കാസര്‍കോട്: ഉത്ര കൊലക്കേസില്‍ പ്രതി സൂരജിന് ജീവപര്യന്തം ശിക്ഷ ലഭിക്കുമ്പോള്‍ കേസിന് തെളിവുകള്‍ നല്‍കി ശക്തിപകര്‍ന്നവരില്‍ ഒരു കാസര്‍കോട്ടുകാരനുമുണ്ട്. പാമ്പിനെക്കൊണ്ട് കൊത്തിച്ച് നടത്തിയ അപൂര്‍വ കൊലപാതകത്തിലെ തെളിവുകള്‍ കണ്ടെത്തിയ ശാസ്ത്രീയ സംഘത്തില്‍ മധൂര്‍ സ്വദേശി എം.വി.മവീഷ് കുമാറുമുണ്ടായിരുന്നു. ഈ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കേസിലെ ഡമ്മിപരീക്ഷണം.

കേസിന്റെ ചില പ്രത്യേകതകള്‍ കാരണമാണ് ഡമ്മി പരീക്ഷണം നടത്തിയതെന്ന് മവീഷ് പറഞ്ഞു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം ഉത്ര അബോധാവസ്ഥയിലായിരുന്നു. ചലനമില്ലാത്ത അവസ്ഥയില്‍ മൂര്‍ഖന്‍ കടിക്കുകയെന്നത് നടക്കാത്ത കാര്യമാണ്. അര്‍ധരാത്രിയാണ് പാമ്പുകടിയേറ്റത്. ആ സമയം മൂര്‍ഖന്‍ സജീവമല്ലാത്ത നേരമാണ്. രാവിലെ ഇരപിടിച്ച് രാത്രി വിശ്രമാവസ്ഥയിലാണ് മൂര്‍ഖന്‍. അടച്ചിട്ട മുറിയില്‍ പാമ്പ് കയറാന്‍ പറ്റാത്തത്ര ഉയരത്തിലായിരുന്നു ജനല്‍. വാതിലും നിലവും തമ്മിലുള്ള വിടവിലൂടെ പാമ്പിന് കയറാനും സാധിക്കില്ല. ഇക്കാരണങ്ങളാലാണ് ഡമ്മിപരീക്ഷണം ആവശ്യപ്പെട്ടത്.

കൊലപാതകരംഗം പുനഃസൃഷ്ടിച്ചു

കൊലപാതകരംഗം പൂര്‍ണമായും പുനഃസൃഷ്ടിച്ചായിരുന്നു ഡമ്മി പരീക്ഷണം. സൂരജ് രാത്രിസമയത്ത് പാമ്പിനെ കൊണ്ടുവന്ന പാത്രത്തില്‍ അതേ വലുപ്പത്തിലുള്ള മൂന്ന് പാമ്പുകളെ കൊണ്ടുവന്നു. സൂരജും ഉത്രയും കിടന്ന രണ്ട് കിടക്ക, മുറിയുടെ മൂലയില്‍ അലമാര, മേശ എന്നിങ്ങനെ എല്ലാം സജ്ജീകരിച്ചു. പാമ്പിനെ ഡമ്മിക്ക് മുകളില്‍ ഇട്ടപ്പോള്‍ ഇളകാതെ കിടക്കുന്ന ഡമ്മിയില്‍ പാമ്പ് കടിക്കാതെ ഇറങ്ങി അലമാരയുടെ അടിയിലേക്ക് പോയെന്ന് മവീഷ് പറഞ്ഞു. രാത്രി സമയത്ത് പാമ്പ് ഇരുട്ടിലേക്ക് മാറുന്നതായി ഇതില്‍നിന്ന് കണ്ടെത്തി. മൂന്ന് പാമ്പുകളെ പരീക്ഷിച്ചപ്പോഴും ഇതേ അനുഭവമായിരുന്നു.

പല തവണ പ്രകോപിപ്പിച്ചിട്ടും കടിക്കാതെ ഒഴിഞ്ഞുമാറുന്ന രീതിയായിരുന്നു മൂര്‍ഖന്. പാമ്പിനെ പ്രകോപിപ്പിച്ചപ്പോഴുണ്ടായ കടിയിലെ മുറിവുകള്‍ തമ്മിലുള്ള അകലം 1.7 സെന്റീമീറ്ററായിരുന്നു. രണ്ടുതവണ കടിപ്പിച്ചപ്പോഴും അതില്‍ മാറ്റമുണ്ടായില്ല. എന്നാല്‍, ഡമ്മിയുടെ കൈയില്‍ ഉറപ്പിച്ച ഇറച്ചിയില്‍ മൂര്‍ഖന്റെ തലപിടിച്ച് കടിപ്പിച്ചപ്പോള്‍ 1.8 സെന്റീമീറ്ററും 2.3 സെന്റീമീറ്ററുമായിരുന്നു മുറിവുകള്‍ തമ്മിലെ അകലം. പാമ്പിനെക്കൊണ്ട് കടിപ്പിക്കുമ്പോള്‍ മുറിവിലുണ്ടാകുന്ന അകലവ്യത്യാസം ഇതില്‍നിന്ന് കണ്ടെത്തി.

പാമ്പ് കടിച്ചത് കോഴിയിറച്ചിയില്‍

ഡമ്മി പരീക്ഷണത്തിന് താന്‍ കിടക്കാമെന്ന് പറഞ്ഞെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ലെന്ന് മവീഷ് കുമാര്‍ പറഞ്ഞു. 'പാമ്പ് പ്ലാസ്റ്റിക്കില്‍ കടിക്കുന്നത് കുറവാണ്. ഇതിനുപകരം കോഴിയിറച്ചിയാണ് ഉപയോഗിച്ചത്. ആദ്യം പോത്തിറച്ചി ഉപയോഗിക്കാമെന്ന് പറഞ്ഞു. മധൂര്‍ സ്വദേശിയായ മവീഷ് മഹീന്ദ്ര വൈല്‍ഡ്ലൈഫ് ഫൗണ്ടേഷന്റെ ചെയര്‍മാനും ജോണ്‍ സൂ ആന്‍ഡ് അക്വാട്ടിക്ക സൊലൂഷനില്‍ ചീഫ് സുവോളജിസ്റ്റുമാണ്.