കോഴിക്കോട്: സർക്കാർ കോടികൾ മുടക്കുമ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ആദിവാസി സമൂഹം ഏറെ അകലെയാണെന്ന് തുറന്നു പറയുകയാണ് കോടഞ്ചേരി പാത്തിപ്പാറയിലെ പണിയകോളനി. മദ്യത്തിനും പുകയിലയ്ക്കും അടിമപ്പെട്ട മാതാപിതാക്കൾ. സ്കൂളിൽ പോകാതെ കുട്ടികൾ. അജ്ഞാത രോഗങ്ങളിൽ പൊലിയുന്ന ജീവിതങ്ങൾ. ശൈശവവിവാഹത്തിന്റെ ദുരന്തങ്ങൾ. കോളനിയിലെ കാഴ്ചകളാണിവ.

പണിയ വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് പാത്തിപ്പാറ കോളനിയിലുള്ളത്. പത്തേക്കറോളം സ്ഥലത്ത് 34 വീടുകളിലായി നൂറ്റമ്പതോളം പേർ ജീവിക്കുന്നു. മുതിർന്നവരിൽ ആൺ, പെൺ വ്യത്യാസമില്ലാതെ ഭൂരിഭാഗം പേരും മദ്യത്തിന് അടിമകളാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും കൂലിപ്പണിക്ക് കിട്ടുന്ന പണവുമെല്ലാം ഇവർ ചെലവഴിക്കുന്നത് ലഹരിക്കായാണ്. ചെറുപ്രായത്തിൽത്തന്നെ കുട്ടികളും മദ്യത്തിന് അടിമകളാവുന്നു. ഇത് തടയാനുള്ള ശ്രമങ്ങൾ ഫലപ്രദമാവുന്നില്ല.

കോളനിയിലെ പതിന്നാല് കുട്ടികൾ നെല്ലിപ്പൊയിൽ സെയ്ന്റ് തോമസ് എൽ.പി. സ്കൂളിലാണ് പഠിക്കുന്നത്. യാത്രയ്ക്കായി സ്കൂൾ ബസ് കാലത്തെത്തും. എന്നാൽ, വല്ലപ്പോഴുമാണ് ഇവർ സ്കൂളിൽ പോവുന്നത്. രാവിലെ കുട്ടികളെ ഒരുക്കി സ്കൂളിലേക്കയക്കാൻ മുതിർന്നവർ ശ്രദ്ധിക്കാറില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചൊന്നും അവർക്ക് അറിവില്ല.

കുട്ടികളെ സ്കൂളിലയക്കാൻ ‘മെന്റർ’റായി ഒരാളെ വെച്ചിരുന്നു. അന്ന് കുട്ടികൾ മുടങ്ങാതെ സ്കൂളിൽ പോയിരുന്നു. പിന്നീട് മെന്റർ ഇല്ലാതായതോടെ സ്കൂളിൽപോക്കും വല്ലപ്പോഴുമായി. കോളനിയിലെ മുതിർന്ന സ്ത്രീ മുത്തിയായിരുന്നു മുമ്പ് കുട്ടികളെ സ്കൂളിലേക്ക് ഒരുക്കിവിട്ടിരുന്നത്. പ്രായമായതോടെ മുത്തിക്ക് പഴയപോലെയുള്ള ആരോഗ്യമില്ല.

കോളനിയിലെ ഹൈസ്കൂൾതലത്തിലുള്ള കുട്ടികളെ ട്രൈബൽ ഹോസ്റ്റലുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. ഷമീർ പറഞ്ഞു. അടുത്തവർഷം മുതൽ എൽ.പി. വിഭാഗത്തിലെയും പരമാവധി കുട്ടികളെ ഹോസ്റ്റലിലാക്കും. ആദിവാസി വിഭാഗത്തിൽപ്പെട്ട ആയമാരെയും പുതുതായി നിയമിച്ചിട്ടുണ്ട് -ഷമീർ വ്യക്തമാക്കി.

കോളനിയിൽ ഒരാൾമാത്രമാണ് പത്താംതരം വിജയിച്ചത്. മാതയുടെ മകൻ ബിനീഷ്. തുടർന്ന് പഠിക്കാൻ താത്‌പര്യം കാട്ടാതിരുന്ന ബിനീഷ് കൂലിപ്പണിക്ക് പോവുകയാണ്. കോളനിയിലെ വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്ന പതിവ്‌ കുറവാണ്. കൊച്ചു കുട്ടികൾക്ക് കോളനിയിലുള്ള അങ്കണവാടിയിൽ നിന്ന് ഭക്ഷണം ലഭിക്കും. എന്നാൽ, അവധി ദിവസങ്ങളിൽ ഇത് മുടങ്ങും. തുടർച്ചയായി അവധി ദിവസങ്ങൾവന്നാൽ ഭക്ഷണം ചോദ്യ ചിഹ്നമാവും. ഞായറാഴ്ചകളിൽ സായ്ട്രസ്റ്റ് പ്രവർത്തകർ കോളനിയിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കൂലിപ്പണിക്കായി പുറത്തിറങ്ങുമ്പോൾ ഹോട്ടലുകളിൽ നിന്നാണ് മുതിർന്നവർ അധികവും ഭക്ഷണം കഴിക്കുന്നത്. മാസത്തിൽ 30 കിലോ അരി ഇവർക്ക് സൗജന്യ റേഷനായി കിട്ടുന്നുണ്ട്. എന്നാൽ, കുറെ കുടുംബങ്ങളുടെ റേഷൻകട കോളനിക്ക് ദൂരെയുള്ള മുണ്ടൂരിലാണ്. സാധനങ്ങൾ കൊണ്ടുവരാൻ നൂറ് രൂപ ഓട്ടോറിക്ഷയ്ക്ക് മുടക്കേണ്ട ഗതികേടിലാണിവർ.

അഞ്ചുവർഷം മുമ്പ് പാറ്റ എന്ന സ്ത്രീ പട്ടിണികാരണം മരിച്ചത് ഈ കോളനിയിലാണ്. പാറ്റ മരിച്ചതോടെ ഭർത്താവ് കോളനിവിട്ടുപോയി. പാറ്റയുടെ ആറാം ക്ലാസിൽ പഠിക്കുന്ന മകൾ ഇപ്പോൾ ട്രൈബൽ ഹോസ്റ്റലിലാണ്. കോളനിയിൽ വരുമ്പോൾ പാറ്റയുടെ സഹോദരിയുടെ കൂടെ താമസിക്കും.

ഏഴാംക്ലാസുകാരി പ്രസവിച്ച സംഭവവും കോളനിയിലുണ്ടായി. കോളനിയിലെ ഭർത്താവായ യുവാവ് പോക്സോ കേസിൽപ്പെട്ട് ജയിലിലായി. അമ്മയെയും കുഞ്ഞിനെയും നോക്കാൻ ആളില്ലാത്ത അവസ്ഥയാണ്. സംഭവം വിവാദമായതോടെ അങ്കണവാടിയിൽനിന്ന് അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നൽകാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ആദിവാസികൾക്കിടയിൽ ശൈശവവിവാഹം സാധാരണമാണ്. ഇതിന്റെ നിയമവശങ്ങളെക്കുറിച്ചെല്ലാം ഇവർ അജ്ഞരാണ്. ആദിവാസികൾക്കെതിരേ പോക്സോ കേസ് ചുമത്തുന്നതിന്റെ ദുരന്തം വ്യക്തമാക്കുന്ന സംഭവമാണ് പാത്തിപ്പാറ കോളനിയിലേത്.

അജ്ഞാതരോഗം പിടിപെട്ട് അടുത്തകാലത്തായി ഒട്ടേറെപേർ കോളനിയിൽ മരിച്ചു. ഒമ്പതുപേർ അരിവാൾ രോഗബാധിതരാണ്. ഇവർക്ക് മാസത്തിൽ രണ്ടായിരം രൂപവീതം സർക്കാർ സഹായമുണ്ട്. ഊരു മൂപ്പനായിരുന്ന വെളുത്തയുടെ രണ്ട് മക്കളും അജ്ഞാത രോഗത്തിന്‌ കീഴടങ്ങി. പിന്നീട് വെളുത്തയും മരിച്ചു. കരൾരോഗങ്ങൾ ഇവർക്കിടയിൽ വ്യാപകമാണ്.

Content Highlights: anti drug campaign 2019