ചിറ്റാരിക്കാല്‍: ജില്ലയില്‍ സമീപകാലത്തായി നടന്ന വലിയ ലഹരിമരുന്ന് വേട്ടയാണ് മലയോരത്ത് ഞായറാഴ്ച നടന്നത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളാണ് ഒരു ക്വിന്റലിലേറെ വരുന്ന കഞ്ചാവുവേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. മുന്‍പ് നഗരങ്ങളില്‍ മാത്രം പരിചിതമായ ലഹരിമരുന്നുകള്‍ നാട്ടിന്‍പുറങ്ങളിലും വ്യാപകമാവുന്നതിന്റെ ദുഃസൂചനകളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.

പൊതുവെ ശാന്തമായ മലയോരം കഞ്ചാവുവേട്ടയുടെ വിവരമറിഞ്ഞ് നടുങ്ങി. നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. ചീമേനി-കടുമേനി റൂട്ടില്‍ ഞായറാഴ്ച കാറില്‍ കൊണ്ടുപോകുമ്പോഴാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ പിന്‍സീറ്റിന് മുകളില്‍ പായ്ക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

പൊതുവെ കുമ്പള, മഞ്ചേശ്വരം തുടങ്ങി ജില്ലയുടെ വടക്കന്‍ മേഖലകളിലാണ് കഞ്ചാവുമാഫിയ വിഹരിക്കുന്നത്. മംഗളൂരു വിമാനത്താവളം അടുത്തായതിനാല്‍ ഗള്‍ഫിലേക്ക് കടുത്താന്‍ സൗകര്യത്തിന് ഇവിടത്തെ രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുക അസാധാരണമല്ല.

കഴിഞ്ഞവര്‍ഷം നവംബറില്‍ മഞ്ചേശ്വരം ഗുഡ്ഡേമാറില്‍നിന്ന് പ്രദേശത്ത് വിതരണം ചെയ്യാനെത്തിച്ച 72 കിലോ കഞ്ചാവ് ശേഖരം കുറ്റിക്കാട്ടില്‍നിന്ന് പിടികൂടിയിരുന്നു. ജനവാസം കുറഞ്ഞ ചെങ്കല്‍പ്പണയ്ക്കു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് എട്ട് ട്രാവല്‍ ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ഇതിനെത്തുടര്‍ന്ന് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ താവളം മാറ്റിയാതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നക്‌സല്‍ സ്വാധീനമേഖലയില്‍ കഞ്ചാവുകൃഷി വ്യാപകമാണെന്ന് പോലീസ് കരുതുന്നു. അവിടന്ന് ബെംഗളൂരു വഴിയാണ് കേരളത്തില്‍ കഞ്ചാവ് എത്തുന്നത്. അവിടെ കിലോഗ്രാമിന് 6000-7000 രൂപയ്ക്ക് കിട്ടുന്നത് ഇവിടെ എത്തുമ്പോള്‍ 15,000 മുതല്‍ 30,000 രൂപ വരെയാകും.

ഗള്‍ഫിലേക്ക് കടത്തിയാല്‍ ഇത് ഒരുലക്ഷം രൂപവരെ ആകാറുണ്ടെന്ന് ഈ മേഖല അറിയുന്നവര്‍ പറയുന്നു. വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ റോഡ്, റെയില്‍ മാര്‍ഗം കൈമാറ്റം ചെയ്ത് ഇവിടെയെത്തിക്കുന്നു. ബംഗളൂരു, മംഗളൂരു നഗരങ്ങളിലെ ഏജന്റുമാര്‍ വഴിയാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത്.

അവിടെ പഠിക്കുന്നവരെയും ജോലിക്കായി പോകുന്നവരെയുമാണ് മാഫിയ കടത്തുകാരായി ഉപയോഗിക്കുന്നു. എളുപ്പം കാശ് സമ്പാദിക്കുക എന്ന ലക്ഷ്യമുള്ളവരാണ് മാഫിയയുടെ വലയില്‍ അകപ്പെടുന്നത്. ടൂറിസ്റ്റ് ബസുകളില്‍ ആളില്ലാതെ കയറ്റിയയക്കുന്ന കെട്ടുകളായും സാധനം വിവിധയിടങ്ങളിലേക്ക് എത്തുന്നു.

അടിസ്ഥാനസൗകര്യ വികസനം പോലും കടന്നുചെല്ലാത്ത റോഡുകള്‍, ജനവാസം തീരേ കുറഞ്ഞ കുറ്റിക്കാടുകള്‍ ഏറെയുള്ള പ്രദേശം എന്നിവിടങ്ങളില്‍ സംഭരിച്ചാണ് വിവിധ ഇടങ്ങളിലേക്കുള്ള വിതരണക്കാര്‍ക്ക് ലഹരിയെത്തുന്നത്.

Content Highlight: More Than 1 Quintals of Ganja Seized From kasaragod