പാലക്കാട്: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് വാളയാർ ടോൾപ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ അരക്കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശിനി പിടിയിലായി. തുറവൂർ ആഞ്ഞിലയ്ക്കൽ പള്ളിക്കലിൽ പ്രീതയെയാണ് (29) കെ.എസ്.ആർ.ടി.സി. ബസ്സിൽനിന്ന്‌ പിടികൂടിയത്.

തോൾബാഗിൽ പ്രത്യേക അറയുണ്ടാക്കി കഞ്ചാവ് സൂക്ഷിച്ച നിലയിലായിരുന്നു. മണം പുറത്തുവരാതിരിക്കാൻ മുല്ലപ്പൂവും നിറച്ചിരുന്നു. അഞ്ചുവർഷമായി പ്രീത കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ടുമാസമായി കോയമ്പത്തൂരിലെ കഞ്ചാവ് ലോബിയുടെ ഇടനിലക്കാരിയായി പ്രവർത്തിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് ദിവസം രണ്ടിൽ കൂടുതൽ തവണ കഞ്ചാവ് കടത്താറുണ്ടെന്ന് പ്രീത മൊഴിനൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് സി.ഐ. എം. രാകേഷ്, ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ വിപിൻദാസ്, മനോജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ബിനു, ജോൺസൺ, വിനു, സ്മിത, ഡ്രൈവർ ശെൽവകുമാർ എന്നിവർ പരിശോധന നടത്തി.

Content Highlight: women caught with ganja