kasaragodകാസർകോട്: ലഹരിയിൽനിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് സൗജന്യ കിടത്തിച്ചികിത്സയും കൗൺസലിങ്ങും നൽകാനുള്ള സൗകര്യം നീലേശ്വരം വള്ളിക്കുന്നിലെ താലൂക്ക് ആസ്പത്രിയിൽ തിങ്കളാഴ്ച 12-ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അസി. സർജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, സോഷ്യൽ വർക്കർ എന്നിവരടക്കം 11 പേരെ കേന്ദ്രത്തിൽ നിയമിച്ചു. ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള അദ്യ ലഹരി ചികിത്സാ കേന്ദ്രമാണിത്.

പത്ത് കിടക്കകളുടെ വാർഡ് നാലര ലക്ഷം രൂപ ചെലവിൽ സജ്ജമാക്കുകയായിരുന്നു. മറ്റ് രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ലഹരി ചികിത്സയ്ക്ക് വിധേയരാകുന്നവർ കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്നതുകൊണ്ട് അതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ അറിയിച്ചു. ഡിസംബർ 29-ന് ഇവിടെ തുടങ്ങിയ ഒ.പി. വിഭാഗത്തിൽ 103 പേർ ചികിത്സ തേടിയെത്തിയത് ലഹരിക്കടിപ്പെട്ടവരുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഇതിൽ മൂന്നുപേരെ കിടിത്തിച്ചികിത്സയ്ക്ക് കോഴിക്കോട്ടേക്ക് അയച്ചു. മരുന്നും അനുബന്ധ ഉപകരണങ്ങളും മെഡിക്കൽ കോർപ്പറേഷനാണ് നൽകുന്നത്. ബിവറേജസ് കോർപ്പറേഷന്റെ വിറ്റുവരവിന്റെ 0.5 ശതമാനം സംസ്ഥാനത്ത് ലഹരി മോചന പരിപാടികൾക്കായി നീക്കിവെയ്ക്കുന്നതുകൊണ്ട് ഇത്തരം പദ്ധതികൾക്ക് ഫണ്ടിന്റെ പ്രശ്നമില്ല. ആയിരം കോടിയോളം രൂപ ഇതിൽ ലഭ്യമാണ്.

വിദ്യാലയങ്ങളിൽ ലഹരിവിമോചന പദ്ധതി

പരമ്പരാഗത ജോലിയിൽനിന്ന് മാറി ലഹരിമോചന പ്രവർത്തനങ്ങളിലേക്ക് എക്സൈസ് വകുപ്പിന്റെ പ്രവർത്തനം കേന്ദ്രീകരിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് ജോൺ ജേക്കബ് അഭിപ്രായപ്പെടുന്നു. സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗം കൂടുകയാണ്. ജില്ലയിൽ ആകെയുള്ള 204 എക്സൈസ് ഉദ്യോഗസ്ഥർ ഓരോരുത്തർക്കും ഓരോ സ്കൂളിന്റെ ചുമതല നൽകിയിരിക്കുകയാണ്. രണ്ടാഴ്ചയിലൊരിക്കൽ ഇവർ സ്കൂൾ സന്ദർശിച്ച് സ്ഥാപനത്തലവൻ, ലഹരിമോചന ക്ലബ്ബ് പ്രവർത്തകർ തുടങ്ങിയവരുമായി സംസാരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.

136 സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ കൊല്ലം 1512 ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എക്സൈസ് വകുപ്പ് മാത്രം സംഘടിപ്പിച്ചു. കായിക വിനോദമാണ് ഏറ്റവും വലിയ ലഹരി എന്ന ബോധത്തിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടാൻ കബഡി, ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാൻ അഞ്ചുലക്ഷത്തോളം രൂപ നീക്കിവെച്ചിരിക്കുകയാണ്. കുട്ടികളെ വായനയുടെ ലോകത്തേക്ക് തിരിച്ചുവിടാൻ ലൈബ്രറി കൗൺസിലുമായി ചേർന്ന് അരലക്ഷം രൂപയുടെ പദ്ധതിയും ഉണ്ട്. എൻ.സി.സി., എൻ.എസ്.എസ്., സ്റ്റുഡൻറ്‌ പോലീസ് കേഡറ്റ് തുടങ്ങിയവയുടെ സഹകരണവും തേടുന്നു.

കാസർകോടിന്റെ പരിമിതി

കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ സർക്കാർ നയമല്ലെങ്കിലും കർണാടകയിൽ നേരെ തിരിച്ചാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. നടപ്പുവർഷം 20,500 കോടിയുടെ മദ്യം വിറ്റിരിക്കണമെന്നാണ് അവിടത്തെ ഉദ്യോഗസ്ഥർക്ക് കിട്ടിയ നിർദേശം. അതുകാരണം കേരള അതിർത്തിയിൽ വ്യാപകമായി അവർ മദ്യഷാപ്പുകൾ തുറക്കുന്നു. കഴിഞ്ഞമാസം മാത്രം 456 ലിറ്റർ കർണാടക മദ്യവും 124 ലിറ്റർ ഗോവൻ മദ്യവും കാസർകോട്ട് പിടികൂടി. മംഗളൂരുവാണ് ഇതിന്റെ ഹബ്ബായി പ്രവർത്തിക്കുന്നത്. ജി.എസ്.ടി. വന്നതോടെ മറ്റ് ചെക്പോസ്റ്റുകൾ ഇല്ലാതായത് കടത്തുകാർക്ക് വലിയ സൗകര്യമാണ്. ആയിരക്കണക്കിന് വാഹനങ്ങൾ ഒഴുകുന്ന ദേശീയ പാതയിൽ വ്യക്തമായ വിവിരം കിട്ടിയാലേ കടത്ത് പിടികൂടാൻ കഴിയൂ. എല്ലാ വാഹനങ്ങളും തടഞ്ഞുനിർത്തി പരിശോധന പ്രായോഗികവുമല്ല. റോഡ് വാഹനങ്ങൾക്കുള്ളതാണെന്ന ഹൈക്കോടതി നിരീക്ഷണം പരിശോധന പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

കാഞ്ഞങ്ങാട്ടും കാസർകോട്ടും കൗൺസലിങ് കേന്ദ്രം

കുടുംബക്കോടതിയിലെത്തുന്ന വിവാഹമോചനക്കേസുകളുടെ 90 ശതമാനത്തിന്റെയും അടിസ്ഥാനകാരണം ലഹരിയാണെന്ന് കാസർകോട് ഫാമിലി കോടതി ജഡ്ജിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട്ടും കാഞ്ഞങ്ങാട്ടും കോടതിയോടനുബന്ധിച്ച് മാസത്തിൽ ഒരുതവണവീതം സൗജന്യ കൗൺസലിങ് നടത്താൻ തീരുമാനിച്ചതായി ജേക്കബ് ജോൺ അറിയിച്ചു. പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 70 ശതമാനവും മദ്യത്തിനടിപ്പെട്ടിട്ടാണെന്ന് പഠനം പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസി. കമ്മിഷണർ എം.കെ.മോഹനനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഈ നമ്പറുകളിൽ ബന്ധപ്പെടാം

ലഹരിമോചന കേന്ദ്രത്തിന്റെ സേവനം ലഭിക്കാൻ: കാസർകോട് എക്സൈസ് ഡിവിഷൻ ഓഫീസ്-04994 256728, കാസർകോട് എക്സൈസ് സർക്കിൾ ഓഫീസ്-04994 255332, ഹൊസ്ദുർഗ് സർക്കിൾ ഓഫീസ്-04672 204125, നീലേശ്വരം ഡി അഡിക്ഷൻ സെന്റർ-04672 282933.

Content Highlights; Nileshwaram Free drug treatment center