പന്തീരാങ്കാവ്: സ്കൂട്ടറിൽ കഞ്ചാവുമായി പോകുന്നതിനിടെ യുവതി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഒളവണ്ണ കൊടിനാട്ടുമുക്കിൽ വെച്ചാണ് എട്ട് കിലോ കഞ്ചാവുമായി തൈതോട്ടത്തിൽ കെ.പി. ജംഷില (38) ഫറോക്ക് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മാർക്കറ്റിൽ രണ്ടു ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയായ വെംബ്ലി സലീമിന്റെ സഹായിയാണ് ജംഷീല. സലീമിനൊപ്പം മധുരയിൽ പോയാണ് പ്രതി കഞ്ചാവ് വാങ്ങിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ട് വരാൻ സ്ത്രീകളെ ഉപയോഗിച്ചാൽ പിടിക്കപ്പെടില്ലെന്ന ധാരണയിലാണ് ജംഷിലയെ കഞ്ചാവ് കടത്തിന് ഉപയോഗിച്ചത്. സലീം കേസിൽ രണ്ടാം പ്രതിയാണ്. ഇയാൾ ഒളിവിലാണ്.

എക്സൈസ് ഇൻസ്പെക്ടർ എ.പ്രജിത്, പ്രിവന്റീവ് ഓഫീസർ അനിൽ ദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എം. മുഹമ്മദ് അസ്ലം, ടി.കെ.രാകേഷ്, എസ്.എം.സന്ദീപ്, ടി.ഗോവിന്ദൻ, വി.അശ്വിൻ, സവിഷ്, മഞ്ജുള, ജിജി ഗോവിന്ദ്, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജംഷിലയെ കോടതി റിമാന്റ് ചെയ്തു.

Content Highlights: anti drug campaign 2019