അടൂര്‍: ഉത്രയുടെ കൊലപാതകത്തില്‍ സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ പാമ്പിനേക്കാള്‍ വിഷമുള്ള സൂരജിന്റെ മുഖം ഓര്‍ക്കാന്‍പോലും ഇപ്പോള്‍ സൂരജിന്റെ പരിചയക്കാര്‍ക്കും നാട്ടുകാര്‍ക്കും താത്പര്യമില്ല.

സൂരജിന്റെ വീട് സ്ഥിതിചെയ്യുന്ന പറക്കോട് പ്രദേശത്തെ മിക്കവരും തിങ്കളാഴ്ച ഉത്ര കേസിലെ വിധി വരുന്നതും കാത്ത് ടി.വി.ക്കുമുന്നിലായിരുന്നു. സൂരജിന് അര്‍ഹമായ ശിക്ഷ കിട്ടുമെന്നുതന്നെ ആയിരുന്നു നാട്ടുകാരുടെ ആദ്യപ്രതികരണം. സൂരജ് കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയ വാര്‍ത്ത പുറത്ത് വന്നശേഷം ആരുടെയും മുഖത്ത് വലിയ അദ്ഭുതമൊന്നും കാണാന്‍ സാധിച്ചില്ല.

സംഭവം പുറത്തുവന്ന ആദ്യ നാളുകളില്‍ കൊലപാതകത്തിന് പിന്നില്‍ സൂരജാണെന്ന് സൂരജിന്റെ സുഹൃത്തുക്കളിലും നാട്ടുകാരിലും പലര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.

പിന്നീട് അറസ്റ്റും തെളിവെടുപ്പുമൊക്കെ നടന്നപ്പോഴാണ് കാര്യങ്ങള്‍ ഇവര്‍ക്ക് ബോധ്യമായത്. സൗമ്യനായി കാണപ്പെട്ടിരുന്ന ആളായിരുന്നു സൂരജ്. അധികം സൗഹൃദങ്ങള്‍ ഉണ്ടായിരുന്നില്ല. എപ്പോഴും മൊബൈലില്‍ യൂട്യൂബ് കാണുന്ന പ്രകൃതമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. കോഴി, താറാവ് ഇവയെ വളര്‍ത്തുന്നതില്‍ ഏറെ താത്പര്യം കാട്ടിയിരുന്നു.

2018-ലാണ് സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നത്. അടൂര്‍ ഗവ.ജനറല്‍ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സൂരജിന്റെ അറസ്റ്റിനുശേഷം തെളിവുനശിപ്പിക്കാന്‍വേണ്ടി ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ട കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും ഗാര്‍ഹിക പീഡനക്കേസില്‍ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം ഈ കുടുംബത്തിന് നാട്ടുകാരുമായി വലിയ ബന്ധമില്ലെന്നും സമീപവാസികള്‍ പറയുന്നു.

ആദ്യം അണലി, പിന്നെ മൂര്‍ഖന്‍ 

കൊല്ലം : ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സൂരജ് ആദ്യം ഒരു അണലിയെ വിലയ്ക്കുവാങ്ങി ആരും കാണാതെ അതിനെ പറക്കോട്ടെ വീടിന്റെ കോണിപ്പടിയില്‍ ഉപേക്ഷിച്ചു. പിന്നീട് ഉത്രയോട് മുകളിലെ മുറിയില്‍നിന്ന് തന്റെ ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഫോണെടുക്കാന്‍ പോയ ഉത്ര പാമ്പിനെക്കണ്ട് നിലവിളിച്ചു.

പദ്ധതി പാളിയപ്പോള്‍ സൂരജ് പാമ്പിനെ ചാക്കിലാക്കി പുറത്തേക്ക് കൊണ്ടുപോയി. ഉപേക്ഷിക്കാനെന്നുപറഞ്ഞ് കൊണ്ടുപോയ ഇതേ പാമ്പിനെക്കൊണ്ടാണ് സൂരജ് 2020 മാര്‍ച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചതെന്ന് അന്വേഷണസംഘം പറയുന്നു. അന്ന് വീട്ടുകാര്‍ ഓടിച്ചെന്നതിനാല്‍ പെട്ടെന്നുതന്നെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 55 ദിവസത്തോളം ഉത്ര ചികിത്സയില്‍ കഴിഞ്ഞു. ആ സമയത്താണ് മൂര്‍ഖനെ ആയുധമാക്കാന്‍ സൂരജ് തീരുമാനിക്കുന്നത്.

ഉത്രയെ അണലി കടിച്ചതിന് രണ്ടുമാസംമുന്‍പുമുതല്‍ സൂരജ് യൂട്യൂബില്‍ അണലിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ തിരഞ്ഞിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഉത്ര വധക്കേസ് ഫൊറന്‍സിക് സയന്‍സില്‍ പുതിയ അധ്യായത്തിന് വഴിതുറന്നിരിക്കുകയാണ്. മൃഗങ്ങളെ ഉപയോഗിച്ച് കൊലപ്പെടുത്തുന്നതുസംബന്ധിച്ച പഠനശാഖയ്ക്കാണ് കേസ് വഴിതുറന്നത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുള്ള പല്ലുകളുടെ അകലം, ശരീരത്തിലേക്കിറങ്ങുന്ന വിഷത്തിന്റെ അളവ് തുടങ്ങിയവ സംബന്ധിച്ച് വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പഠനം തുടങ്ങിയിട്ടുണ്ട്.

ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ പിന്നീട്

കൊല്ലം: സൂരജിനും കുടുംബാംഗങ്ങള്‍ക്കും എതിരായ ഗാര്‍ഹിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിന്റെ വിചാരണ പ്രത്യേകം നടക്കും. പുനലൂര്‍ കോടതിയിലാണ് കേസ്. സൂരജ്, പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കിയാണ് ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നര ഏക്കര്‍ വസ്തുവും നൂറുപവന്‍ സ്വര്‍ണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നല്‍കി. എന്നിട്ടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ 8000 രൂപവീതം മാസം ചെലവിന് നല്‍കി. സൂരജ് ഇടയ്ക്കിടെ ഉത്രയെ മര്‍ദിക്കുമായിരുന്നുവെന്നതും രണ്ടാം കുറ്റപത്രത്തില്‍ പറയുന്നുണ്ട്.