കാഞ്ഞാണി: കഞ്ചാവ് വലിച്ചുതുടങ്ങിയശേഷമാണ് എൻജിനീയറിങ് വിദ്യാർഥികളായ അഹമ്മദും രോഹിതും മൊത്തക്കച്ചവടക്കാരായി മാറിയത്. സാമ്പത്തികമായി ഭേദപ്പെട്ട വീടുകളിൽ നിന്നുള്ള ഇരുവരും എൻജിനീയറിങ്ങിന്‌ ചേർന്ന ശേഷമാണ് ലഹരിക്ക് അടിപ്പെട്ടത്.

കഞ്ചാവ് ഉപയോഗത്തിനായി കോളേജ് കാമ്പസിന് പുറത്ത് വീട് വാടകയ്ക്കെടുത്തു. ഇതോടെ കൂടുതൽ വിദ്യാർഥികളെ തങ്ങളോടൊപ്പം ചേർക്കാനും ഇവർക്ക്‌ കഴിഞ്ഞു. കഞ്ചാവിന് ആവശ്യക്കാർ കൂടിയതോടെ അത് എത്തിക്കാനുള്ള മാർഗം ഇരുവരും തേടി. അന്വേഷണത്തിനൊടുവിൽ വിതരണക്കാരുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അങ്ങനെയാണ് ഇരുവരും കഞ്ചാവ് വിതരണത്തിലെ കണ്ണികളായി മാറിയതെന്ന് പോലീസ് പറയുന്നു.

പണം ധാരാളം വരാൻ തുടങ്ങിയതോടെ കൊണ്ടുവരുന്ന കഞ്ചാവിന്റെ അളവ് കൂട്ടണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടു. കച്ചവടം കൂടിയതോടെ ഇരുവരും ആഡംബരജീവിതത്തിന് വൻ തുക ചെലവഴിക്കാൻ തുടങ്ങി. കിട്ടുന്ന പണം തികയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. മറ്റു ജില്ലകളിലേക്ക് കഞ്ചാവ്  എത്തിക്കാനും തുടങ്ങി. ഒടുവിൽ ആന്ധ്രയിൽ നിന്ന് നേരിട്ട് സാധനം വരുത്തുന്ന തരത്തിലേക്ക് ഇവരുടെ ബന്ധങ്ങൾ വളർന്നു. ചെറിയ വിതരണക്കാരിൽ നിന്ന് മൊത്ത വിതരണത്തിലേക്ക് മാറിയതോടെ തീരദേശത്തെ ചെറുകിടക്കാർ ഇവരെ ആശ്രയിക്കാൻ തുടങ്ങി. ആന്ധ്രയിൽ നിന്ന് വരുത്തുന്ന കഞ്ചാവ് ഇരട്ടി വിലയ്ക്കാണ് ഇവർ ഇവിടെ വിറ്റിരുന്നതെന്നും പോലീസ് പറയുന്നു.

വിവരം കിട്ടി; പോലീസ് കാത്തിരുന്നു

തീരദേശത്തെ ചെറുകിട കഞ്ചാവ് കച്ചവടക്കാരനെ പിടിച്ചതോടെയാണ് എൻജിനീയറിങ് വിദ്യാർഥികളാണ് മൊത്തവിതരണക്കാരെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ചെറുകിടക്കാരെ ഉപയോഗിച്ച് ഇവരെ പിടിക്കാനായിരുന്നു പോലീസിന്റെ പിന്നീടുള്ള നീക്കം. അറസ്റ്റിലായ ചെറുകിടക്കാരനിൽനിന്ന് പോലീസ് ഇരുവരുടെയും ഫോൺ നമ്പർ സംഘടിപ്പിച്ചു. രണ്ടാഴ്ച മുമ്പായിരുന്നു ഇത്.

ആവശ്യക്കാരാണെന്നുപറഞ്ഞ് ആദ്യം പോലീസുകാരിലൊരാൾ പരിചയപ്പെട്ടു. ആദ്യമൊക്കെ അധികം അടുക്കാൻ ഇവർ തയ്യാറായില്ല. എന്നാൽ, നിരന്തരം ആവശ്യപ്പെട്ടപ്പോൾ എത്തിച്ചുതരാമെന്ന് സമ്മതിച്ചു. എവിടെ വരണമെന്ന് ഇവർ ചോദിച്ചു. തൃശ്ശൂരിലെ മറ്റ് സ്ഥലങ്ങൾ പോലീസ് കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും കാഞ്ഞാണി ബസ്‌സ്റ്റാൻഡ് പരിസരം സുരക്ഷിതമാണെന്നും ഇവരെ ബോധ്യപ്പെടുത്തി. തിങ്കളാഴ്ച രാത്രി രണ്ടരയോടെ എത്തണമെന്നും ആവശ്യപ്പെട്ടു.

രണ്ട്‌ ട്രോളി ബാഗുകളിൽ കഞ്ചാവും നിറച്ച് ബസിൽ അങ്കമാലിയിൽ നിന്ന് ഇരുവരും തൃശ്ശൂർ സ്റ്റാൻഡിലെത്തി. ഇവിടെ നിന്ന് ടാക്സി വിളിച്ചാണ് കാഞ്ഞാണിക്ക്‌ പോയത്. എത്തുന്ന ഓരോ സ്ഥലവും അപ്പപ്പോൾ ഇരുവരും അറിയിച്ചു കൊണ്ടിരുന്നു. വാടക കൊടുത്ത് ടാക്സി പറഞ്ഞു വിട്ട ശേഷം ബസ്‌സ്റ്റാൻഡിൽ യാത്രക്കാരെപ്പോലെ നിൽക്കാൻ ഒരുങ്ങുമ്പോഴേക്കും ഇരുട്ടിൽ മഫ്തിയിൽ നിന്നിരുന്ന പോലീസ് സംഘം ഇവരെ വളഞ്ഞിരുന്നു.

Content Highlights: anti drug campaign 2019