കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സൂരജിന് ഇന്ന് ശിക്ഷ വിധിക്കും. സൂരജിന് പാമ്പിനെ നല്‍കിയ ചാവരുകാവ് സുരേഷിന്റെ മൊഴികള്‍ കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിനും സൂരജ് കൊലപാതകം ആസൂത്രണം ചെയ്ത രീതി തെളിയിക്കുന്നതിനും നിര്‍ണായകമായിരുന്നു. സൂരജിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങള്‍ സുരേഷ് കോടതി മുമ്പാകെ വെളിപ്പെടുത്തിയതും കേസില്‍ സൂരജിനെതിരായ തെളിവുകള്‍ നിരത്തുന്നതിന് അന്വേഷണ സംഘത്തെ സഹായിച്ചു.

മാനസികവളര്‍ച്ചയില്ലാത്ത ഭാര്യക്കൊപ്പം ജീവിക്കാന്‍ വയ്യെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും സൂരജ് സുരേഷിനോട് തുറന്ന് പറഞ്ഞിരുന്നു. തന്റെ കയ്യില്‍ നിന്ന് വാങ്ങിയ പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് കൃത്യം നിര്‍വഹിച്ചതെന്ന് അറിഞ്ഞപ്പോള്‍ മാനസികമായി ആകെ തകര്‍ന്നിരുന്നു. ഉത്ര മരിച്ച വിവരം അറിഞ്ഞപ്പോള്‍ സൂരജിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചാണ് ഭാര്യ മരിച്ചെന്ന് അറിയിച്ചത്.

സുരേഷിന്റെ കയ്യില്‍ നിന്ന് വാങ്ങിയ പെണ്‍മൂര്‍ഖന്റെ കടിയേറ്റാണ് ഉത്ര മരിച്ചത്. മിണ്ടാപ്രാണിയെ ഉപയോഗിച്ച് എന്തിനാണ് ഈ ക്രൂരത ചെയ്തതെന്ന് ചോദിച്ചപ്പോള്‍ സൂരജ് ഒന്നും മിണ്ടിയില്ല.  കാര്യങ്ങളൊന്നും ആരോടും പറയരുതെന്നും ഇതൊരു സര്‍പ്പ ദോഷമായി എല്ലാവരും കരുതിക്കോളുമെന്നുമാണ് സൂരജ് സുരേഷിനോട് പറഞ്ഞത്. സൂരജ് കേസില്‍പ്പെട്ടാല്‍ താനും ജയിലിലാകുമെന്ന് പറഞ്ഞിരുന്നുവെന്നും സുരേഷ് പറയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു.

കാര്യങ്ങള്‍ പോലീസില്‍ അറിയിക്കാമെന്ന് മകള്‍ പറഞ്ഞെങ്കിലും അന്ന് അതിന് സാധിച്ചില്ല-സുരേഷ് മൊഴിയില്‍ വ്യക്തമാക്കി. 2020 ഫെബ്രുവരി 12-നാണ് സൂരജ് തന്നെ ആദ്യമായി വിളിച്ചു പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍ നേരിട്ടുകണ്ടു. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26-ന് വെളുപ്പിന് പ്രതിയുടെ അടൂരിലെ വീട്ടില്‍ ചെന്നത്. അന്ന് തന്റെ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപയ്ക്ക് വാങ്ങി.

വീട്ടുപരിസരത്തും പാമ്പുകളുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടു. ബോധവത്കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസേന കൈകാര്യംചെയ്തു. മാര്‍ച്ച് 21-ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുള്ളതിനാല്‍ താന്‍ 7,000 രൂപ വാങ്ങി മൂര്‍ഖനെ കൊടുത്തു. പിന്നീട് ഉത്ര മരിച്ചതിന് ശേഷം മാത്രമാണ് സൂരജ് സുരേഷിനെ വിളിച്ചത്. കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രമായിരുന്നു ആ ഫോണ്‍ കോള്‍.

Content Highlights: suresh who gave snakes to sooraj reveals the total plot of his friendship with the culprit