അടൂര്‍: അഞ്ചല്‍ ഉത്ര വധക്കേസില്‍ മകന്‍ സൂരജ് കുറ്റക്കാരനല്ലെന്നാണ് ആദ്യ ഘട്ടത്തില്‍ സൂരജിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചത്. മകന്‍ അറസ്റ്റിലായപ്പോള്‍ അച്ഛന്‍ പ്രതികരിച്ചതാകട്ടെ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ലഭിക്കട്ടേയെന്നും. പിന്നീട് സൂരജിന്റെ അച്ഛന് എല്ലാം അറിയാം എന്ന വിവരം പുറത്ത് വന്നു. പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സൂരജ് കുറ്റം ചെയ്തിട്ടില്ലെന്ന് അന്വേഷണാരംഭത്തില്‍ പരസ്യമായി പറഞ്ഞ കുടുംബാംഗങ്ങള്‍ പക്ഷേ, വിധി ദിനത്തില്‍ മൗനത്തിലാണ്. ഏറ്റവും അടുത്ത അയല്‍വാസികളോട് പോലും സൗഹൃദമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണ് അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീടായ ശ്രീസൂര്യയിലുള്ളവര്‍.

വിധി വരുന്ന ദിവസമായതിനാല്‍ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഇവര്‍ തയ്യാറായില്ല. വീടിനുള്ളിലെ മുറിക്കുള്ളില്‍ തന്നെ ഒതുങ്ങിക്കഴിയുകയാണ് കുടുംബം ഇപ്പോള്‍. 

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകനെ ന്യായീകരിക്കുകയായിരുന്നു മാതാപിതാക്കള്‍. ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയും പറഞ്ഞിരുന്നത്. മകനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും അമ്മ രേണുക അന്ന് പറഞ്ഞിരുന്നു.

ഉത്രയുടെ മരണത്തിന് ശേഷം ലോക്കറില്‍നിന്ന് അവരുടെ ആഭരണങ്ങള്‍ എടുത്ത സൂരജ് വീട്ടുവളപ്പില്‍ അത് കുഴിച്ചിട്ടതായി കണ്ടെത്തിയതോടെയാണ് മാതാപിതാക്കളും സംശയനിഴലിലായത്.അനുബന്ധമായി രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസില്‍ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികളാണ്.

Content Highlights:  Sooraj`s family not in contact with even close neighbours after murder case