1രാഹുല്‍ ഓടുകയായിരുന്നു, അലറിവിളിച്ചുകൊണ്ട്. അജ്ഞാതനെങ്കിലും മനസ്സിലിരുന്ന് തന്നോട് നിരന്തരം സംസാരിക്കുന്നയാളെ തേടിയാണ് ഓട്ടം. തെരുവുകളില്‍നിന്ന് തെരുവുകളിലേക്ക്  പാഞ്ഞുപോയി രാഹുല്‍. ഒടുവില്‍ ഒരു പോലീസ് സ്റ്റേഷനിലാണെത്തിയത്. മനോനിലതെറ്റിയ ഏതോ യുവാവെന്നുമാത്രം പോലീസുകാര്‍ കരുതി...

ദ പ്രൊഫറ്റിക് കഴ്‌സ് (പ്രാവചനിക ശാപം) എന്ന ഇംഗ്ലീഷ് നോവലിലെ ഒരു ഭാഗമാണിത്. 23 വയസ്സുള്ള അര്‍ജുന്‍ വൈശാഖ് എന്ന ആലുവ സ്വദേശിയായ വിദ്യാര്‍ഥിയാണ് നോവലിസ്റ്റ്. ഇത് ആദ്യ രചന.

നോവല്‍ എഴുതുന്നതിന് ഏതാനും മാസംമുമ്പ് അര്‍ജുന്റെ അച്ഛന് ചെന്നൈ വല്‍സരവാക്കം പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു ഫോണ്‍വിളിയെത്തി. നിങ്ങളുടെ മകന് ഭ്രാന്തുണ്ടോ, അയാള്‍ എങ്ങനെയാണ് ചെന്നൈയില്‍ എത്തിയത് എന്നൊക്കെയായിരുന്നു ചോദ്യം. അപ്പോള്‍ അര്‍ജുന്‍ എഴുത്തുകാരനായിട്ടില്ല. അച്ഛന്‍ അനില്‍ ചന്ദ്രനും അമ്മ ശ്രീകലയ്ക്കും തങ്ങളുടെ ഏകമകന്‍ അപ്പുമാത്രമായിരുന്നു അവന്‍. ചെന്നൈയിലേക്ക് ബി.ബി.എ. പഠിക്കാന്‍ പോയവന്‍. '......വീട്ടുകാര്‍ ഏല്‍പ്പിച്ച പണംമുഴുവന്‍ രാഹുല്‍ ചെലവഴിച്ചത് മയക്കുമരുന്ന് വാങ്ങാനായിരുന്നു. താമസം ഹോസ്റ്റല്‍ മുറികളില്‍നിന്നുമാറി ചില കൂട്ടുകാര്‍ക്ക് ഒപ്പവും ചിലപ്പോള്‍ വഴിവക്കിലുമായി. ഭക്ഷണം വേണ്ടാതായി. എവിടെനിന്നെങ്കിലും പണം തരപ്പെടുത്തുന്നത് മയക്കുമരുന്നുവാങ്ങാന്‍ മാത്രമായി...'നോവലിലെ ഈ വരികള്‍ നോവലിസ്റ്റ് പല തവണ എഴുതിയിട്ടുണ്ട്. മെച്ചപ്പെടുത്താന്‍വേണ്ടി തിരുത്തി എഴുതിയതല്ല. 

എഴുതിത്തീരുംമുമ്പ്, എഴുതിവെച്ച ലാപ്ടോപ്പ് കിട്ടിയവിലയ്ക്ക് അവന്‍ വിറ്റു. ആ കാശിന് മയക്കുമരുന്നുവാങ്ങി. മാഞ്ഞുപോകുന്ന സ്വന്തം ജീവിതത്തിനൊപ്പം ലാപ്ടോപ്പില്‍ സൂക്ഷിച്ച എഴുത്തും അവന് കൈവിട്ടുപോയി. ചികിത്സയുടെ ചെറിയ വെളിച്ചം വീണുകിട്ടുന്ന ഇടവേളകളില്‍ വീണ്ടും എഴുതാന്‍ തുടങ്ങി. സ്വന്തം ജീവിതത്തിന്റെ ഇരുള്‍ലോകത്തെക്കുറിച്ച്. വീണ്ടും അതേ ലോകത്തേക്ക് മടങ്ങിയപ്പോള്‍ പതിവുപോലെ എഴുതി വെച്ചതെല്ലാം തെരുവില്‍ നഷ്ടമായി.

ഇപ്പോള്‍, ദുരിതകാലം കടന്ന് 'പ്രൊഫറ്റിക് കഴ്‌സ്' പുറത്തിറങ്ങി. തീക്ഷ്ണാനുഭവങ്ങളുടെ രചന എന്നാണ് എഴുത്തുകാരന്‍ ബെന്യാമിന്‍ ഈ നോവലിനെക്കുറിച്ച് പറഞ്ഞത്. ''പുതിയ നോവല്‍സാഹിത്യം തേടുന്നത് യഥാര്‍ഥ അനുഭവങ്ങളുടെ ആവിഷ്‌കാരമാണ്. അതിനാല്‍ ഈ പുസ്തകം ഗൗരവമുള്ള രചനയാണ്. ഇംഗ്ലീഷില്‍ എഴുതുന്ന മലയാളി എഴുത്തുകാരുടെ വലിയനിര രൂപപ്പെട്ടുവരുന്നുണ്ട്. ഇവിടേക്ക് പുതിയ തലമുറയില്‍നിന്ന് ഒരാള്‍ വരുന്നുവെന്നത് സന്തോഷമുള്ള കാര്യമാണ്'' -ബെന്യാമിന്‍ പറയുന്നു. 

ലഹരിയുടെ ലോകത്തുനിന്ന് രക്ഷപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥനായിത്തീര്‍ന്ന രാഹുല്‍ എന്ന കേന്ദ്രകഥാപാത്രത്തിന്റെ, സദസ്സിനോടുള്ള പ്രസംഗമായാണ് നോവലിന്റെ അവതരണം. എന്റെ കഥയാണിത് എന്നുപറഞ്ഞുകൊണ്ട് പ്രസംഗം തുടങ്ങുന്നു. കുട്ടിക്കാലത്തെക്കുറിച്ച്  പറഞ്ഞുതുടങ്ങി 32 അധ്യായങ്ങളിലൂടെ നോവല്‍ വികസിക്കുന്നു. അവസാനവരി കഴിയുമ്പോഴേക്കും വായനക്കാരന്റെ മുന്നില്‍ തെളിയുന്നത് രാജ്യമാകെ വ്യാപിച്ചുകഴിഞ്ഞ, ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്തവിധം വേരുറപ്പിച്ചു കഴിഞ്ഞ മയക്കുമരുന്നുലോകത്തിന്റെ പേടിപ്പിക്കുന്ന കാഴ്ചകളാണ്.

ലഹരിയിലേക്കുള്ള വഴികള്‍

മയക്കുമരുന്ന് പിടിച്ചെന്ന വാര്‍ത്തകളില്ലാതെ ഇപ്പോള്‍ പത്രങ്ങള്‍ പുറത്തിറങ്ങാറില്ല. കഞ്ചാവുമുതല്‍ സ്റ്റാമ്പ് രൂപത്തിലുള്ള പുതുതലമുറ ലഹരിമരുന്നുകള്‍വരെ നഗരങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും  പിടികൂടുന്നുണ്ട്. എന്നാല്‍, അത് എത്രത്തോളം?  പത്തുശതമാനത്തില്‍ത്താഴെയെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു. ബസുകളില്‍നിന്നും തീവണ്ടികളില്‍നിന്നും ഇവ കണ്ടെത്താറുണ്ട്. വില്‍ക്കുന്നവരും വാങ്ങുന്നവരും പിടിയിലാവാറുണ്ട്. എന്നാല്‍, എന്തുകൊണ്ട് ഇത്രയധികം കുട്ടികളും ചെറുപ്പക്കാരും ഈ കുരുതിയിലേക്ക് നടന്നടുക്കുന്നു?  വിദഗ്ധരുടെ സിദ്ധാന്തങ്ങളും നിഗമനങ്ങളും അവിടെനില്‍ക്കട്ടെ, അര്‍ജുന്റെ കഥാപാത്രം പറയുന്നത് കേള്‍ക്കാം. അതിന് അനുഭവത്തിന്റെ ചൂടുണ്ട്:

എപ്പോഴും സംശയമായിരുന്നു മനസ്സില്‍. അച്ഛമ്മ മരിച്ചുകിടക്കുമ്പോള്‍ കണ്ണടയ്ക്കാത്തത് എന്തേ, ചിതയില്‍ വെച്ചപ്പോള്‍ അച്ഛമ്മയുടെ ഒരു കാല്‍ ഉയര്‍ന്നു. അപ്പോള്‍ അച്ഛമ്മ മരിച്ചിട്ടില്ലല്ലോ.  വിചിത്രമെന്നുതോന്നുന്ന സംശയങ്ങള്‍ നിരന്തരമായപ്പോള്‍ ഏകാഗ്രത കുറഞ്ഞു. സ്‌കൂളില്‍ മാര്‍ക്ക് കുറഞ്ഞു. വീട്ടുകാര്‍ കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ഒരു സൈക്യാട്രിസ്റ്റിനെ റഫര്‍ചെയ്തു. പഠനവൈകല്യം, പെരുമാറ്റവൈകല്യം എന്നിങ്ങനെ 'രോഗങ്ങള്‍' പലതായി. തനിക്ക് ഒന്നിലും മികവില്ലല്ലോ എന്ന ചിന്ത അലട്ടാന്‍ തുടങ്ങിയപ്പോഴാണ് അതിനൊരു 'പ്രതിവിധി' കണ്ടെത്തിയത്. അത് പുകവലിയായിരുന്നു. പക്ഷേ, അതുപോരെന്നുതോന്നി. കൂടുതല്‍ കടുപ്പത്തിലേക്ക് കടന്നു. അപ്പോഴും ഉള്ളില്‍ വലിയ ശൂന്യത നിറഞ്ഞുകൊണ്ടേയിരുന്നു.

ഇതേക്കുറിച്ച് നോവലിസ്റ്റിന്റെ അനുഭവം ഇങ്ങനെ: 'ഭൂമിയില്‍ തനിച്ചായപോലെ തോന്നിയിരുന്നു. വീട്ടുകാരോ കൂട്ടുകാരോ ഇല്ല എന്ന തോന്നല്‍. എല്ലാവരും അപരിചിതര്‍. ഒന്നും ചെയ്യാനില്ലാത്തവനും ആര്‍ക്കും വേണ്ടാത്തവനുമാണ് താനെന്ന അവസ്ഥ. ആ ശൂന്യതയെ മറികടക്കാനാണ്  കഞ്ചാവ് പുകയ്ക്കാന്‍ തുടങ്ങിയത്. അതിനെക്കാള്‍ മികച്ചതെന്ന ധാരണയില്‍ കൂടുതല്‍ മാരകമായ മയക്കുമരുന്നുകളിലേക്കെത്തി. ചിലത് മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെതന്നെ കിട്ടുന്ന ഔഷധങ്ങളായിരുന്നു.

അവിടെയും മതിയാവാതെ കൂടുതല്‍ ശക്തിയുള്ള മരുന്നുകള്‍ അന്വേഷിച്ചു. പണം കൊടുത്തപ്പോള്‍ എത്തിക്കാന്‍ അനേകം പേര്‍. പൊടിയായും ദ്രാവകമായും പശയായുമെല്ലാം  പല വഴികളിലൂടെ മയക്കുമരുന്നെത്തി. അതോടെ, ഉള്ളിലെ ശൂന്യതയിലേക്ക് പല ശബ്ദങ്ങളും നിറയാന്‍ തുടങ്ങി. ആദ്യം ഭയമാണ് തോന്നിയത്. പിന്നെ അതിനോട് അടുപ്പം തോന്നി. തന്റേതുമാത്രമായ ഒന്ന് എന്നമട്ടിലുള്ള അടുപ്പം. അതില്ലാതെ പറ്റില്ല എന്ന സ്ഥിതി. ശബ്ദത്തിന്റെ  അടുത്തപടി ഒരു സ്ത്രീരൂപമായിരുന്നു. അത് മുന്നിലെത്തുമ്പോള്‍ വലിയ ആശ്വാസം തോന്നി. കൂട്ടുകാരെക്കാള്‍ കൂടുതല്‍ ആ രൂപത്തോട് സംസാരിക്കാന്‍ തുടങ്ങി...' 

നോവലില്‍ ഈ സന്ദര്‍ഭം വിശദീകരിക്കുന്നുണ്ട്. എല്‍.എസ്.ഡി. ഉപയോഗിക്കുന്ന രാഹുല്‍  മാനസികാസ്വാസ്ഥ്യം മൂര്‍ച്ഛിച്ചയാളെപ്പോലെയാവുന്നു. അവന്‍ അമ്മയെ ആക്രമിക്കുന്നു. ആരെയോതേടി പായുന്നു. ഇടയ്ക്ക് അവനോട് സംസാരിക്കാന്‍ വന്നവരില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഉണ്ടായിരുന്നു!

ശിഷ്യരെ തേടുന്ന ഗുരുക്കന്‍മാര്‍

നിയമം അതികര്‍ശനമായിട്ടും ശിക്ഷ കടുപ്പമായിട്ടും എങ്ങനെയാണ് മയക്കുമരുന്നുകച്ചവടം സുഗമമായി മുന്നേറുന്നത്. എങ്ങനെയാണ് കൂടുതല്‍ ഇരകളെ കണ്ടെത്തുന്നത്? അര്‍ജുന്‍ പറയുന്നത്, ഒരാളെ, പ്രത്യേകിച്ചും കുട്ടികളെ മായാവലയിലാക്കാന്‍ ഏജന്റുമാര്‍ക്ക് (ലഹരിയുടെ ഇരകള്‍ അവരെ ഗുരു എന്ന് വിളിക്കും) എളുപ്പവഴികള്‍ ഉണ്ടെന്നാണ്. പഠിക്കാനും പഠിച്ചത് ഓര്‍ക്കാനും പ്രയാസം നേരിടുന്ന കുട്ടികള്‍, അതിന്റെ പേരില്‍ സ്‌കൂളില്‍നിന്നും വീട്ടില്‍നിന്നും ശകാരവും കുറ്റപ്പെടുത്തലുകളും നേരിടുന്നവരാണ് ഒരുവിഭാഗം ഇരകള്‍. പഠിച്ചത് ഓര്‍ക്കാനും ഏറെനേരം ഉറങ്ങാതെ പഠിക്കാനും സഹായിക്കുമെന്ന് കള്ളംപറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവരെ വലയിലാക്കുന്നത്.

കൗതുകംകാരണം എന്തും പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് മറ്റൊരു വിഭാഗം. വിചിത്രമായ കാഴ്ചകളും കേള്‍വികളുമാണ് ഇവര്‍ക്ക് വാഗ്ദാനംചെയ്യുന്നത്. ഒരു മായാലോകമുണ്ടെന്നും അവിടേക്ക് എത്താമെന്നും വാഗ്ദാനം. ഒരിക്കല്‍മാത്രം അനുഭവിച്ച് അവസാനിപ്പിക്കാമെന്ന് കരുതിയാണ് പലരും ഇതിലേക്ക് വരുന്നത്. അത് ഒരിക്കലും സംഭവിക്കില്ലെന്നുമാത്രം. എഴുതാനും വരയ്ക്കാനും എല്ലാം കൂടുതല്‍ മികവുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് വില്‍ക്കുന്നവരുണ്ട്.

ഉപയോഗിക്കുന്നവര്‍ തന്നെയാണ് വില്‍ക്കുന്നവരില്‍ ഭൂരിഭാഗവും എന്നതാണ് മറ്റൊരു കാര്യം. വില്‍ക്കുന്നതിലൂടെ കിട്ടുന്ന ലാഭമാണ് സ്വന്തം ആവശ്യത്തിന് മയക്കുമരുന്ന് വാങ്ങാന്‍ ഇവര്‍ക്ക് തുണയാവുന്നത്. അതിനാല്‍, കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ കൂടുതല്‍ വില്‍ക്കണമെന്ന സ്ഥിതിവരുന്നു. ഇങ്ങനെ വിഭ്രാന്തിയുടെ വിത്തുകള്‍ കൂടുതല്‍ ഭൂപ്രദേശങ്ങളില്‍ വീണുമുളയ്ക്കുന്നു, പടരുന്നു, പന്തലിക്കുന്നു.
വാഹനങ്ങളില്‍ ലഹരിമരുന്ന് കടത്തുന്നത് എളുപ്പമാണെന്ന് അര്‍ജുന്‍ പറയുന്നു. ദിവസവാടകയ്‌ക്കെടുക്കുന്ന  കാറുകള്‍, സ്വകാര്യബസുകള്‍ എന്നിവയെല്ലാം മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നുണ്ട്. വീട്ടില്‍നിന്ന് പുറത്തുപോകാതെ കഴിഞ്ഞപ്പോള്‍പോലും അര്‍ജുന് ലഹരിപായ്ക്കറ്റുകള്‍ ലഭിച്ചിരുന്നു. ഏജന്റുമാര്‍ ബൈക്കിലെത്തി, മതിലിനുമുകളിലൂടെ എറിഞ്ഞുകൊടുക്കുകയായിരുന്നു.

അനുഭവമാണ് ഗുരു

ഏറെ പഴകിയ ഈ ചൊല്ലിന് ഇത്രയധികം ആഴമുണ്ടെന്ന് മനസ്സിലാകും അര്‍ജുന്‍ വൈശാഖിന്റെ ഇപ്പോഴത്തെ ജീവിതം അറിയുമ്പോള്‍. തൃശ്ശൂര്‍ ചേതന കോളേജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്‌സ് വിദ്യാര്‍ഥിയാണ് അര്‍ജുന്‍ ഇപ്പോള്‍. ആകാശവാണി ഉദ്യോഗസ്ഥനായ അച്ഛന്‍ അനില്‍ ചന്ദ്രനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരിയായ അമ്മ ശ്രീകലയും കോഴിക്കോട്ടാണ് താമസം. അച്ചടക്കവും ലക്ഷ്യബോധവുമുള്ള വിദ്യാര്‍ഥി. അച്ഛനമ്മമാരുടെ പ്രിയപ്പെട്ട അപ്പു. കടന്നുവന്ന ഇരുട്ടിന്റെയും ഭ്രാന്തിന്റെയും ലോകത്തുനിന്ന് അറിഞ്ഞ പാഠങ്ങള്‍ ലോകത്തോട് വിളിച്ചുപറയാന്‍ വരുന്നവന്‍. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്നവന്‍. 

അര്‍ജുന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ ഏതൊരു മനഃശാസ്ത്രജ്ഞന്റെയും വാക്കുകളെക്കാള്‍ ഗുണഫലമുണ്ട്. കുട്ടികളെ പഠനത്തില്‍മാത്രം തളച്ചിടാതെ അവര്‍ക്ക് സന്തോഷിക്കാനുള്ള നല്ല അവസരങ്ങള്‍ നല്‍കൂ എന്നാണ് രക്ഷിതാക്കളോട് അവന് അഭ്യര്‍ഥിക്കാനുള്ളത്. അവരുടെ ഉള്ളില്‍ സംതൃപ്തി നിറയട്ടെ. അതിനായി കളിക്കാനും കൂട്ടുകൂടാനും അവസരം നല്‍കുക. നല്ല സൗഹൃദങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തനം എല്ലാം വേണം. കുട്ടികളുടെ സന്തോഷത്തിന് പ്രാധാന്യംകൊടുക്കണം. പഠനത്തിന്റെ അമിതസമ്മര്‍ദം താങ്ങാനാവാത്ത കുട്ടികള്‍ വ്യാജസംതൃപ്തികള്‍തേടി പോകാനാണ് സാധ്യത. പരീക്ഷകളിലെ ഗ്രേഡുകള്‍മാത്രം നോക്കി മക്കളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരോട്, അപകടകരമായ പേരന്റിങ്ങാണ് നിങ്ങളുടേതെന്ന് പറയാന്‍ അര്‍ജുന് മടിയില്ല. 23-കാരനായ അര്‍ജുന് ഇതുപറയുമ്പോള്‍ മുതിര്‍ന്ന ഒരു സൈക്കോളജിസ്റ്റിന്റെ ആധികാരികഭാവമുണ്ട്.

നമ്മുടെ വിദ്യാലയങ്ങള്‍ എന്തുചെയ്യുന്നു? 

സ്‌കൂളുകളില്‍നിന്നും കോളേജുകളില്‍നിന്നും ആവര്‍ത്തിച്ച് പുറത്താക്കപ്പെട്ടവനാണ്  അര്‍ജുന്‍. ഹോസ്റ്റലുകളില്‍ തല്ലുണ്ടാക്കുകയും കാമ്പസില്‍ ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വിദ്യാര്‍ഥിയോട് ഏതൊരുവിദ്യാലയവും ചെയ്യുന്നതുതന്നെ. ചിലരെല്ലാം, പരീക്ഷയെഴുതാന്‍മാത്രം ദയകാണിച്ചു. കോഴ്‌സുകള്‍ മാറിമാറി ചെയ്തു. ഒന്നും പൂര്‍ത്തിയാക്കിയില്ല. പുസ്തകങ്ങള്‍ വാങ്ങാനും ഹോസ്റ്റലില്‍ ഫീസുനല്‍കാനും ഏല്‍പ്പിച്ച പണമെല്ലാം എത്തിയത് മയക്കുമരുന്നുവ്യാപാരികളുടെ കൈയിലേക്ക്.

അര്‍ജുന് ആ വിദ്യാലയമേധാവികളോട് പരിഭവമൊന്നുമില്ല. എന്നാല്‍, സര്‍ക്കാരിനോടും എല്ലാ വിദ്യാലയങ്ങളോടുമായി ഒരു അഭ്യര്‍ഥനയുണ്ട്: വിദ്യാലയങ്ങളില്‍ ചടങ്ങുമാത്രമായി നടത്തുന്ന ലഹരിക്കെതിരായ ബോധവത്കരണം  വലിയ പ്രയോജനംചെയ്യില്ല. പ്രസംഗങ്ങളും ഉപദേശങ്ങളും കുട്ടികളുടെ ഉള്ളിലേക്ക് കടക്കുകയില്ല. നമുക്കുചുറ്റും ലഹരിയുടെ വല പരന്നുകൊണ്ടിരിക്കുമ്പോള്‍, കുട്ടികള്‍ക്ക് അതിനെ ഭേദിക്കാന്‍ ശക്തമായ മാനസികോര്‍ജംവേണം. ലഹരിക്കെതിരായ തീരുമാനം ഉള്ളിന്റെയുള്ളില്‍ പ്രബലമായിരിക്കണം. മികച്ച ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ കുട്ടികളെ രക്ഷിതാക്കള്‍ പിന്തുണയ്ക്കണം, സ്‌നേഹിക്കണം.

വിദ്യാലയങ്ങളില്‍ ചെയ്യാനായി ചില നിര്‍ദേശങ്ങളും അര്‍ജുന് പറയാനുണ്ട്. ലഹരിക്ക് അടിമപ്പെട്ടവര്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് കാണിക്കുന്ന വീഡിയോ വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിക്കുക. യഥാര്‍ഥവീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിയമതടസ്സമുണ്ടെങ്കില്‍ അതിന്റെ ക്രിയാത്മക അനുകരണം മതി. അത്തരമൊരു യഥാര്‍ഥ വീഡിയോ കണ്ടത് തന്റെ തിരിച്ചുവരവിന് വലിയ പ്രേരണയായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ലഹരിക്കടിമയായ യുവാവ് മദ്യമാണെന്ന വിചാരത്തില്‍ ക്ലോസറ്റിലെ വെള്ളം കുടിക്കുന്നതാണ് ഒന്ന്.

സ്വന്തം വിസര്‍ജ്യം വാരിയെറിയുന്നതാണ് മറ്റൊന്ന്. ഓര്‍മയോ സര്‍ഗശേഷിയോ ഉണര്‍ത്തുന്നതല്ല, ഈ വിധം മാനസികനില തെറ്റിക്കുന്നതുമാത്രമാണ് ലഹരിമരുന്നുകളെന്ന് ആ രംഗങ്ങള്‍ സ്വയം വിശദീകരിക്കും. ലഹരിയില്‍നിന്ന് മോചനം നേടിയ തന്നെപ്പോലുള്ളവരുടെ അനുഭവവിവരണങ്ങള്‍ക്കും കുട്ടികളില്‍ വലിയ സ്വാധീനമുണ്ടാക്കാനാവുമെന്ന് അര്‍ജുന്‍ പറയുന്നു. ഏതുസ്ഥലത്തും എപ്പോഴും താനതിന് തയ്യാറാണെന്നും അത് തന്റെ ജീവിതലക്ഷ്യമാണെന്നും ഉറപ്പുപറയുന്നു. തന്റെ പേരും ഫോട്ടോയുമെല്ലാം പരസ്യമാക്കുന്നതിന് അതുകൊണ്ടുതന്നെ സങ്കോചവുമില്ല. ഇതേ നിലപാടുതന്നെയാണ് മാതാപിതാക്കള്‍ക്കും. 

(24- 2 -2019ലെ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

content Highlight: story of  drug victim  Arjun  writer of The propjetic curse​