കൊച്ചി: എറണാകുളം നഗരത്തിൽ വിദ്യാർഥികൾക്കും ഐ.ടി. മേഖലയിൽ ജോലിചെയ്യുന്നവർക്കും മറ്റും ലഹരി വിൽപ്പന നടത്തിയിരുന്ന വിദ്യാർഥിസംഘം ലഹരിമരുന്നുമായി പിടിയിൽ. കോഴിക്കോട് പുന്നശ്ശേരി മണങ്ങാട്ട് വീട്ടിൽ ഷഹാൽ മാലിക്ക് (21), കൊയിലാണ്ടി മേപ്പയ്യൂർ മാടായി വീട്ടിൽ മുഹമ്മദ് റായീസ് (22), താമരശ്ശേരി മാളിയക്കൽ വീട്ടിൽ ഷഫാഫ് അഷറഫ് (22) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. തമ്മനത്ത് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 1.750 കി.ഗ്രാം കഞ്ചാവും ആറ് ഗ്രാം എം.ഡി.എം.എ.യും 95 ഗ്രാം ഹാഷിഷ് ഓയിലും എക്‌സൈസ് പിടിച്ചെടുത്തു.

ബെംഗളൂരിൽ നിന്ന് ലഹരിമ രുന്ന് വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് വിൽക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.

എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ ദേവദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. എക്‌സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ ഡെന്നി റാഫേൽ, പ്രിവന്റീവ് ഓഫീസർമാരായ ഷാജി മാത്തച്ചൻ, ബിനു ജേക്കബ്, സിവിൽ എക്‌സൈസ് ഓഫീസർ ഹാരിസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Content Highlights: anti drug campaign 2019