കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭര്‍ത്താവ് സൂരജിന് കൊലപാത കുറ്റം ഒഴികെ മറ്റെല്ലാ കുറ്റങ്ങള്‍ക്കും പരമാവധി ശിക്ഷ വിധിച്ച് കോടതി. 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിനുശേഷമാണ് പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. 

കൊലപാതകത്തിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 307-ാം വകുപ്പിനും (വധശ്രമം) പരമാവധി ശിക്ഷയായ ജീവപര്യന്തം അനുഭവിക്കണം. 328-ാം വകുപ്പിന് പരമാവധി ശിക്ഷയായ 10 വര്‍ഷം വിധിച്ചിട്ടുണ്ട്. 201-ാം വകുപ്പിന് അതിന്റെ പരമാവധി ശിക്ഷയായ ഏഴ് തടവ് വിധിച്ചു. ഇതിനെല്ലാം പിഴയുമുണ്ട്. പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഇതോടെ സര്‍ക്കാര്‍ ഇളവ് നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ പ്രതി ജയിലില്‍ കഴിയേണ്ടിവരും. 

മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് നേരത്തെ  കോടതി കണ്ടെത്തിയുരുന്നു. ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷം നല്‍കി അപായപ്പെടുത്തൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായാണ് കോടതി കണ്ടെത്തിയത്.

Content Highlights: Court awards double life sentence to Suraj in Uthra murder case