കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് ഭര്‍ത്താവ് ഷാജു സക്കറിയ. തിങ്കളാഴ്ച നടത്തിയ ചോദ്യംചെയ്യലില്‍ അന്വേഷണസംഘം കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും കേസില്‍ തനിക്ക് ഭയപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കണം. എന്നാല്‍ ജോളിയെ പൂര്‍ണമായും തള്ളിപ്പറയാറായിട്ടില്ലെന്നും പോലീസ് അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും ഷാജു വ്യക്തമാക്കി. 

ജോളി തനിക്കെതിരെ മൊഴി നല്‍കിയെന്ന വാര്‍ത്ത സത്യമാണെങ്കില്‍ അത് തന്നെയും കുരുക്കാനുള്ള ശ്രമമാണ്. സംഭവത്തില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രചരിപ്പിച്ച് കുടുക്കാന്‍ നോക്കുകയാണ്. ജോളിയെ സഹായിച്ചു എന്ന് മൊഴി നല്‍കിയിട്ടില്ല. തനിക്കെതിരെ ചിലര്‍ കഥ മെനയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജീവിതത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും ജീവിതത്തില്‍ ജാഗ്രത കാണിക്കേണ്ടതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവങ്ങളെന്നും ഷാജു പറഞ്ഞു. ജാഗ്രതക്കുറവുണ്ടായാല്‍ അതിന്റെ ഫലം നമ്മള്‍ തന്നെ അനുഭവിക്കണം. മകളുടെ മരണത്തിന് കാരണം ചിക്കന്‍പോക്‌സോ ഭക്ഷണം നെറുകെയില്‍കയറിയതോ ആണെന്നാണ് കരുതിയത്. കുഞ്ഞുശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം.എന്നാല്‍ നിലവിലെ സംഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയായിരുന്നു എന്ന് തോന്നുണ്ടെന്നും ഷാജു വിശദീകരിച്ചു. 

തിങ്കളാഴ്ച അന്വേഷണസംഘം വിളിച്ചുവരുത്തിയത് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഒരവസരം കൂടി നല്‍കിയതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നും ഷാജു പ്രതികരിച്ചു. 

Content Highlights: koodathai murder case; shaju response's about police interrogation and jolly