കൊല്ലം: കോടതിമുറിയില്‍ കൂസലില്ലാതെയാണ് ഉത്രവധക്കേസ് പ്രതി സൂരജ് നിന്നത്. ജഡ്ജി ശിക്ഷാവിധി വായിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലായിരുന്നു. വായിച്ചുതീര്‍ന്നപ്പോള്‍ പ്രതിക്കൂട്ടില്‍നിന്നിറക്കി. തൊട്ടടുത്തുനിന്ന തന്റെ അഭിഭാഷകരോട്, വിധിയെന്താണെന്ന് ചോദിച്ചു. വധശിക്ഷയില്ലെന്നും തടവേയുള്ളൂവെന്നും അഭിഭാഷകര്‍ പറഞ്ഞപ്പോഴും നിര്‍വികാരനായി നില്‍ക്കുകയായിരുന്നു.

ദുഃഖഭാരം താങ്ങാനാകാതെ കോടതിവരാന്തയിലിരുന്ന ഉത്രയുടെ അച്ഛന്‍ വിജയസേനന്റെയും സഹോദരന്‍ വിഷുവിന്റെയും മറ്റു ബന്ധുക്കളുടെയും സമീപത്തുകൂടിയാണ് സൂരജിനെ കൊണ്ടുപോയത്. സൂരജിനെ കണ്ട് മറ്റു ബന്ധുക്കള്‍ മുഖംതിരിച്ചു. വിജയസേനനെ കണ്ടയുടന്‍ സൂരജ് വേഗത്തില്‍ മുറിക്കുള്ളിലേക്കു പോകുകയായിരുന്നു.

കുറ്റം വീണ്ടും നിഷേധിച്ച് സൂരജ്

ഉത്രയെ കൊലപ്പെടുത്തിയശേഷം മാധ്യമങ്ങള്‍ക്കുമുന്നില്‍ സൂരജ് പലതവണ കുറ്റം നിഷേധിച്ചിരുന്നു. തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ ഞാനൊന്നും ചെയ്തിട്ടില്ലച്ഛാ എന്ന് ഉത്രയുടെ അച്ഛനോട് സൂരജ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് എല്ലാം ഞാനാണ് ചെയ്തതെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തു. എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് സൂരജ് വ്യക്തമായ മറുപടിനല്‍കിയതുമില്ല.

കോടതിയില്‍ നടന്നത്

  • രാവിലെ 11.50: ജില്ലാ ജയിലില്‍നിന്ന് എതിര്‍വശത്തുള്ള കോടതിയിലേക്ക് കനത്ത പോലീസ് കാവലില്‍ പ്രതി സൂരജ് എസ്. കുമാറിനെ എത്തിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി മുറിയില്‍ കയറ്റിയപാടേ പ്രതിയുടെ വിലങ്ങഴിച്ചു. പ്രതിക്കൂടിനോടു ചേര്‍ന്ന് ഭിത്തിയില്‍ ചാരിനിന്ന സൂരജിനോട് അഭിഭാഷകര്‍ സംസാരിച്ചുകൊണ്ടിരുന്നു. എല്ലാം തലയാട്ടി കേട്ടു.
  • 11.59: ജഡ്ജി എം. മനോജ് സീറ്റിലെത്തി. 12 മണിയോടെ ശിക്ഷാവിധി വായിച്ചുതുടങ്ങി. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമെല്ലാം ശ്രദ്ധയോടെ വിധി കേട്ടുകൊണ്ടിരുന്നു. സൂരജ് കൂസലില്ലാതെ പ്രതിക്കൂട്ടില്‍ നിന്നു. 12.14-ന് വിധി വായിച്ചുതീര്‍ന്ന ജഡ്ജി മുറിയിലേക്ക് മടങ്ങി. പ്രതിക്കൂടിന് പുറത്തിറങ്ങിയ സൂരജ് പുറത്ത് കസേരയിലിരുന്നു.
  • 12.22: ജയിലേക്ക് അയക്കുന്നതിനുമുമ്പ് തിരിച്ചറിയല്‍ അടയാളം പരിശോധിച്ചു.
  • 12.25: സൂരജ് പ്രതിക്കൂടിന് പുറത്ത് കസേരയിലിരുന്നു. അഭിഭാഷകരുമായി സംസാരിച്ചു.
  • 3.15: വിധിന്യായത്തിന്റെ പകര്‍പ്പ് നല്‍കിയശേഷം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകാനായി കോടതിയില്‍നിന്നിറക്കി. മാധ്യമങ്ങളോട് അപ്രതീക്ഷിത പ്രതികരണം. കോടതിയില്‍നടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരെ നോക്കി സൂരജ് വിളിച്ചുപറഞ്ഞു. തന്നെയും ഉത്രയെയും കുഞ്ഞിനെയുംപറ്റി പറയുന്നതെല്ലാം തെറ്റാണ്. ഉത്ര ബി.എ.വരെ പഠിച്ചവളാണ്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ചുനോക്കിയാല്‍ എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് പറഞ്ഞു.

പാമ്പുപിടിത്തക്കാരന് മോചനമില്ല

ഉത്രവധക്കേസില്‍ മാപ്പുസാക്ഷിയായതിനെത്തുടര്‍ന്ന് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും പാമ്പുപിടിത്തക്കാരന്‍ ചാവര്‍കാട് സുരേഷിന് ജയിലില്‍നിന്ന് ഉടനെ പുറത്തിറങ്ങാനാകില്ല. വനംവകുപ്പിന്റെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇയാള്‍ക്ക് വിചാരണത്തടവുകാരനായി തുടരേണ്ടിവരും. സുരേഷിന്റെ വീട്ടില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ ഒരു മൂര്‍ഖനെ പിടികൂടിയിരുന്നു. ഈ കേസില്‍ പുനലൂര്‍ വനം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

അനധികൃതമായി പാമ്പുകളെ പിടിക്കുകയും പതിനായിരം രൂപയ്ക്ക് അണലിയെയും 7000 രൂപയ്ക്ക് മൂര്‍ഖനെയും സൂരജിന് വില്‍ക്കുകയും ചെയ്തതിന് സുരേഷിന്റെ പേരില്‍ കേസുണ്ട്. അണലിയെയും മൂര്‍ഖനെയും ഉപയോഗപ്പെടുത്തിയതിന് വനംവകുപ്പ് സൂരജിനെതിരെ രണ്ടു കേസെടുത്തിട്ടുണ്ട്. വന്യജീവി നിയമപ്രകാരമുള്ള കേസില്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. ഗാര്‍ഹികപീഡനക്കേസിലും സൂരജ് വിചാരണ നേരിടേണ്ടിവരും.

ഒന്നും അറിയാതെ ആര്‍ജവ്

പതിവില്ലാതെ ഒട്ടേറെപ്പേര്‍ വീട്ടിലെത്തുകയും ഒന്നിച്ചിരുന്ന് ടി.വി. കാണുകയും ചെയ്യുമ്പോള്‍ ഉത്രയുടെ മകന്‍ ആര്‍ജവ് വീടിനുള്ളില്‍ ഓടിനടക്കുന്നുണ്ടായിരുന്നു. കൂടുതല്‍ മാധ്യമങ്ങളും ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ ഈ രണ്ടരവയസ്സുകാരനെ വീട്ടുകാര്‍ മാറ്റി. ധ്രുവ് എന്നു വിളിച്ചിരുന്ന കുട്ടിയുടെ പേര് സംഭവത്തിനുശേഷം ഉത്രയുടെ മാതാപിതാക്കള്‍ ആര്‍ജവ് എന്ന് മാറ്റിയിരുന്നു.

സ്വാഗതാര്‍ഹം -വനിതാകമ്മിഷന്‍

ഉത്ര വധക്കേസില്‍ വിധി സ്വാഗതാര്‍ഹമെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. കേരളീയ സമൂഹത്തില്‍ സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുന്നതാണ് വിധി. സമയബന്ധിതമായി നീതിനിര്‍വഹണം നടത്താന്‍ കഴിഞ്ഞു. അവര്‍ പറഞ്ഞു.

Content Highlights: Sooraj awarded double life sentence for killing wife using cobra in Uthra murder case