കൊല്ലം: 'പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചു'. 2020 മെയ് എട്ടാം തീയതിയിലെ വാര്‍ത്ത ഇങ്ങനെയായിരുന്നു. തുടക്കത്തിലെ അസ്വാഭാവികത തോന്നിയ ഉത്രയുടെ മരണത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചത് കേരളം ഞെട്ടിയ ട്വിസ്റ്റുകള്‍. സര്‍പ്പകോപമെന്നും സര്‍പ്പദോഷമെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പിടിയിലായത് ഉത്രയുടെ ഭര്‍ത്താവ് സൂരജും. ഒടുവില്‍ ഒന്നരവര്‍ഷത്തിന് ശേഷം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലക്കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതിയും കണ്ടെത്തിയിരിക്കുന്നു.

2020 മെയ് ഏഴാം തീയതി രാവിലെയാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ വിജയസേനന്‍-മണിമേഖല ദമ്പതിമാരുടെ മകള്‍ ഉത്ര(25)യെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വിളിച്ചിട്ടും ഉത്ര ഉണരാതിരുന്നതോടെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് വ്യക്തമായത്. ഉത്ര മരിച്ചതായും സ്ഥിരീകരിച്ചു.

2020 മാര്‍ച്ച് രണ്ടാംതീയതി അടൂര്‍ പറക്കോട്ടെ ഭര്‍തൃവീട്ടില്‍വെച്ചും ഉത്രയെ പാമ്പ് കടിച്ചിരുന്നു. അണലിവര്‍ഗത്തില്‍പ്പെട്ട പാമ്പാണ് അന്ന് കടിച്ചത്. ഇതിന്റെ ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് രണ്ടാമത് മൂര്‍ഖന്‍ പാമ്പും കടിച്ചത്. തുടര്‍ച്ചയായി പാമ്പ് കടിയേറ്റതും യുവതി മരിച്ചതും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. ചിലര്‍ സര്‍പ്പകോപമെന്നെല്ലാം പറഞ്ഞെങ്കിലും മൂന്ന് മാസത്തിനിടെ രണ്ട് തവണ പാമ്പ് കടിയേറ്റത് പലരിലും സംശയം ജനിപ്പിച്ചിരുന്നു.

അടൂരിലെ വീട്ടില്‍ ബോധംകെട്ടുവീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് അന്ന് പാമ്പ് കടിയേറ്റത് മനസിലായത്. ആദ്യം അടൂര്‍ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. പാമ്പ് കടിയേറ്റ കാലില്‍ പ്ലാസ്റ്റിക് സര്‍ജറിയും നടത്തിയിരുന്നു. ഇതിനുശേഷമാണ് ഒരുവയസ്സുള്ള മകന്‍ ധ്രുവിനെ ഭര്‍തൃവീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടില്‍ വിശ്രമത്തിനായി എത്തിയത്.

2020 മെയ് ആറാം തീയതി ഭര്‍ത്താവ് സൂരജ് ഉത്രയുടെ വീട്ടിലെത്തിയിരുന്നു. പിറ്റേദിവസം ഉത്രയെ ആശുപത്രിയില്‍ കാണിക്കാനുള്ളതിനാലാണ് സൂരജ് തലേദിവസം എത്തിയത്. എന്നാല്‍ മെയ് ഏഴാം തീയതി രാവിലെ ഉത്രയുടെ ചലനമറ്റ ശരീരമാണ് ബന്ധുക്കള്‍ കണ്ടത്.

സംഭവദിവസം രാത്രി 12 മണിയോടെ ഉത്ര ഉറക്കത്തില്‍നിന്ന് എഴുന്നേറ്റിരുന്നതായാണ് സൂരജ് ആദ്യം പറഞ്ഞിരുന്നത്. നേരം പുലര്‍ന്നിട്ടും എഴുന്നേല്‍ക്കാത്തതിനാല്‍ മയങ്ങികിടക്കുകയാണെന്ന് കരുതി. പിന്നീട് വിളിച്ചപ്പോഴാണ് അനക്കമില്ലെന്ന് ബോധ്യപ്പെട്ടതെന്നും സൂരജ് പറഞ്ഞിരുന്നു.

അതിനിടെ, ടൈലുകള്‍ പാകിയ എ.സി. മുറിയില്‍ എങ്ങനെ പാമ്പുകള്‍ കയറിയെന്നത് ബന്ധുക്കളില്‍ സംശയമുണ്ടാക്കി. പാമ്പ് കടിയേറ്റാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇവര്‍ ആരോപിച്ചു. ഭര്‍ത്താവ് സൂരജിന്റെ പെരുമാറ്റവും മറ്റുമാണ് സംശയത്തിന് കാരണമായത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷും പിടിയിലായി. ഇയാളെ പിന്നീട് മാപ്പ് സാക്ഷിയാക്കി. സ്ത്രീധനപീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും അറസ്റ്റിലായി. ഉത്ര കൊലക്കേസില്‍ സൂരജ് മാത്രമാണ് പ്രതി.

Content Highlights: uthra murder case first day news and twists