കൊല്ലം: മൃഗത്തെ ഉപയോഗിച്ചുള്ള കൊലപാതകം തെളിയിച്ചത് പോലീസിന്റെ മികച്ച അന്വേഷണംകൊണ്ട് മാത്രമാണെന്നും ഇതില്‍ വധശിക്ഷ ഒഴികെയുള്ള ഏത് ശിക്ഷയും ചെറിയ ശിക്ഷയാണെന്നും ഉത്ര കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്. കുറഞ്ഞ ശിക്ഷ നല്‍കിയാല്‍ സമൂഹത്തില്‍ വേറെ ആര്‍ക്കും ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയായി മാറാം. അതുകൊണ്ട് അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് വധശിക്ഷ നല്‍കണമന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടുവെന്നും ജി. മോഹന്‍രാജ് പറഞ്ഞു.

പ്രോസിക്യൂഷന്‍ ആരോപിച്ച കൊലാതകം, കൊലപാതകശ്രമം, വിഷം നല്‍കി പരിക്കേല്‍പ്പിക്കുക, തെളിവ് നശിപ്പിക്കുക എന്നീ നാല് കുറ്റകൃത്യത്തിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിയുടെ ചെറിയ പ്രായം, മാനസാന്തരപ്പെടാനുള്ള സമയം എന്നിവ പരിഗണിക്കണമെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചത്. 

വധശിക്ഷയെ പറ്റിയുള്ള കോടതിയുടേയോ പ്രോസിക്യൂട്ടര്‍മാരുടേയോ വ്യക്തിപരമായ ശരിതെറ്റുകളല്ല ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടത്. ഒരു കേസിലെ പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ ആവശ്യപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധിയുണ്ട്. അതില്‍ അഞ്ച് സാഹചര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നാല് സാഹചര്യങ്ങളും ഈ കേസിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മനോജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി പ്രതിയോട് ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി. തുടര്‍ന്ന് പ്രോസിക്യൂഷനും വാദം നടത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിതെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു. ഉത്രയുടെ ബന്ധുക്കളും വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നു. ദാരുണമായ കൊലക്കേസിന്റെ വിധി അറിയാന്‍ വന്‍ജനക്കൂട്ടമാണ് കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയത്. 

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശ്ശേരില്‍വീട്ടില്‍ ഉത്രയെ (25) സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

Content Highlights: Special public prosecutor G Mohan Raj on Uthra murder case