കൊച്ചി: ലഹരി വില്പനക്കാരൻ എക്സൈസിനെ കണ്ട് ഓടി, ഇയാൾക്ക് പുറകെ പണവുമായി ഓടിയയാൾ വന്നു പെട്ടത് എക്സൈസിന്റെ മുന്നിൽ. കാര്യം തിരക്കി പിടികൂടേണ്ട കാര്യമേ എക്സൈസിന് വന്നുള്ളൂ. പെരുമ്പടപ്പ് സ്വദേശി എബിൻ ആന്റണി (21) ആണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. മരുന്ന് വില്പനയ്ക്കായി കൊണ്ടുവന്ന മട്ടാഞ്ചേരി ചക്കാമാടം ജൂ ടൗൺ സ്വദേശി അരുൺ ജോർജിനായുള്ള അന്വേഷണത്തിലാണ് എക്സൈസ്.
പെരുമ്പടപ്പ് ഭാഗത്തെ ഇടവഴിയിൽ ലഹരി ഇടപാട് നടക്കുകയായിരുന്നു. എബിന് അരുൺ ലഹരി ഗുളികകൾ കൈമാറി. അല്പം മാറി നിന്ന് എബിൻ ലഹരി മരുന്നാണെന്ന് ഉറപ്പിച്ച് പണം എടുത്തു. എന്നാൽ പണം കൈപ്പറ്റാനായി നിന്നിരുന്ന അരുൺ എക്സൈസിന്റെ വാഹനം കണ്ട് ഓടുകയായിരുന്നു. കാര്യം പിടികിട്ടാതിരുന്ന എബിൻ ഇയാളുടെ പിറകെ പണവുമായി ഓടി. എബിൻ ഓടി എത്തിയത് എക്സൈസ് വാഹനത്തിന് മുമ്പിലേക്ക്.
വഴിയിൽ നിന്ന ഒരാൾ ഓടി മറയുകയും മറ്റൊരാൾ തങ്ങളുടെ വാഹനത്തിന് നേരെ ഓടി വരുന്നതും കണ്ട എക്സൈസുകാരും അമ്പരന്നു. തങ്ങളുടെ സമീപം ഓടിക്കിതച്ചെത്തിയ എബിനോട് എക്സൈസ് വിവരം ചോദിച്ചു. കൂട്ടുകാരന് പനിയാണെന്നും അവനുള്ള മരുന്നും വാങ്ങി വന്നതാണെന്നും പക്ഷെ അവൻ മരുന്ന് വാങ്ങാതെ ഓടിപ്പോയെന്നും അത് കൊടുക്കാനാണ് താൻ പിന്നാലെ ഓടിയതെന്നും എബിൻ പറഞ്ഞു. ‘ഓടിച്ചിട്ട് കൊടുക്കുന്ന മരുന്ന്’ കാണാൻ കൈവശമുള്ള കവർ തുറന്ന് പരിശോധിച്ചപ്പോഴാണ് പനിക്കുള്ള മരുന്നല്ലെന്നും ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന ഗുളികകൾ ആണെന്നും എക്സൈസിന് ബോധ്യമായത്.
54 നൈട്രോസെപാം ഗുളികകൾ എബിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. 70 ഗ്രാം കഞ്ചാവും ഇയാളുടെ കൈയിൽ നിന്ന് കണ്ടെടുത്തു. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ്. ശ്രീരാജിന്റെ നേത്യത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. രാം പ്രസാദ്, എ.എസ്. ജയൻ, പി.എൽ. ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്. റൂബൻ, കെ.എം. റോബി, അജിത്ത് കുമാർ, ഡ്രൈവർ പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: anti drug campaign 2019