കൊല്ലം:നാഗ്പുരിലും രാജസ്ഥാനിലുമെല്ലാം പാമ്പിനെ ഉപയോഗിച്ച് നടത്തിയ കൊലപാതകങ്ങള്‍ക്കുമുന്നില്‍ പതറിയ പോലീസിന്, അന്വേഷണമികവിന്റെ പുതുപാഠം തുറന്ന് കേരള പോലീസ്. വ്യക്തമായ തെളിവുകള്‍ കണ്ടെത്തി, നിരന്തര പഠനത്തിലൂടെ, പഴുതടച്ച കുറ്റപത്രം കോടതിക്കുമുന്നില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി.

നാഗ്പുരില്‍ അച്ഛനമ്മമാരെ കൊന്ന് സ്വത്ത് തട്ടിയെടുക്കാന്‍ മകന്‍തന്നെയാണ് പാമ്പുപിടിത്തക്കാരനെ കാറില്‍ എത്തിച്ചത്. പ്രതികള്‍ പിടിയിലായെങ്കിലും ശാസ്ത്രീയതെളിവുകള്‍ ഹാജരാക്കാന്‍ പോലീസിനായിരുന്നില്ല. രാജസ്ഥാനില്‍ മരുമകളും കാമുകനും സുഹൃത്തും ചേര്‍ന്ന് അമ്മായിയമ്മയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു. ശാസ്ത്രീയമായ തെളിവുേശഖരണം ഇവിടെയും പ്രതിസന്ധിയായി.

ഇന്ദോറില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം പാമ്പുകടിച്ചാണ് മരിച്ചതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. കര്‍ണാടകത്തിലും പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം നടന്നു. എന്നാല്‍ ഈ കേസുകളിലൊന്നും അന്വേഷണം ഉത്ര വധത്തിലേതുപോലെ ശാസ്ത്രീയവും വേഗമേറിയതുമായിരുന്നില്ല.

കൊല്ലം റൂറല്‍ എസ്.പി. എസ്.ഹരിശങ്കറും പത്തനംതിട്ട എസ്.പി. കെ.ജി.സൈമണും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ.അശോകനും ഉത്രവധക്കേസ് അന്വേഷണത്തിനായി വിശദമായ പഠനങ്ങള്‍തന്നെ നടത്തി. മുന്‍പുണ്ടായ സംഭവങ്ങളില്‍ പാമ്പിനെ വാങ്ങിയതും കടിപ്പിച്ചുകൊന്ന സംഭവവും കൃത്യമായി തെളിയിക്കാനാകാതെപോയത് പ്രത്യേകം ശ്രദ്ധിച്ചു. പാമ്പിനെ വാങ്ങിയതുസംബന്ധിച്ച തെളിവുകള്‍, ഫോണ്‍രേഖകള്‍, കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ബലംപ്രയോഗിച്ചും അല്ലാതെയും പാമ്പ് കടിക്കുമ്പോഴുണ്ടാകുന്ന പാടുകള്‍ തമ്മിലുള്ള അന്തരം, അണലിയുടെയും മൂര്‍ഖന്റെയും സ്വഭാവസവിശേഷതകള്‍, സൂരജ് പാമ്പുകളെ ഉപയോഗിക്കുന്നതില്‍ നേടിയ വൈദഗ്ധ്യം തുടങ്ങി നിരവധി വിഷയങ്ങളാണ് അന്വേഷണത്തില്‍ മുന്‍മാതൃകകളില്ലാത്ത കേസില്‍ പോലീസ് ശാസ്ത്രീയമായി പഠനവിധേയമാക്കിയത്.

കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ജീവനുള്ളവയായതിനാല്‍ അവയുടെ സ്വഭാവസവിശേഷതകള്‍ സംബന്ധിച്ച അറിവുകള്‍, ജന്തുശാസ്ത്രപഠനം എന്നിവയും നടത്തി. സ്വകാര്യലാബില്‍ പാമ്പിന്റെ ഡി.എന്‍.എ. പരിശോധനയും നടന്നു.

ഫൊറന്‍സിക് സയന്‍സില്‍ പുതിയ അധ്യായമാകും

കൊല്ലം:അഞ്ചല്‍ ഉത്ര വധക്കേസ് ഫൊറന്‍സിക് സയന്‍സില്‍ പുതിയ അധ്യായത്തിനു വഴിതുറന്നു. മൃഗങ്ങളെ ഉപയോഗിച്ചു കൊലപ്പെടുത്തുന്നതു സംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ശരീരത്തിലേക്ക് ഇറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ചു വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പഠനം തുടങ്ങിക്കഴിഞ്ഞു.

പഴുതുകളടച്ചു; വിവിധ വകുപ്പുകള്‍ ഒത്തുപിടിച്ചു

കൊല്ലം:അന്വേഷണത്തിലും തെളിവുശേഖരണത്തിലും വിചാരണയിലും പഴുതുകള്‍ അടച്ചും ഒത്തുപിടിച്ചുമുള്ള വിവിധ വകുപ്പുകളുടെ പരിശ്രമമാണ് ദൃക്സാക്ഷികളില്ലാത്ത ഉത്രവധക്കേസില്‍ ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത്. കേസന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച്, പ്രോസിക്യൂഷന്‍ എന്നിവരോടൊപ്പം വനംവകുപ്പും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരും വെറ്ററിനറി ഡോക്ടര്‍മാരും ഫൊറന്‍സിക് വിഭാഗവും വലിയപങ്കാണ് വഹിച്ചത്.

പ്രത്യാഘാതം ഉണ്ടാക്കാമായിരുന്ന മഹസറിലെ പാളിച്ച വനംവകുപ്പിന്റെ ശ്രദ്ധമൂലമാണ് പരിഹരിക്കാനായത്. പാമ്പുപിടിത്തക്കാരന്‍ ചാവര്‍കാവ് സുരേഷ് പാരിപ്പള്ളിയിലെ കളീലില്‍നിന്നുപിടിച്ച പാമ്പിനെയാണ് താന്‍ സൂരജിന് നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ചിന് ആദ്യം മൊഴിനല്‍കിയത്. രേഖകള്‍പ്രകാരം ഈ പാമ്പിന് 125 സെന്റീമീറ്ററേ നീളമുണ്ടായിരുന്നുള്ളു. ഉത്രയുടെ വീട്ടില്‍നിന്നുകിട്ടിയ പാമ്പിന്റെ അളവ് 152 സെന്റീമീറ്റര്‍ ആയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ പടം എടുത്തപ്പോഴും ഇതേ നീളമാണെന്ന് വ്യക്തമായി. ഈ വൈരുധ്യംകണ്ട് വനംവകുപ്പ് ചോദ്യംചെയ്തപ്പോള്‍ രണ്ടു പാമ്പ് തന്റെ കൈവശമുണ്ടായിരുന്നെന്നും പറഞ്ഞത് മാറിപ്പോയെന്നും സുരേഷ് വെളിപ്പെടുത്തി. ആറ്റിങ്ങല്‍ ആലങ്കോട്ടുനിന്നു പിടിച്ച പാമ്പിനെയാണ് സൂരജിന് നല്‍കിയതെന്ന് പിന്നീട് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് വനംവകുപ്പ് റേഞ്ച് ഓഫീസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തില്‍ ആലങ്കോട്ടെത്തി പാമ്പിനെ പിടിച്ച മാളത്തില്‍നിന്നു പൊഴിച്ച പടം കണ്ടെത്തി. ഇതിന് 152 സെന്റീമീറ്റര്‍ നീളം ഉണ്ടായിരുന്നു. പിന്നീട് കോടതിയില്‍ അപേക്ഷ കൊടുത്താണ് തെറ്റായവിവരങ്ങള്‍ തിരുത്തിയത്.

അരിപ്പയിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്രയുടെ മരണം പുനരാവിഷ്‌കരിക്കാന്‍ നടത്തിയ ഡമ്മി പരീക്ഷണത്തിനും വനംവകുപ്പ് നേതൃത്വംനല്‍കി. ഡമ്മിയില്‍ കോഴിയിറച്ചി വെച്ചുകെട്ടിയാണ് പാമ്പിനെക്കൊണ്ടു കൊത്തിച്ച് പരീക്ഷണം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വിദഗ്ധ ടീം ഇതിനുവേണ്ടി രൂപവത്കരിച്ചു. പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടമടക്കമുള്ള കാര്യങ്ങളില്‍ വെറ്ററിനറി സര്‍ജന്‍മാരും പങ്കാളികളായി.

വനംവകുപ്പിന്റെ തെളിവെടുപ്പിനിടയില്‍ ഉത്രയുടെ വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ സൂരജ് വെളിപ്പെടുത്തിയതായി റേഞ്ച് ഓഫീസര്‍ ബി.ആര്‍.ജയന്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ഉത്രയുടെ വീട്ടില്‍വെച്ച് മാധ്യമങ്ങളോടു താനാണ് കൃത്യം ചെയ്തതെന്ന് സൂരജ് പരസ്യമായി പറഞ്ഞതും തെളിവെടുപ്പിനിടെയായിരുന്നു. ഉത്രയുടെ പാമ്പുകടിയെപ്പറ്റിയും മയക്കുമരുന്ന് നല്‍കിയിരുന്നതിനെപ്പറ്റിയുമെല്ലാം ഡോക്ടര്‍മാരും ഫൊറന്‍സിക് വിദഗ്ധരും ശാസ്ത്രീയനിഗമനങ്ങള്‍ നല്‍കി.