മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് ക്യാമ്പയിന്റെ ഭാഗമായി ഇന്റര്‍വ്യൂ എടുക്കാനായി ഷൈന്‍ ടോം ചാക്കോയെ വിളിച്ചപ്പോള്‍ ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു പ്രതികരണം. ആന്റി ഡ്രഗ്ഗ് ക്യാമ്പെയ്‌ന് ഞാനൊ എന്ന് ഷൈന്‍ തുറന്ന് ചോദിക്കുകയും ചെയ്തു. ഷൈനിന്റെ അനുഭവങ്ങള്‍ യുവ തലമുറയെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു തുടങ്ങി.. മയക്കമരുന്നിനോടൊപ്പം തന്റെ പേര് ചേര്‍ത്ത് വായിക്കപ്പെട്ട ആ നാളുകളെക്കുറിച്ച്.shine tome
 
"ഡ്രഗ്ഗ്‌സ് ഉപയോഗിക്കാതെ തന്നെ, അതിന്റെ പേരില്‍ ഒരു പാട് ക്രൂശിക്കപ്പെട്ട വ്യക്തിയാണ് ഞാന്‍.  ഇന്ന് ഞാനത് ഉപയോഗിച്ചിട്ടില്ല എന്ന് തെളിഞ്ഞിട്ടും എന്നെ വിശ്വസിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.  ലഹരി ഉപയോഗിച്ചിട്ട് ഉണ്ടാകുന്ന പ്രശ്‌നത്തെക്കാള്‍ വലുതല്ലല്ലോ ഉപയോഗിക്കുന്നൊരു ആളായി എന്നെ വിലയിരുത്തുന്നത്. കാരണം എന്നെ തെറ്റിദ്ധരിക്കുന്നത് മൂലം  എനിക്കോ എന്റെ ശരീരത്തിനൊ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ലഹരി ഉപയോഗിക്കുന്നത് പോയിട്ട് അതിന്റെ സമീപത്ത് പോലും പോകാന്‍  പാടില്ലെന്നാണ് ഞാനെന്റെ ഇന്റര്‍വ്യൂകളില്‍ അന്നും ഇന്നും പറയാറുള്ളത്. ലഹരി എത്രത്തോളം ജീവിതത്തെ ബാധിക്കുമെന്ന് എനിക്കുണ്ടായ അനുഭവത്തിലൂടെ കുട്ടികള്‍ക്ക് മനസിലാകേണ്ടതാണ്. ഞാനും എന്റെ കുടുംബവും എന്റെ സുഹൃത്തുക്കളും എത്രത്തോളം അനുഭവിച്ചു എന്നത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കണം. കാരണം ഉപയോഗിക്കാത്ത ഒരാളായിരുന്നിട്ടു പോലും വെറും ആരോപണങ്ങളുടെ പേരില്‍  ഞാനിത്രയും അനുഭവിച്ചിട്ടുണ്ടെങ്കില്‍ ലഹരിക്ക് അടിമയായ ഒരാളുടെ ജീവിതം എന്തായിരിക്കും.

ഡ്രഗ്ഗ്‌സ് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന പ്രശ്‌നം നമുക്ക് നമ്മുടെ ശീരത്തിലും മനസിലും ഉണ്ടാകുന്ന നാച്വറലായ കഴിവുകളെ  ലഹരി ഇല്ലാതെയാക്കും എന്നതാണ്. ശരീരികമായി നമുക്കുണ്ടാകുന്ന ബലഹീനതകളെ, രോഗാവസ്ഥകളെ, ചെറിയ അസ്വസ്ഥകളെ ഇതൊന്നും ലഹരി ഉപയോഗം  മൂലം നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.  ഇത്തരത്തില്‍ ശരീരം തരുന്ന മുന്നറിയിപ്പുകളെ തിരിച്ചറിയാന്‍ പറ്റാത്തതെ വരുമ്പോള്‍ അവ മൂര്‍ഛിച്ച് ഒരിക്കലും മാറാന്‍ പറ്റാത്ത അവസ്ഥകളിലേക്ക്, അസുഖങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കും. ഇതാണ് ഡ്രഗ്ഗ്‌സിന്റെ ഏറ്റവും വലിയ ദോഷം.  പണ്ട് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒന്നാണ് കറുപ്പ്. ചെറിയ കുട്ടികള്‍ക്ക് പോലും ഇത് നല്‍കപ്പെട്ടിരുന്നു. കുട്ടികള്‍ കരയാതിരിക്കാന്‍ പോലും കറുപ്പ് നല്‍കിയിരുന്നതായി കേട്ടിട്ടുണ്ട്. ലഹരി ഏത് തരത്തിലുള്ളതായാലും ശരീരത്തിന്റെ വേദനകളും അസ്വസ്ഥതകളും നമ്മള്‍ അറിയാതിരിക്കാന്‍ കാരണമാകുന്നു. നമ്മുടെ മനസിലും ശരീരത്തിലും ഉള്ള പല കഴിവുകളെയും ഇല്ലാതാക്കാന്‍ ലഹരി കാരണമാകുന്നുണ്ട്. പലരും കരുതുന്നത് ലഹരി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്തരം കഴിവുകള്‍ ഉണ്ടാകുന്നത് എന്നാണ്. പക്ഷേ സ്വഭാവികമായും നമ്മളില്‍  ഉണ്ടാകുന്ന കഴിവുകളെ ഇല്ലാതാക്കാന്‍ ലഹരി കാരണമാകുന്നു എന്നതാണ് വസ്തുത.  ലഹരി ഉപയോഗിക്കുന്നത് കൊണ്ടാണ് അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ പറ്റുന്നത് എന്നാണ് കുട്ടികളുടെ ധാരണ. പക്ഷേ നാച്വറലായി നമ്മളില്‍ ഉള്ളതാണ് ഈ കഴിവുകള്‍. പിന്നീട് ലഹരി ഉപയോഗിച്ചില്ലെങ്കില്‍ ഈ കഴിവുകള്‍ ലഭിക്കില്ല എന്നൊരു അവസ്ഥയിലേക്ക് നമ്മള്‍ എത്തപ്പെടും. 

shine
Image credit: Facebook

ഡ്രഗ്ഗ്‌സ് ഉപയോഗിച്ചാല്‍ സന്തോഷം കിട്ടും എന്നു പറയുന്നവരുണ്ട്. ഈ സന്തോഷം എന്ന് പറയുന്നത് ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന പ്രവൃത്തി മൂലവും ജീവിതത്തില്‍ നമ്മള്‍ എടുക്കുന്ന തീരുമാനം മൂലവും നമ്മള്‍ക്ക് ലഭിക്കേണ്ടതാണ്. ഡ്രഗ്ഗ്‌സ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ക്ക് അതിയായ സന്തോഷങ്ങളും ആനന്ദങ്ങളും ഒക്കെ ലഭിക്കുന്നുവെങ്കില്‍ സ്വഭാവികമായി നമ്മള്‍ക്ക് ഉണ്ടാകുന്ന സന്തോഷങ്ങള്‍ അനുഭവിക്കാന്‍ കഴിയാതെ വരും.  ഇത്തരം സന്തോഷങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തൊരു അവസ്ഥയിലേക്ക് പോലും നമ്മള്‍ എത്തപ്പെടും. കുട്ടികള്‍ ചെറുപ്രായത്തിലേ ലഹരിക്ക് അടിമപ്പെട്ടു തുടങ്ങിയാല്‍ പിന്നീടൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പറ്റിയെന്ന് വരില്ല. 

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ അത് ഷൈനിന്റെ ജീവിതത്തെയും കരിയറിനെയും എങ്ങനെയാണ് ബാധിച്ചത്? 

ഇപ്പോഴും എന്നെ ആളുകള്‍ തെറ്റിദ്ധാരണയോടെ സംശയ ദൃഷ്ടിയോടെ നോക്കുന്നു എന്നതാണ് എന്റെ ജീവിതത്തിലുണ്ടായ പ്രധാനപ്പെട്ട നഷ്ടം. ഇപ്പോഴും ചില ആളുകള്‍ നോക്കുന്നത് കള്ളക്കടത്തുകാരന്‍ ആണെന്ന പോലെയാണ്.  അങ്ങനെ ഒരു ഇമേജ് ക്രിയേറ്റ് ചെയ്യപ്പെട്ടു, അത് ചില സമയങ്ങളില്‍ അനുഭവപ്പെടും. എന്നെ ആ രീതിയിലാണോ ആളുകള്‍ നോക്കുന്നത് എന്നൊരു ചിന്ത എനിക്കുണ്ടാകും. ആളുകള്‍ക്ക് അങ്ങനെ തോന്നിയില്ലെങ്കില്‍ പോലും എനിക്ക് അങ്ങനെ തോന്നും. അതില്‍ നിന്ന് പുറത്ത് കടക്കുക എന്ന് പറയുന്നത് പ്രയാസമാണ്. നമ്മളുടെ ഉപബോധ മനസില്‍ എപ്പോഴും അങ്ങനെ ഒരു ചിന്തയുണ്ടാകും. ഈ അവസ്ഥയില്‍ നിന്ന് എന്നെ പുറത്ത് കടക്കാന്‍ സഹായിച്ചത് സിനിമയോടുള്ള ഇഷ്ടമാണ്. 

വ്യക്തിപരമായി ഷൈന്‍ എങ്ങനെയാണ് ആ പ്രതിസന്ധി ഘട്ടം തരണം ചെയ്തത്

എനിക്കറിയാം ഞാന്‍ എന്താണ് ചെയ്തിട്ടുള്ളതെന്നും ഞാന്‍ ആരാണെന്നും. ആയിരം പേര്‍ നമ്മള്‍ മോശക്കാരനാണെന്ന് പറയുന്നത് കൊണ്ട് നമ്മള്‍ ഒരിക്കലും മോശക്കാരനാകുന്നില്ല. ആളുകള്‍ നമ്മള്‍ വിശുദ്ധനാണെന്ന് പറയുന്നത് കൊണ്ട് മാത്രം നമ്മള്‍ വിശുദ്ധന്‍ ആകുന്നുമില്ല. നമ്മള്‍ എന്താണെന്ന തിരിച്ചറിവ് വേണ്ടത് നമ്മള്‍ക്കാണ്. 

ന്യൂജനറേഷന്‍ സിനിമാക്കാരെല്ലാം 'കഞ്ചാവടിക്കാരാണെന്ന' ഒരു ധാരണ കുറേപ്പേര്‍ക്കെങ്കിലും ഉണ്ട്? അതേക്കുറിച്ച് 

ഇന്ന് ഈ ലോകത്ത് കാണുന്ന ലഹരികളെല്ലാം കണ്ടുപിടിച്ചത് 10,30 വര്‍ഷം മുന്നെയൊന്നും അല്ലല്ലോ, ന്യൂജനേഷന്‍ സിനിമകള്‍ വന്ന് അഞ്ച്- പത്ത് വര്‍ഷത്തിന്റെ ഇടയിലും അല്ല. അപ്പോള്‍ തന്നെ മനസിലാക്കിക്കൂടെ ആരാണ് തുടങ്ങിവെച്ചതെന്ന്.  ഞാന്‍ എന്റെ ചെറുപ്രായത്തില്‍ സിഗരറ്റിന്റെയും മദ്യത്തിന്റെയും ഒക്കെ പരസ്യം നമ്മുടെ വാരികകളിലും പത്രങ്ങളിലുമൊക്കെ കണ്ടിട്ടുണ്ട്. പണ്ട് ക്രിക്കറ്റ് വേള്‍ഡ് കപ്പൊക്കെ സ്‌പോണ്‍സര്‍ ചെയ്തിരുന്നത് സിഗരറ്റ് കമ്പനിക്കാരാണ്. 90 കളില്‍ വില്‍സ് വേള്‍ഡ് കപ്പ് എന്നൊക്കെയാണ് നമ്മള്‍ പറഞ്ഞിരുന്നത്. അപ്പോള്‍ പിന്നെ ലഹരിയുടെ പ്രചാരകര്‍ ചെറുപ്പക്കാരല്ലല്ലോ. ന്യൂജനറേഷന്റെ തലയില്‍ കൊണ്ട് വയ്ക്കുന്നത് എസ്‌കേപ്പിസം ആണ്. 

ലഹരിയെ മഹത്വവത്കരിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന സിനിമകളുടെ ഭാഗമാകില്ല എന്ന ഒരു തീരുമാനം ഷൈന്‍ എടുത്തിട്ടുണ്ടോ.?

അങ്ങനെയൊരു തീരുമാനവും ഞാന്‍ എടുത്തിട്ടില്ല.  കാരണം ഒരു നടന്‍ എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന പക്ഷക്കാരനാണ് ഞാന്‍. എപ്പോഴും നന്മകള്‍ മാത്രം ചെയ്‌തോണ്ടിരുന്നാല്‍ അതൊരു 'ടൈപ്പായി' പോകില്ലേ. ഒരു നടന്റെ വിജയം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ്.  

ഇപ്പോഴും ദൃശ്യം മോഡല്‍ കൊലപാതകള്‍ ഇവിടെ നടക്കുന്നുണ്ട്?  അപ്പോള്‍ സിനിമകള്‍ സ്വാധീനിക്കുന്നില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും..?  

ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ നിന്നാണ് അങ്ങനെ ഒരു കഥ ഉണ്ടാകുന്നത്. ബൈബിള്‍ തന്നെ എടുത്തുനോക്കിയാല്‍ ലോകത്തെ ആദ്യത്തെ കൊലപാതകം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് കാണാം. കായേല്‍ സഹോദരനായ ആബേലിനെ കൊല്ലുന്നത് ഏത് സിനിമ കണ്ടിട്ടാണ്. ചരിത്രം എന്ന പേരില്‍ നമ്മള്‍ പഠിക്കുന്നതിലൊക്കെ വയലന്‍സ് ഇല്ലേ. ഇതൊക്കെ സിനിമകള്‍ കണ്ടിട്ടാണോ. ഈ ലോകത്ത് ഉള്ളതാണ് സിനിമയില്‍ കാണിക്കുന്നത്. ലോകത്തുണ്ടാകുന്ന സംഭവങ്ങളുടെ പ്രതിഫലനം മാത്രമാണ് സിനിമ എന്നു പറയുന്നത്. സിനിമയിലൂടെ ഇതെല്ലാം ഉണ്ടായി എന്നു പറയുന്നത് ശരിയല്ല. ഇന്‍ഫ്‌ളുവന്‍സ് ചെയ്യപ്പെടുന്നവര്‍ ഉണ്ടാകാം, എന്നുകരുതി  കഥയെഴുതുന്നുന്നതും സിനിമ നിര്‍മിക്കുന്നതും നിര്‍ത്താനാകില്ല.. 

ഷൈന്‍ ടോം ചാക്കോയുടെ ജീവിതത്തില്‍ എന്താണ് ലഹരി ?

ലഹരി എന്ന് പറയുന്നത് ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോന്നാണ്. നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നൊരു ശക്തിയാണ് ലഹരി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അതെന്തുമാകാം. ചിലര്‍ക്ക് അത് പഠനം ആകാം. ചിലര്‍ക്ക് സംഗീതമാകാം ചിലര്‍ക്കത് നൃത്തവും ആകാം. എന്നെ സംബന്ധിച്ച് ചെറുപ്പം മുതല്‍ തന്നെ സിനിമയാണ് എനിക്ക് ലഹരി. സിനിമ കാണുക, അതില്‍ ജോലി ചെയ്യുക ഇതിലൊക്കെയാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. നമ്മള്‍ക്ക് ഏറ്റവും അധികം സന്തോഷം നല്‍കുന്ന കാര്യത്തെയാണ് നമ്മള്‍ ലഹരി എന്ന് പറയുന്നത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമാ ജീവിതം തുടങ്ങുന്നത്. ഇപ്പോഴും എന്നോട് ആളുകള്‍ ചോദിക്കും  എന്തുകൊണ്ടാണ് സംവിധാനത്തില്‍ നിന്ന് മാറി നിന്നതെന്ന്. അതിന് എനിക്കുള്ള ഉത്തരം എനിക്ക് പൂര്‍ണ സംതൃപ്തി ലഭിക്കണമെങ്കില്‍ എനിക്ക് അഭിനയിക്കണം എന്നതാണ്. മതിമറന്ന് സന്തോഷിക്കാന്‍ അതിലൂടെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ലഹരി. എനിക്ക് ആ ലഹരി സിനിമയാണ്. 

Content Highlight: Interview with actor Shine Tom Chacko| Anti Drug Campaign 2019