തിരുവനന്തപുരം: സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ 80 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മധുര ഉസലാംെപട്ടി കനാംപിള്ള തെരുവിൽ വൈരമുത്തു(27), മധുര കൃഷ്ണനഗർ തണ്ടുകാൻകുളം മലൈചാമി(42) എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് 20 ലക്ഷത്തോളം വില വരും. നഗരത്തിലെ കഞ്ചാവു കച്ചവടക്കാർക്ക് മൊത്തവിതരണം നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
നേമം പള്ളിച്ചൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കാറിൽ കഞ്ചാവുമായി എത്തിയ ഇവർ പിടിയിലായത്. ഇടത്തരം കച്ചവടക്കാർക്ക് വിതരണം ചെയ്യാൻ മിഠായിക്കവറുകളിൽ പൊതിഞ്ഞ് ചെറിയ പായ്ക്കറ്റുകളാക്കിയാണ് കൊണ്ടുവന്നത്. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കടക്കം ഈ സംഘം കഞ്ചാവ് വിതരണം ചെയ്യുന്നുണ്ട്.
ഇതിനുമുൻപും ഇവർ പലതവണ തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ട്. ആന്ധ്രയിൽനിന്ന് തമിഴ്‌നാട് വഴിയാണ് ഇവർ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.
സിറ്റി പോലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി നഗരത്തൽനിന്നു കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പന നടത്തുന്ന നിരവധിപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊത്തവിൽപ്പനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയായിരുന്നു. ഇപ്പോൾ പിടികൂടിയ സംഘം അടക്കമുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ഷാഡോ പോലീസ് ശേഖരിച്ചിരുന്നു. തുടർന്ന് കഞ്ചാവ് എത്താനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് വാഹന പരിശോധനകൾ കർശനമാക്കിയതെന്നും സിറ്റി പോലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ പറഞ്ഞു.
എ.സി. സുരേഷ് കുമാർ വി., സി.ഐ. പ്രദീപ്, എസ്.ഐ.മാരായ സജി, സഞ്ചു ജോസഫ്, സുനിൽലാൽ, എസ്.എസ്.ഐ. ഗോപകുമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Content Highlights: anti drug campaign 2019