കൊല്ലം:  ചെറിയ ന്യൂനതകളുണ്ടായിരുന്നെങ്കിലും ഉത്രയെ ഇഷ്ടമായി എന്ന് സൂരജും വീട്ടുകാരും പറഞ്ഞതനുസരിച്ചാണ് മാതാപിതാക്കള്‍ വിവാഹനിശ്ചയം നടത്തിയത്. വിവാഹത്തിന് മുന്‍പ് കൂടുതല്‍ പണവും സ്വര്‍ണവും വിലകൂടിയ കാറുമൊക്കെ ആവശ്യപ്പെട്ടെങ്കിലും മകളുടെ ഭാവിജീവിതം സന്തോഷകരമാകാനാണ് അച്ഛന്‍ വിജയസേനന്‍ അതെല്ലാം സാധിച്ചുകൊടുത്തത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞതോടെ ഉത്രയക്ക് സൂരജിന്റെ വീട്ടില്‍ മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുതുടങ്ങി. പണത്തോടുള്ള ആര്‍ത്തിയാണ് ഈ വിവാഹത്തിന് പിന്നിലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞുവെങ്കിലും മകള്‍ക്ക് വേണ്ടി എല്ലാം സഹിക്കുകയായിരുന്നു. സൂരജിന്റെ അമ്മയും സഹോദരിയും മാനസികമായി പീഡിപ്പിക്കുന്നതായി ഉത്ര വീട്ടുകാരോട് പറഞ്ഞിരുന്നു.

ഉത്രയുടെ ന്യൂനതകള്‍ ഉള്‍ക്കൊണ്ട് അവളെ വിവാഹം കഴിച്ചുവെന്ന് കരുതിയ സൂരജിന്റെ നോട്ടം പണത്തിലും സ്വത്തിലും മാത്രമായിരുന്നു. ഉത്രയെ മുന്‍നര്‍ത്തി സൂരജ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുത്തുവെങ്കിലും സൂരജിന്റെ വീട്ടില്‍ തുടരുന്നതിലെ ബുദ്ധിമുട്ട് ഉത്ര പറഞ്ഞപ്പോള്‍ അഞ്ചലിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.

ഇനി പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് സൂരജ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഉത്രയെ അവിടേക്ക് പറഞ്ഞുവിടുകയും ചെയ്തു. മകളുടെ ന്യൂനതകള്‍ അംഗീകരിക്കുന്ന ഒരു വിവാഹാലോചന സൂരജിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ സ്വത്തിന് വേണ്ടി മാത്രം വിവാഹം കഴിച്ച സൂരജ് മകളെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് മാതാപിതാക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഉത്ര വധക്കേസില്‍ പ്രതി സൂരജിനും കുടുംബാംഗങ്ങള്‍ക്കും എതിരായ ഗാര്‍ഹിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിന്റെ വിചാരണ പ്രത്യേകം നടക്കും. പുനലൂര്‍ കോടതിയിലാണ് ഈ കേസ്. സൂരജ്, പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കിയാണ് ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights: sooraj and family demanded more money and gold frequently