലായി 82-ാം ദിനത്തിലായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സാമ്പത്തികനേട്ടം ലക്ഷ്യമാക്കി ഭിന്നശേഷിക്കാരിയെ വിവാഹം ചെയ്ത സൂരജ് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. 217 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.

2020 ഓഗസ്റ്റ് 22- ഗാര്‍ഹിക പീഡന കേസില്‍ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റിലായി. ഉത്രയെ ഇരുവരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പരാതിയുണ്ടായിരുന്നു. ഈ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂരജിന്റെ അച്ഛന്‍ സുരേന്ദ്ര പണിക്കരും ഇതേ കേസില്‍ അറസ്റ്റിലായിരുന്നു.

2020 ഡിസംബര്‍ ഒന്ന്- ഉത്ര വധക്കേസിന്റെ വിചാരണ കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. വിചാരണയ്ക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോള്‍ പ്രതി സൂരജ് കുറ്റം നിഷേധിച്ചു. ഇതിനിടെ, സൂരജ് സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. ജി. മോഹന്‍രാജായിരുന്നു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

2021 ഒക്ടോബര്‍ 11- ഉത്ര വധക്കേസിന്റെ വിധിപ്രസ്താവം. സൂരജ് കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍.