ചങ്ങനാശ്ശേരി: ആഡംബരക്കാറിന്റെ ഡിക്കിയിൽ തിരുവനന്തപുരത്തു നിന്ന്‌ രഹസ്യമായി കടത്തിക്കൊണ്ടുവന്ന ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങൾ പോലീസ് ആന്റി ഗുണ്ടാ സ്‌ക്വാഡ് ചങ്ങനാശ്ശേരിയിൽ പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ് ജോസഫ് (35), തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂർക്കോണം ചിറത്തലക്കുന്നേൽ സുഹൈൽ(28) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഗുണ്ടാവിരുദ്ധസംഘം നടത്തിയ പരിശോധനയിൽ പെരുന്ന ഭാഗത്തുനിന്നാണ് സംഘത്തെ പിടികൂടിയത്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. എൻ.രാജൻ, സി.ഐ. കെ.പി.വിനോദ്, എസ്.ഐ. അനിൽകുമാർ, സ്‌ക്വാഡ് അംഗങ്ങളായ കെ.കെ.റെജി, സിബിച്ചൻ ജോസഫ്, അരുൺ, ആന്റണി, പ്രതീഷ് രാജ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

കാറിന്റെ ഡിക്കിയിൽ 10 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 15,000 പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങളാണ് പിടിച്ചെടുത്തത്. കളിയിക്കാവിളയിൽ നിന്ന്‌ വാങ്ങി ചങ്ങനാശ്ശേരിയിലും കോട്ടയത്തുമുള്ള കടകളിൽ വിൽക്കുന്നതിനായി കൊണ്ടുപോകുമ്പോഴാണ് പോലീസ് ഇവരെ കുടുക്കിയത്. കോട്ടയം സ്വദേശിയായ ഒരു യുവാവാണ് കോട്ടയത്തുള്ള വിതരണത്തിന് ഇവർക്ക് സഹായം നൽകിയിരുന്നതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി തിരുവനന്തപുരംമുതൽ പാലക്കാടുവരെയുള്ള സ്ഥലങ്ങളിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

Content Highlights: anti drug campaign 2019