കൊല്ലം:ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച നാള്‍മുതല്‍ കേസില്‍ അറസ്റ്റിലാകുംവരെ ഉത്രയുടെ ബന്ധുക്കള്‍ക്കുമുന്നില്‍ സൂരജ് മികച്ച അഭിനയംതന്നെ കാഴ്ചവെച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഒന്നരമാസത്തോളം ചികിത്സയിലായിരുന്നു ഉത്ര. ആ ദിവസങ്ങളിലെല്ലാം സൂരജ് ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നു; 'പ്രാര്‍ഥനകളോടെ' നിലത്ത് പായവിരിച്ചായിരുന്നു രാത്രിയില്‍ കിടപ്പ്.

ആശുപത്രിവിട്ട് വീട്ടിലെത്തുമ്പോഴും സ്‌നേഹവും സഹതാപവും. കുഞ്ഞിനോടും വലിയ സ്‌നേഹം പ്രകടിപ്പിച്ചു. മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചദിവസം വൈകുന്നേരവും വീട്ടില്‍ എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കിനല്‍കാനും സൂരജ് തയ്യാറായി.  ഉത്ര മരിച്ചെന്ന് ഉറപ്പാക്കിയശേഷവും ഒന്നുമറിയാത്തതുപോലെനിന്നു. മൃതദേഹത്തിനുമുന്നില്‍ സൂരജും സഹോദരിയും വാവിട്ട് നിലവിളിച്ചത് കണ്ടുനിന്നവരെപ്പോലും കരയിക്കുന്ന തരത്തിലായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ കാറിലെത്തുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ഉത്രയുടെ വീടിനുമുന്നില്‍ സൂരജ് മണിക്കൂറുകളോളം ചെലവഴിക്കുകയും ചെയ്തു. അറസ്റ്റിലായപ്പോള്‍ തെളിവെടുപ്പിനും മറ്റും എത്തിക്കുമ്പോഴെല്ലാം മാധ്യമങ്ങള്‍ക്കുമുന്നില്‍ താന്‍ നിരപരാധിയാണെന്ന് വിളിച്ചുപറയാനും ആരോപണങ്ങള്‍ ഉന്നയിക്കാനും സൂരജ് ശ്രദ്ധിച്ചിരുന്നു.

ഒന്നും അറിയാതെ ആര്‍ജവ്

ശിക്ഷാവിധിയുടെ ദിവസം പതിവില്ലാതെ ഒട്ടേറെപ്പേര്‍ വീട്ടിലെത്തുകയും ഒന്നിച്ചിരുന്ന് ടി.വി. കാണുകയും ചെയ്യുമ്പോള്‍ ഉത്രയുടെ മകന്‍ ആര്‍ജവ് വീടിനുള്ളില്‍ ഓടിനടക്കുന്നുണ്ടായിരുന്നു. കൂടുതല്‍ മാധ്യമങ്ങളും ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ ഈ രണ്ടരവയസ്സുകാരനെ വീട്ടുകാര്‍ മാറ്റി. ധ്രുവ് എന്നു വിളിച്ചിരുന്ന കുട്ടിയുടെ പേര് സംഭവത്തിനുശേഷം ഉത്രയുടെ മാതാപിതാക്കള്‍ ആര്‍ജവ് എന്ന് മാറ്റിയിരുന്നു.

ഇളവ് ലഭിച്ചില്ലെങ്കില്‍ ആജീവനാന്തം ജയിലില്‍ 

ഉത്ര വധക്കേസിലെ പ്രതി സൂരജിന് ശിക്ഷാ ഇളവ് ലഭിച്ചില്ലെങ്കില്‍ ആജീവനാന്തം ജയിലില്‍ കഴിയേണ്ടിവരും. ജീവപര്യന്തം തടവ് എന്നത് ഒരാളുടെ ജീവിതാവസാനംവരെയാണെന്നും സര്‍ക്കാര്‍ ശിക്ഷാകാലാവധി കുറച്ചുനല്‍കിയില്ലെങ്കില്‍ ജീവിതാവസാനംവരെ ജയിലില്‍ കിടക്കണമെന്നും സുപ്രീംകോടതി ഭരണഘടനാ െബഞ്ച് ഗോപാല്‍ വിനായക് ഗോഡ്‌സെയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്. അതുപ്രകാരം ഈ കേസില്‍ 328, 201 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷാകാലാവധി അനുഭവിച്ചശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂ.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതിയുടെ പ്രായവും മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും പരിഗണിച്ചാല്‍ പ്രതി സമൂഹത്തിനു ഭീഷണിയാകുമെന്ന് കരുതാനാകില്ല. അതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് കോടതി പറഞ്ഞു. മാനസാന്തരത്തിന് സാധ്യതയില്ലെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി.മോഹന്‍രാജ്, അഭിഭാഷകരായ കെ.ഗോപീഷ് കുമാര്‍, സി.എസ്.സുനില്‍കുമാര്‍, എ.ശരണ്‍ എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എസ്.അജിത് പ്രഭാവ്, ജിത്തു എസ്.നായര്‍, ബിജേന്ദ്രലാല്‍, എ.അശോക് കുമാര്‍ എന്നിവര്‍ കോടതിയിലെത്തി.

വിധിയില്‍ പൂര്‍ണ തൃപ്തിയുണ്ട്. അപ്പീല്‍ പോകണമോയെന്ന് സര്‍ക്കാരുമായും അന്വേഷണ ഉദ്യോഗസ്ഥരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി.മോഹന്‍രാജ് അറിയിച്ചു