കോട്ടയം: ജയിലിൽനിന്ന് വിചാരണയ്ക്ക് കൊണ്ടുവന്ന ഗുണ്ടാകേസ് പ്രതിക്ക് കോടതിവരാന്തയിൽ കഞ്ചാവ് കൈമാറുകയും തടയാൻ ശ്രമിച്ച പോലീസുകാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പോലീസ് പിടിയിലായി.

കോട്ടയം തിരുവാതുക്കൽ കൊച്ചാലുമ്മൂട്ടിൽ ആരോമൽ വിജയൻ (18), മാന്തറ ഭാഗത്ത് വട്ടത്തറ വീട്ടിൽ വിഷ്ണു മനോഹർ (27), പതിനഞ്ചിൽക്കടവ് കൊച്ചുപറമ്പിൽ മാഹിൻ ആഷാദ് (മുന്ന-18) എന്നിവരെയാണ് കോട്ടയം ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ. ടി.എസ്.റെനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം 11 മണിയോടെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി(മൂന്ന്) യുടെ മുന്നിലായിരുന്നു സംഭവം. കഞ്ചാവ്, അടിപിടി, മോഷണക്കേസുകളിൽ കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ബാദുഷയെയുമായി എ.ആർ.ക്യാമ്പിലെ പോലീസുകാർ കോടതിക്ക് മുന്നിലെത്തി. തുടർന്ന് വിലങ്ങഴിച്ച് കോടതിക്കുള്ളിലേക്ക്‌ കയറ്റുന്നതിനിടെ അടുത്തെത്തിയ പ്രതികൾ കഞ്ചാവുപൊതി ബാദുഷയ്ക്ക് കൈമാറുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പോലീസുകാരും പ്രതികളുമായി പിടിവലിയുണ്ടായി. സംഭവം കണ്ട് കോടതിക്ക് സമീപമുണ്ടായിരുന്ന കൂടുതൽ പോലീസുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടിരക്ഷപ്പെട്ടു.

തുടർന്ന് കോട്ടയം ഡിവൈ.എസ്.പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെയോടെ പ്രതികളെ പിടികൂടി. കോട്ടയം ഈസ്റ്റ് എസ്.ഐ. മഹേഷ്‌കുമാർ, എ.എസ്.ഐ. സജികുമാർ, സീനിയർ സി.പി.ഒ.മാരായ പി.എൻ.മനോജ്, ബിജു പി.നായർ, മോൻസി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. വീട്ടിൽ കഞ്ചാവുചെടി വളർത്തിയതടക്കം നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് വിഷ്ണു. കഞ്ചാവ് വിൽപ്പന നടത്തിയതിനും കഞ്ചാവ് ഉപയോഗിച്ചതിനും മുന്നക്കെതിരെ നേരത്തെ പോലീസ് കേസുണ്ട്. അറസ്റ്റിലായ പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

Content Highlights: anti drug campaign 2019