കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് പ്രോസിക്യൂഷന്റെ വിജയം. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളുമായിരുന്നു പ്രധാനം. ഇതെല്ലാം സംശയത്തിനിടനല്‍കാതെ കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. 

വിവാദമായ പല കേസുകളിലും പ്രോസിക്യൂട്ടറായിരുന്ന ജി.മോഹന്‍ രാജായിരുന്നു ഉത്ര വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. കഴിഞ്ഞവര്‍ഷം ജൂലായിലാണ് മോഹന്‍രാജിനെ ഉത്ര കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്. പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിനല്‍കിയ അദ്ദേഹത്തിനും അഭിമാനംനല്‍കുന്നതാണ് ഉത്ര വധക്കേസിലെ വിധി. 

കൊല്ലം ബാറിലെ അഭിഭാഷകനായ ജി.മോഹന്‍രാജ് രശ്മി വധക്കേസ്, പോലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്.എം.ഇ. റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശവനിത ലിഗയുടെ മരണം, മഹാരാജാസ് കോളേജിലെ അഭിമന്യൂ വധം, തുടങ്ങിയ കേസുകളില്‍ പ്രോസിക്യൂട്ടറായിരുന്നു. അടുത്തിടെ ഏറെ കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിസ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിലും ജി. മോഹന്‍രാജ് തന്നെയാണ് പ്രോസിക്യൂട്ടര്‍.