ചങ്ങനാശ്ശേരി: കോട്ടയം പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തിൽ കഞ്ചാവ്, മയക്കു മരുന്ന് മാഫിയ പിടിമുറുക്കുന്നു. ഇടവഴികൾ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപ്പനയും ഉപയോഗവും വർധിക്കുന്നതായാണ് പോലീസിന്റെയും എക്‌സൈസിന്റെയും രഹസ്യന്വേഷണവിഭാഗത്തിന് കിട്ടിയ വിവരങ്ങൾ.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഞ്ചാവ് ഉപയോഗവും വിൽപ്പനയുമുണ്ട്. യുവാക്കളാണ് പ്രധാനമായും വിൽപ്പനക്കാർ. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇടപാടുകാരുമായി വിൽപ്പനക്കാർ ബന്ധപ്പെടുന്നത്. ഇടവഴികളിൽ കഞ്ചാവ് മാഫിയയുടെ സാന്നിധ്യമുണ്ടെന്ന പരാതികളും ഉയരുന്നുണ്ട്. ഇവിടെ എക്സൈസ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രിയിൽ ഇടവഴികളിലും മറ്റും പോലീസ്, എക്സൈസ് പരിശോധനകൾ ഇല്ലാത്തതും ഇത്തരക്കാർക്ക് സഹായമാകുന്നുണ്ട്. അധികൃതരുടെ അടിയന്തരശ്രദ്ധ വിദ്യാലയങ്ങളുടെ സമീപത്തേക്ക് എത്തണമെന്നാണ് അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ആവശ്യം.

പരിശോധന കർശനമാക്കും

പായിപ്പാട്‌, തൃക്കൊടിത്താനം പ്രദേശങ്ങളിൽനിന്നു നിരവധി കേസുകൾ മുമ്പ് എടുത്തിട്ടുണ്ട്. പരാതികൾ വന്നിട്ടുണ്ട്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകളും അനുബന്ധനടപടികളും ഉണ്ടാകും. രാജേഷ് ജോൺ (എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ ചങ്ങനാശ്ശേരി).