കൊല്ലം:  ഉത്ര വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ താന്‍ കൊലപാതകം നടത്തിയിട്ടില്ലെന്ന പ്രതികരണവുമായി സൂരജ്. വിധിപ്രസ്താവം കേട്ട് കോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് സൂരജ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. താന്‍ കൊലപാതകിയല്ലെന്നും കൊലപാതകം ചെയ്തിട്ടില്ലെന്നുമാണ് സൂരജ് നിറകണ്ണുകളോടെ പറഞ്ഞത്. 

നേരത്തെ വിധിപ്രസ്താവത്തിന് മുമ്പ് സൂരജിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയം എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ വാദം ആരംഭിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പൈശാചികവും ദാരുണവും വിചിത്രവുമായ കൊലപാതകമാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അതില്‍ കുറഞ്ഞ ശിക്ഷ നല്‍കിയാല്‍ സമൂഹത്തില്‍ വേറെ ആര്‍ക്കും ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 

എന്നാല്‍ ഉത്ര വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സൂരജ് കൃത്യം ചെയ്തിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. ഇതിനുശേഷമാണ് ആറാം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഐ.പി.സി. 302, 307, 328, 201 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നും കോടതി വ്യക്തമാക്കി. 13-ന് കേസിലെ ശിക്ഷാ വിധി പ്രഖ്യാപിക്കും. 

കോരിച്ചൊരിയുന്ന മഴയ്ക്കിടെയാണ് തിങ്കളാഴ്ച ഉത്ര കേസില്‍ കോടതി വിധി പറഞ്ഞത്. കേരളത്തെ നടുക്കിയ കുറ്റകൃത്യത്തിന്റെ വിധി കേള്‍ക്കാനായി വന്‍ജനക്കൂട്ടമാണ് കോടതിയിലേക്കെത്തിയത്. ഉത്രയുടെ അച്ഛനും മറ്റു ബന്ധുക്കളും കോടതിയിലെത്തിയിരുന്നു. കോടതിയുടെ വിധി ആശ്വാസകരമാണെന്നായിരുന്നു ഉത്രയുടെ അച്ഛന്‍ വിജയസേനന്റെ പ്രതികരണം. സൂരജിന് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അതിനായി പ്രാര്‍ഥിക്കുകയാണെന്നും ഉത്രയുടെ സഹോദരന്‍ വിഷുവും മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെ അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 
ഉത്രയുടെ അമ്മയും റിട്ട.അധ്യാപികയുമായ മണിമേഖല അഞ്ചലിലെ വീട്ടിലിരുന്ന് ടി.വി.യിലാണ് വിധിപ്രസ്താവം കേട്ടത്. 

Content Highlights: uthra murder case accused sooraj's response after verdict