കൊല്ലം: സൂരജാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്ന ഇരുപതില്പരം സാഹചര്യത്തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയത്. ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നത്. രണ്ടുതവണയും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ പ്രതി തയ്യാറായില്ല.

ഉത്രയ്ക്ക് സഹിക്കാനാവാത്ത പീഡനങ്ങളാണ് ഭര്‍തൃഗൃഹത്തിലെന്ന് വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. 2020 ജനുവരിയില്‍ തിരികെവിളിച്ചുകൊണ്ടുവരാനിരുന്ന ബന്ധുക്കളോട് ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കി. അന്നുമുതലാണ് സൂരജ് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയത്.

ഇന്റര്‍നെറ്റിലെ പാമ്പുപിടിത്തം

അണലിയെപ്പറ്റിയും പാമ്പുപിടിത്തക്കാരന്‍ ചാവര്‍കാവ് സുരേഷിനെപ്പറ്റിയും ഇന്റര്‍നെറ്റില്‍ തിരഞ്ഞു. 2020 ഫെബ്രുവരി 12 മുതല്‍ സുരേഷുമായി ബന്ധംസ്ഥാപിച്ചു. ഇരുവരും 18-ന് ചാത്തന്നൂര്‍വെച്ച് നേരില്‍ക്കണ്ടു.

ഫെബ്രുവരി 24-ന് കല്ലുവാതുക്കല്‍ ഊഴായിക്കോടുനിന്ന് സുരേഷ് അണലിയെ സൂരജിനു കൈമാറി. തൊട്ടടുത്ത ദിവസം മുകളിലെ കിടപ്പുമുറിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ എടുക്കാന്‍പോയ ഉത്ര കോണിപ്പടിയില്‍ പാമ്പിനെ കണ്ടു. ഈ വിവരം ഉത്ര മാതാപിതാക്കളോട് പറഞ്ഞത് മരണമൊഴി എന്ന തെളിവുനിയമത്തിലെ 32-ാം വകുപ്പ് പ്രകാരം പ്രസക്തമാണ് എന്നു വാദിച്ചു.

എങ്ങനെ പാമ്പുകടിയേറ്റു, ഉത്തരമില്ല

ഉത്രയ്ക്ക് എങ്ങനെയാണ് 2020 മാര്‍ച്ച് മൂന്നിന് പാമ്പുകടിയേറ്റതെന്നോ എത്ര മണിക്കാണ് കടിച്ചതെന്നോ സൂരജ് കോടതിയില്‍ പറഞ്ഞില്ല. മുഖ്യമന്ത്രിക്ക് സൂരജ് നല്‍കിയ പരാതിയില്‍ 2020 മാര്‍ച്ച് മൂന്നിന് രാത്രി ഒന്നിന് ഭാര്യയ്ക്ക് കാലുവേദനയുണ്ടായെന്ന് പറയുന്നു. അന്നു പുലര്‍ച്ചെ 2.54-നു മാത്രമാണ് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സുഹൃത്ത് സുജിത്തിനോട് ആവശ്യപ്പെടുന്നത്.

വേദനകൊണ്ടുപുളയുന്ന ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസിപ്പിച്ചത് മരണം ഉറപ്പാക്കാനായിരുന്നു. വീട്ടില്‍ രണ്ടു വാഹനം ഉണ്ടായിട്ടും സൂരജ് സ്വയം ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല. കോടതിയില്‍ നല്‍കിയ വിശദീകരണം താനന്ന് മദ്യപിച്ചിരുന്നെന്നാണ്. ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍പോലും വാഹനമോടിക്കില്ല എന്ന വാദം സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്.

ആശുപത്രിയിലിരുന്നും മൂര്‍ഖനെ തേടി

അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയില്‍ കിടക്കുമ്പോള്‍ത്തന്നെ സൂരജ് മൂര്‍ഖന്‍പാമ്പിനെ തിരഞ്ഞുതുടങ്ങിയത് മനുഷ്യത്വത്തിന്റെ ഒരളവുകോലുകൊണ്ടും അളക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും ചാവര്‍കാവ് സുരേഷിനെ വിളിച്ചതും മൂര്‍ഖനെ ആവശ്യപ്പെട്ടതും തിരുവല്ലയിലെ ആശുപത്രിയില്‍ ഇരുന്നുകൊണ്ടുതന്നെയാണ്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഇതിനു തെളിവാണ്.

കറുത്ത തോള്‍സഞ്ചി

പാമ്പിനെ കൊണ്ടുവന്ന കറുത്ത തോള്‍സഞ്ചി തന്റേതല്ലെന്ന് വിചാരണവേളയില്‍ പ്രതി പറഞ്ഞിരുന്നു. 2020 മേയ് ആറിനാണ് ഉത്രയുടെ വീട്ടിലേക്ക് സൂരജ് കറുത്ത ബാഗ് കൊണ്ടുവന്നത്. ഇതിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്.

അന്ന് 11.30-ന് ഇതേ ബാഗ് ധരിച്ച് ഏഴംകുളം സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എമ്മില്‍നിന്ന് സൂരജ് പണം പിന്‍വലിക്കുന്ന വീഡിയോദൃശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 2020 ഏപ്രില്‍ 24-ന് ചാവര്‍കാവ് സുരേഷ് കൈമാറിയ പാമ്പിനെ ഇതേ ബാഗിലാണ് കൊണ്ടുപോയത്.

പുറത്തെറിഞ്ഞ കുപ്പി പിന്നീട് കണ്ടെടുത്തു. ഇതില്‍ പാമ്പിന്റെ അടയാളങ്ങള്‍ കണ്ടുകിട്ടി.2020 മേയ് ഏഴിന് പതിവില്ലാതെ അതിരാവിലെ സൂരജ് ഉണര്‍ന്ന്, മരിച്ചുകിടന്ന ഉത്രയെ നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങിയെന്നത് സംശയംജനിപ്പിക്കുന്ന പ്രവൃത്തിയാണ്. ഉത്രയ്ക്ക് രണ്ടുതവണ പാമ്പുകടിയേറ്റപ്പോഴും മയക്കുമരുന്നുകള്‍ നല്‍കിയിരുന്നെന്ന് ശാസ്ത്രീയ തെളിവുകള്‍കൊണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് സമര്‍ഥിച്ചു.