സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യപിക്കുന്നവരാണ് മലയാളികള്‍. മദ്യം കഴിച്ചാല്‍ സംസാരിക്കാന്‍ മടിയുള്ളയാള്‍ വായാടിയാകുന്നു. അപൂര്‍വ്വമായി ചിരിക്കുന്നവര്‍ കുടുകുടാ ചിരിക്കുന്നു.  കഠിന ഹൃദയരെന്ന് നമ്മള്‍ കരുതുന്നവര്‍ കരയുന്നു. ഇതിന്റെ കാരണമെന്താകും..?

മദ്യം തലച്ചോറിനെ ബാധിക്കുകയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതു കൊണ്ടാണ് മദ്യപിച്ചു കഴിയുമ്പോള്‍ സുബോധം നഷ്ടപ്പെടുന്നത്. തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. സാധാരണ ബോധം നശിക്കുകയും ഒരു മിഥ്യാബോധത്തിലേക്കു കൊണ്ടു ചെല്ലുകയും ചെയ്യുന്നു എന്നതാണ് മദ്യത്തിന്റെ വലിയ പ്രശ്‌നം. 

ഏതാണ്ടെല്ലായിനം മദ്യങ്ങളിലും അടങ്ങിയിരിക്കുന്നത് ഈതൈല്‍ ആല്‍ക്കഹോള്‍ എന്ന രാസവസ്തുവാണ്. മദ്യപിക്കുമ്പോള്‍ ഉള്ളിലെത്തുന്ന ആല്‍ക്കഹോള്‍ നേരേ രക്തത്തിലേക്കു കടക്കുന്നു. മറ്റു ഭക്ഷ്യ വസ്തുക്കളെപ്പോലെ ദഹിക്കേണ്ട കാര്യമില്ല മദ്യത്തിന്. മിക്കയിനം മദ്യത്തിലുമുള്ള ആല്‍ക്കഹോളിന്റെ 90-95 ശതമാനം ഭാഗവും നേരേ രക്തത്തിലേക്കു കടക്കും. അവശേഷിക്കുന്ന ചെറിയ ഭാഗം മാത്രമാണ് മൂത്രമായും വിയര്‍പ്പായും പുറത്തു പോകുന്നത്. 

പെട്ടെന്ന് രക്തത്തിലേക്ക് ആല്‍ക്കഹോള്‍ കടന്നു കയറുമ്പോള്‍ രക്തത്തിന്റെ സാന്ദ്രത കുറഞ്ഞ് നേര്‍ത്തു വരുന്നു. അതിന്റെ ഫലമായി രക്തസമ്മര്‍ദം കൂടും. ഹൃദയമിടിപ്പ് വേഗത്തിലാകും. 

രക്തചംക്രമണം കൂടുന്നതു കൊണ്ട് തുടക്കത്തില്‍ അല്‍പ്പം വിശപ്പും തോന്നും. എന്നാല്‍ രക്തത്തില്‍ അമിതമായി എത്തിച്ചേര്‍ന്ന മദ്യത്തെ പുറന്തള്ളേണ്ടത് ശരീരത്തിന്റെ ആവശ്യമാണ്. കരളില്‍ രക്തം എത്തുമ്പോള്‍ അവിടെ വെച്ച് മദ്യം ഓക്‌സിജനുമായി ചേര്‍ന്ന് വിഘടിക്കുന്നു. ഇങ്ങനെ വിഘടിക്കുമ്പോഴുണ്ടാകുന്ന രാസഘടകങ്ങള്‍ രക്തത്തിലൂടെ തലച്ചോറിലെത്തുന്നതാണ്  മത്തു പിടിക്കുന്നതിനു കാരണം. 

Content Highlight: side effect of alcohol drinking