ന്യൂഡൽഹി: രാജ്യത്ത് മയക്കുമരുന്ന് കുത്തിവെക്കുന്നവരുടെ എണ്ണം കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹിയും. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആകെ 8.5 ലക്ഷം പേരാണ് മയക്കുമരുന്ന് കുത്തിവെക്കുന്നവർ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) ദേശീയ മയക്കുമരുന്ന് വിമുക്തി ചികിത്സാകേന്ദ്രം തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം. ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാണ, കർണാടക, മഹാരാഷ്ട്ര, മണിപ്പുർ, നാഗാലാൻഡ് എന്നി സംസ്ഥാനങ്ങളാണ് മയക്കുമരുന്ന് കുത്തിവെക്കുന്നവരുള്ളതിൽ മുന്നിട്ടു നിൽക്കുന്ന മറ്റു സംസ്ഥാനങ്ങൾ. കഞ്ചാവ്, കറുപ്പ്, കൊക്കെയ്ൻ തുടങ്ങിയ മയക്കു മരുന്നുകളുടെ ഉപയോഗം വർധിച്ചു.

മയക്കു മരുന്നായ ഹെറോയിനിന്റെ ഉപയോഗം ഏറ്റവുമൊടുവിൽ ദേശീയ തലത്തിൽ നടത്തിയ സർവേയിലേക്കാളും വർധിച്ചതായി കണ്ടെത്തി. 2004-ലെ സർവേ റിപ്പോർട്ടുപ്രകാരം 0.2 ശതമാനമായിരുന്ന സ്ഥാനത്ത് 1.14 ശതമാനമാണിപ്പോൾ. രാജ്യത്തെ 10 വയസ്സിനും 75 വയസ്സിനും ഇടയിലുള്ള 16 കോടി ആളുകൾ മദ്യം ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇവരിൽ 5.7 കോടി പേർ മദ്യത്തിന് അടിമപ്പെട്ടവരാണ്. ഛത്തീസ്ഗഢ്, ത്രിപുര, പഞ്ചാബ്, അരുണാചൽപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് മദ്യ ഉപഭോഗത്തിൽ മുന്നിട്ടു നിൽക്കുന്നത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട രാജ്യത്തെ ഭൂരിഭാഗം പേർക്കും കൃത്യമായ ചികിത്സ ലഭിക്കുന്നില്ല. വിഷയത്തിൽ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും ചേർന്നു ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 186 ജില്ലകളിലെ 2,00,111 വീടുകൾ സന്ദർശിച്ച് 4,73,569 ആളുകളുടെ അഭിപ്രായം തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 10 മെഡിക്കൽ കോളേജുകൾ, 15 എൻ.ജി.ഒ.കൾ എന്നിവയുടെ സഹായത്തോടെയായിരുന്നു സർവേ. സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമായിരുന്നു സർവേ നടത്തിയത്.

content highlights: anti drug campaign 2019