കോട്ടയം: പുകയിലയ്ക്കെതിരേ ‘യെല്ലോ ലൈൻ’ കാമ്പയിനുമായി കോട്ടയം ജില്ലാ ആരോഗ്യ വകുപ്പ്. വിദ്യാലയങ്ങളുടെ നൂറു വാര ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നത് കർശനമായി തടഞ്ഞു കൊണ്ടുള്ള നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ഓരോ വിദ്യാലയത്തിന്റേയും കവാടത്തിൽനിന്നു ഇരുവശത്തേക്കും മുന്നിലുള്ള റോഡിൽ 100 മീറ്റർ ദൂരത്തിൽ റോഡിനു കുറുകേ മഞ്ഞവര വരയ്ക്കും. മഞ്ഞവരയുടെ പരിധിക്കുള്ളിൽ പുകയില ഉത്പപന്നങ്ങളുടെ വില്പന കർശനമായി നിരോധിക്കുകയും പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയും ചെയ്യും.
പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളേയും ഉൾപ്പെടുത്തി സിഗരറ്റിന്റേയും മറ്റു പുകയില ഉത്പന്നങ്ങളുടേയും ഉപയോഗം പൊതുസ്ഥലങ്ങളിൽ നിരോധിക്കുന്ന ‘കോറ്റ്പ 2003’ നിയമം ഫലപ്രദമായി നടപ്പാക്കാനാണ് ‘യെല്ലോ ലൈൻ’ കാമ്പയിൻ നടത്തുന്നത്. ജില്ലാ ആരോഗ്യ വകുപ്പ്, മീനച്ചിൽ ഗ്രാമപ്പഞ്ചായത്ത്, മീനച്ചിൽ കുടുംബാരോഗ്യകേന്ദ്രം എന്നിവർ സംയുക്താഭിമുഖ്യം വഹിക്കും.
ആദ്യ ഘട്ടത്തിൽ മീനച്ചിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും
“വിദ്യാർഥികളിൽ വർധിച്ചുവരുന്ന പുകയില ഉത്പന്ന ഉപയോഗത്തിന് തടയിടുവാൻ യെല്ലോ ലൈൻ കാമ്പയിനിലൂടെ കഴിയും. ഇടമറ്റം ഹൈസ്കൂളിന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡിൽ മഞ്ഞവര വരച്ച് തുടക്കമിടുന്ന കാമ്പയിൻ ആദ്യഘട്ടത്തിൽ മീനച്ചിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.”-( ഡോ. ജേക്കബ് വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ).
Content Highlights: anti drug campaign 2019