കൊല്ലം:  ഉത്ര വധക്കേസില്‍ ശിക്ഷ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ പുറത്ത്. പ്രതി സൂരജ് പാമ്പിനെ അനായസം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാമ്പ് പിടിത്തക്കാരനായ സുരേഷിനൊപ്പമാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

അണലിയെ പിടിക്കാനായാണ് സൂരജിന്റെ വീട്ടില്‍വന്നതെന്നും എന്നാല്‍ പിടിക്കാനായില്ലെന്നും സുരേഷ് ഈ വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്നാണ് മറ്റുകാര്യങ്ങള്‍ വിശദീകരിക്കുന്നത്. 'വരുമ്പോള്‍ ഒരു പാമ്പിനെ കൊണ്ടുവരണമെന്ന് സൂരജ് പറഞ്ഞിരുന്നു. മൂര്‍ഖനെ ഒന്നും കൊണ്ടുവരേണ്ടെന്നും വീട്ടില്‍ മാതാപിതാക്കളും സഹോദരങ്ങളും ഉള്ളതിനാല്‍ അവര്‍ക്ക് ഭയമുണ്ടാകുമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കൊണ്ടുവന്നത്. നാഗദൈവങ്ങളോടുള്ള ആരാധാന കൊണ്ട് ഇതിനെ സൂരജിനെ സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു' എന്നും സുരേഷ് വീഡിയോയില്‍ പറയുന്നു. ഈ സമയത്തെല്ലാം സൂരജിന്റെ കൈകളിലൂടെ പാമ്പ് ഇഴയുകയും ചെയ്യുന്നുണ്ട്. പിന്നീട് സുരേഷ് തന്നെ പാമ്പിനെ തിരികെ വാങ്ങിക്കുകയും ചെയ്തു. 

ഉത്ര കേസിന്റെ ആദ്യഘട്ടത്തില്‍ തനിക്ക് പാമ്പുകളെ കൈകാര്യം ചെയ്യാനറിയില്ലെന്നും പാമ്പ് പിടിത്തക്കാരനുമായി ബന്ധമില്ലെന്നുമായിരുന്നു സൂരജിന്റെ മറുപടി. എന്നാല്‍ ഇയാളുടെ ഫോണ്‍വിവരങ്ങളടക്കം പരിശോധിച്ചാണ് പാമ്പ് പിടിത്തക്കാരനായ സുരേഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയത്. സൂരജ് പാമ്പുകളെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതെല്ലാം കേസിന്റെ വിചാരണവേളയില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. 

ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് പ്രതിക്കുള്ള ശിക്ഷ വിധിക്കുക. ഇതിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് അന്വേഷണഘട്ടത്തില്‍ ഏറെ നിര്‍ണായകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

Content Highlights: uthra murder case sooraj handling snake video released