ആലുവ: എക്സൈസ് വിഭാഗം നടത്തിയ പരിശോധനകളിൽ കഞ്ചാവും തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടു വന്ന മദ്യവും പിടികൂടി. വ്യത്യസ്ഥ സംഭവങ്ങളിൽ രണ്ടു പേരെ അറസ്റ്റുചെയ്തു.

ആലുവ ദേശം ഭാഗത്തുനിന്നും 65 ഗ്രാം കഞ്ചാവ് വിൽപ്പനയ്ക്കായി ബൈക്കിൽ കൊണ്ടു വന്നപ്പോൾ ചെങ്ങമനാട് കപ്രശ്ശേരി കരയിൽ തണ്ടിയ്ക്കൽ വീട്ടിൽ സജിത്തിനെയാണ് (23) ആലുവ എക്സൈസ് റേഞ്ച് സംഘം ആദ്യം അറസ്റ്റുചെയ്തത്.

സജിത്തിൽ നിന്നും കിട്ടിയ വിവരത്തിന്റ അടിസ്ഥാനത്തിൽ കൂട്ടു പ്രതി ആലങ്ങാട് നീറിക്കോട് കരയിൽ പള്ളത്തുപ്പറമ്പിൽ ഫൈസലിനെ (21) ദേശം ട്രാഫിക് സിഗ്‌നലിന്റെ സമീപത്തു നിന്നും പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും 25 ഗ്രാം കഞ്ചാവും പിടികൂടി. ഉദുമൽപേട്ടയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ബൈക്ക് മാർഗം ആലുവയിൽ എത്തിച്ചു വിൽപ്പന നടത്തി വരികയായിരുന്നു ഇവർ. 10 ഗ്രാമിന്റെ ചെറുപൊതികളാക്കി 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വന്നിരുന്നത്. ഇരുവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കി.

ആലുവ കുന്നത്തേരി ഭാഗത്ത് നിന്നാണ് 6.620 ലിറ്റർ തമിഴ്‌നാട് മദ്യം പിടികൂടിയത്. കുന്നത്തേരിയിൽ തമിഴന്മാർ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. തമിഴ്‌നാട് തൊഴിലാളികൾ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാകാമെന്ന് സംശയിക്കുന്നു. പ്രതിയെ ഉടൻ പിടികൂടുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപി പറഞ്ഞു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എ. വാസുദേവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എ.ബി. സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, ടി.എൻ. ശ്രീരാജ്, എം.കെ. പ്രസന്നൻ എന്നിവർ പങ്കെടുത്തു.

Content Highlights: anti drug campaign 2019