തിക്രൂരമായ കുറ്റകൃത്യത്തിന് പുറമേ സ്ത്രീധന വിവാഹങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഉത്ര വധക്കേസ് കാരണമായിരുന്നു. ഭിന്നശേഷിക്കാരിയായ ഉത്രയ്ക്ക് നൂറോളം പവന്‍ സ്വര്‍ണവും പണവും കാറുമാണ് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയത്. സാധാരണ കുടുംബത്തില്‍നിന്നുള്ള സൂരജിന് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായിരുന്നു ഇത്. സാമ്പത്തികം മാത്രം ലക്ഷ്യമിട്ടാണ് ഇഷ്ടമില്ലാതിരുന്നിട്ടും ഭിന്നശേഷിക്കാരിയായ ഉത്രയെ വിവാഹം കഴിച്ചതെന്നും സൂരജ് സമ്മതിച്ചിരുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വായ്പ വിഭാഗത്തിലായിരുന്നു സൂരജിന്റെ ജോലി. അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയും സഹോദരി സൂര്യയും അടങ്ങുന്ന കുടുംബം. 2018 മാര്‍ച്ച് 25-നാണ് സൂരജും ഉത്രയും വിവാഹിതരാകുന്നത്. നാട്ടിലും മറ്റും സൗമ്യനായി കണ്ടിരുന്ന സൂരജിനെക്കുറിച്ച് നാട്ടുകാര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇരുവീട്ടുകാരും ആലോചിച്ചാണ് വിവാഹം നടത്തിയത്.

ഭിന്നശേഷിക്കാരിയായ മകളെ സൂരജിനെപ്പോലെ കാണാന്‍കൊള്ളാവുന്ന യുവാവ് വിവാഹം കഴിക്കാമെന്ന് പറഞ്ഞതോടെ വിജയസേനനും മണിമേഖല ടീച്ചര്‍ക്കും സന്തോഷമാണ് തോന്നിയത്. ഭര്‍തൃവീട്ടില്‍ മകള്‍ക്ക് ഒരു കുറവും ഉണ്ടാകരുതെന്നും ഇവര്‍ ആഗ്രഹിച്ചു. വിവാഹസമയത്ത് 96 പവന്‍ സ്വര്‍ണവും പണവുമാണ് ഇവര്‍ സൂരജിന് നല്‍കിയത്. സൂരജ് ആഗ്രഹിച്ച കാറും വാങ്ങിനല്‍കി. നാലേക്കര്‍ സ്ഥലവും നല്‍കാമെന്ന് പറഞ്ഞിരുന്നു.

വിവാഹത്തിന് ശേഷവും ഉത്രയുടെ വീട്ടുകാര്‍ സൂരജിന് സ്ഥിരമായി പണം നല്‍കിയിരുന്നു. ഇതിനിടെ പല ആവശ്യങ്ങള്‍ പറഞ്ഞും സൂരജിന്റെ വീട്ടുകാര്‍ പണം കൈപ്പറ്റി. ഭര്‍തൃവീട്ടിലേക്ക് ഫ്രിഡ്ജും വാഷിങ് മെഷീനും മറ്റും വാങ്ങിത്തരണമെന്ന് ഉത്രയെ കൊണ്ട് സൂരജും കുടുംബവും പറയിപ്പിച്ചു.

സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കര്‍ക്ക് ഓട്ടോ വാങ്ങാനും ഉത്രയുടെ കുടുംബമാണ് സാമ്പത്തികസഹായം നല്‍കിയത്. കുഞ്ഞുണ്ടായപ്പോള്‍ 12 പവനോളം സ്വര്‍ണവും നല്‍കി. ഇതിനിടെ, സഹോദരി സൂര്യയ്ക്ക് കോളേജില്‍ പോകാനായി സ്‌കൂട്ടര്‍ വാങ്ങിനല്‍കണമെന്ന് സൂരജ് ഉത്രയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരാകരിച്ചതോടെയാണ് പക തുടങ്ങിയത്. തുടര്‍ന്ന് ആര്‍ക്കും സംശയമില്ലാത്തരീതിയില്‍ ഉത്രയെ കൊലപ്പെടുത്തി, മകനെ മുന്‍നിര്‍ത്തി വീണ്ടും അവരുടെ സ്വത്ത് കൈക്കലാക്കാമെന്നും സൂരജ് കണക്കുക്കൂട്ടി. ഇതാണ് അതിദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്.

അടൂരില്‍ ഭര്‍തൃവീട്ടിലെ താമസത്തിനിടെ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും ഉത്രയെ ഉപദ്രവിച്ചിരുന്നു. പണത്തിന്റെ പേരിലും മറ്റുമാണ് മാനസികമായും ശാരീരികമായും ഇവര്‍ ഉത്രയെ ഉപദ്രവിച്ചിരുന്നത്. ഉത്ര കൊല്ലപ്പെട്ടതിന് പിന്നാലെ ഗാര്‍ഹിക പീഡന ക്കേസില്‍ ഇവരും അറസ്റ്റിലായിരുന്നു. സൂരജ് അറസ്റ്റിലായ ദിവസം ഒരുവയസ്സുള്ള മകനെ ഇവര്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതും നാടകീയരംഗങ്ങള്‍ക്ക് വഴിവെച്ചിരുന്നു.