''നിങ്ങളില്‍ എത്ര പേര് മദ്യം രുചിച്ചിട്ടുണ്ട്?' പ്രമുഖ നഗരത്തിലെ ലഹരി വിരുദ്ധ ക്ലാസിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന് സ്കൂള്‍കുട്ടികളോട് ഇങ്ങനെ ചോദിച്ചത്. അമ്പതോളം കുട്ടികളില്‍ 35-ഓളം പേരും കൈ ഉയര്‍ത്തി. രുചി കയ്പാണെങ്കിലും ഇനിയും കഴിക്കാന്‍ താത്പര്യമുണ്ടെന്നായിരുന്നു കുട്ടികളുടെ മറുപടി. ഈ കുട്ടികളെല്ലാം ആദ്യമായി മദ്യത്തിന്റെ രുചിയറിഞ്ഞത് അച്ഛന് ബാക്കിവെച്ച ഗ്ലാസിലെ ഏതാനും തുള്ളികള്‍ നുണഞ്ഞുകൊണ്ടായിരുന്നു. അച്ഛന് കുടിക്കുന്നത് എനിക്കും കുടിക്കാമല്ലോ എന്നായിരുന്നു അവരില്‍ ചിലര്‍ പറഞ്ഞത്.
ഈ വാര്‍ത്തകള്‍ ഓര്‍ക്കുന്നുണ്ടോ?
1. അമിത അളവില്‍ മദ്യം ഉള്ളില്‍ ചെന്ന് എട്ടുവയസ്സുകാരന് മരിച്ചു
കുന്നിക്കോട് (കൊല്ലം): അമിത അളവില്‍ മദ്യം ഉള്ളില്‍ചെന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തലവൂര്‍ മഞ്ഞക്കാല വാഴത്തോപ്പ് ലിബിന് വില്ലയില്‍ ലാജി തോമസ്-സൂസി ദമ്പതിമാരുടെ മകന് ലിജിനാണ് (എട്ട്) മരിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന വൈറ്റ് റം ഇനത്തിലുള്ള വിദേശമദ്യമാണ് കുട്ടിയുടെ ഉള്ളില്‍ ചെന്നതെന്നു പോലീസ് പറഞ്ഞു.
(മാതൃഭൂമി-2014 ജനവരി 21)
2. മദ്യം ഉള്ളില്‍ ചെന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി അവശനിലയില്‍
പുനലൂര്‍: മദ്യം അമിതമായി ഉള്ളില്‍ ചെന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി അവശനിലയില്‍. പുനലൂര്‍ പട്ടണത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിയും പിറവന്തൂര്‍ സ്വദേശിയുമായ പതിനഞ്ചുകാരനാണ് അവശനിലയിലായത്. സ്കൂളില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കല്ലടയാറ്റിലെ തടയണയുടെ കരയില്‍ പാറപ്പുറത്ത് അവശനായി നിലയില്‍ സമീപവാസികളാണ് കുട്ടിയെ കണ്ടത്. ക്ലാസില്‍ കയറാതെ തടയണയിലെത്തിയ കുട്ടി കൂട്ടുകാരുമായി ചേര്‍ന്നു മദ്യപിക്കുകയായിരുന്നെന്ന് പറയുന്നു.
(മാതൃഭൂമി-2014 ജനവരി 24)
ഏതാനും മാസങ്ങള്‍ക്കു മുമ്പ് കേരളത്തെ ഞെട്ടിച്ച പത്രവാര്ത്തകളാണിവ. ഈ വാര്‍ത്തകളില്‍ സമൂഹത്തിന് ഒരു മുന്നറിയിപ്പുണ്ട്.
ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ്(എന്‍.സി.പി.സി.ആര്.) നടത്തിയ സര്‍വെയില്‍ കേരളത്തിലെ 73.9 ശതമാനം കുട്ടികള്‍ പുകയില ഉപഭോക്താക്കളും 60.5 ശതമാനം മദ്യം ഉപയോഗിക്കുന്നവരുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 27 സംസ്ഥാനങ്ങളില്‍ 13 മുതല്‍ 18 വരെയുള്ള 4000-ത്തിലധികം കുട്ടികളിലാണ് പഠനം നടത്തിയത്. കര്‍ണാടകയാണ് കുട്ടികളിലെ പുകയില, മദ്യ ഉപയോഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനം. ഇവിടെ 81 ശതമാനത്തോളം പേര് പുകയില ഉത്പന്നങ്ങളും 24.4 ശതമാനം പേര് കഞ്ചാവും ഉപയോഗിക്കുന്നതായും സര്‍വെ സൂചിപ്പിക്കുന്നു. നാഷണല്‍ ഡ്രഗ് ഡിപ്പന്‍ഡന്‍സ് ട്രീറ്റ്മെന്റ് സെന്ററും ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും കേരളത്തിലെ അഞ്ചിനും 18-നും ഇടയില്‍ പ്രായമുള്ള 119 കുട്ടികളില്‍ നടത്തിയ സര്‍വെയില്‍ അവരിലെ 74 ശതമാനം കുട്ടികളും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുണ്ടെന്നാണ് കണ്ടെത്തിയത്.
മുമ്പ് ലഹരി ഉപയോഗിക്കുന്ന പ്രായം 21 വയസ്സായിരുന്നെങ്കില്‍ പിന്നീടത് 18 ആയും ഇപ്പോള്‍ 14 ആയും കുറഞ്ഞിരിക്കുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെ സംബന്ധിക്കുന്ന ലഹരി കേസുകള്‍ പലതും ഒതുക്കപ്പെടുന്നതിനാല് ഇവയെക്കുറിച്ചുള്ള കാര്യമായ പഠനങ്ങളോ കൃത്യമായ വിലയിരുത്തലുകളോ ലഭ്യമല്ല.
ലഹരിയുടെ ബാലപാഠങ്ങള്‍
അച്ഛന് ബാക്കിവെച്ച ഗ്ലാസില്‍നിന്ന് മദ്യപാനത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുട്ടി, അച്ഛന്‍തന്നെ വലിച്ചെറിഞ്ഞ സിഗരറ്റുകുറ്റിയില്നിന്നാണ് പുകവലി പരീശീലനവും തുടങ്ങുന്നത്. ഇത്തരത്തില്‍ അച്ഛന് ചെയ്യുന്ന കാര്യം തെറ്റല്ലെന്നും എനിക്കുമാവാമെന്നും കുട്ടികള്‍ ധരിച്ചുവെക്കുന്നു. മക്കളുടെ സംരക്ഷകരും വഴികാട്ടുന്നവരുമാകേണ്ട മാതാപിതാക്കള്‍തന്നെയാണ് പലപ്പോഴും അവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നത്. 'ഞങ്ങളെക്കണ്ട് മാതൃകയാക്കൂ' എന്നു പറയാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചെങ്കില്‍ മാത്രമേ കുട്ടികളെ ലഹരിമരുന്നുകളുടെ ഉപയോഗത്തില്‍നിന്ന് കരകയറ്റാന്‍ സാധിക്കൂ എന്ന് കോഴിക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഡോ. മിനി എന്‍. വാര്യര്‍ അഭിപ്രായപ്പെടുന്നു. സിനിമാരംഗങ്ങളില്‍ മുഴുകിയിരിക്കുന്ന കുട്ടികള്‍ ലഹരി ഉപയോഗ സീനുകള്ക്കിടെ എഴുതിക്കാണിക്കുന്ന ലഹരിവിരുദ്ധ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്തവമെന്ന് അവര്‍ പറയുന്നു. എന്തും അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍. അതിനാല്‍തന്നെ ആരാധനയോടെ കാണുന്ന താരങ്ങളുടെ ലഹരി ഉപയോഗ സീനുകള്‍ ഇതൊന്നും ഒരു മോശം കാര്യമല്ല എന്ന ചിന്തയിലേക്ക് കുട്ടികളെ എത്തിക്കുന്നു.
സ്ക്കൂള് പരിസരം ലഹരിയുടെ താവളം
സ്കൂളിനു സമീപത്ത് പാന്‍മസാലകള്‍ ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ ലഹരിവസ്തുക്കള്‍ ഇപ്പോഴും സുലഭമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്നാണ് ചട്ടമെങ്കിലും ഇക്കാര്യങ്ങളൊന്നും പലയിടത്തും നടപ്പാകാറില്ല. സ്കൂളുകള്‍ക്ക് സമീപത്തുള്ള വിവിധ കടകളില്‍ രഹസ്യമായും പരസ്യമായും ലഹരി വില്പന തുടരുകയാണിപ്പോഴും. ലഹരികലര്‍ന്ന മിഠായികള്‍ സൗജന്യമായി നല്‍കിക്കൊണ്ടാണ് കുട്ടികളെ ആദ്യം വശത്താക്കുന്നത്. കുട്ടികള്‍ ലഹരിക്ക് അടിമകളാകുന്നതോടെ ഇവയ്ക്ക് പണം ഈടാക്കാന്‍ തുടങ്ങുന്നു. ലഹരിക്ക് പണം കണ്ടെത്താനുള്ള ശ്രമം ക്രമേണ ഇവരെ വലിയ തെറ്റുകളിലേക്ക് നയിക്കുന്നു. ഇത്തരത്തില്‍ അബദ്ധങ്ങളില്‍ ചാടുന്ന കുട്ടികളെ ഉന്നം വെച്ച് സ്കൂള്‍ പരിസരങ്ങളില്‍ ലഹരി ഉത്പന്നങ്ങള്‍ വില്ക്കാന് ഒട്ടേറെ സംഘങ്ങളാണ് എത്തുന്നത്. അവരുടെ വലയിലായ കുട്ടികള്‍ പിന്നീട് സഹപാഠികളെയും ഈ മാഫിയയുടെ കണ്ണികളാക്കുന്നു. ഇത്തരത്തില്‍ സുഹൃദ് വലയങ്ങളിലെ കെണികളിലൂടെയാണ് സ്കൂള്‍ കുട്ടികള്‍ കൂടുതലും പിന്നീട് ലഹരിക്ക് വലിയ തോതില്‍ അടിമകളാകുന്നത്.
ലഹരിയുടെ പുതുവഴികള്‍
വൈവിധ്യങ്ങളാണ് ലഹരിയെ കുട്ടികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. 'ആരോഗ്യമാസിക' നടത്തിയ അന്വേഷണത്തില്‍, വിവിധ നിറത്തിലും മണത്തിലുമുള്ളതും ലളിതമായി ഉപയോഗിക്കാനുള്ള സൗകര്യവും നല്കുന്ന ലഹരിയിലെ പുതുതരംഗങ്ങളെക്കുറിച്ച് നിരവധി വിവരങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍, കുട്ടികള്‍ ലഹരിയിലെ പുതുവഴികള്‍ മനസ്സിലാക്കാന്‍ ഇടയാക്കുന്നതിനാല്‍ അവയുടെ വിശദാംശങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തുന്നില്ല. നിലവില്‍ നിരോധനമുള്ള പാന്‍ ഉത്പന്നങ്ങള്‍പോലും വിവിധ രൂപങ്ങളിലും പേരുകളിലും ഇപ്പോഴും നാട്ടില്‍ സുലഭമാണ്. ഇവയില്‍ ഗ്ലാസ് പൊടികൂടി ഉള്‍പ്പെടുത്തിയാണ് വില്‍ക്കുന്നത്. ഈ ഗ്ലാസ്തരികള്‍ വായില്‍ വളരെ ചെറിയ മുറിവുകളുണ്ടാക്കുന്നതുമൂലം ലഹരി വളരെ പെട്ടന്ന് ശരീരത്തില്‍ കടക്കുന്നു. എന്നാല്‍ ഇത്തരം മുറിവുകളാണ് പിന്നീട് കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കുന്ന വ്രണങ്ങളായി മാറുന്നതെന്ന കാര്യം പലരും അറിയുന്നില്ല. ലഹരിക്കടിമകളായ കുട്ടികളെ ക്വട്ടേഷന്‍സംഘങ്ങള്‍ പല കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നുവെന്നതും അപകടകരമായ പ്രവണതയാണ്. ലഹരി കേസുകളുമായി ബന്ധപ്പെട്ട് കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയമാക്കുമ്പോള്‍ 'ഞങ്ങള്‍ക്ക് കുഴപ്പമില്ല,പിന്നെ നിങ്ങള്‍ക്കെന്താ പ്രശ്നം' എന്നു ചോദിക്കുന്ന കുട്ടികളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് തൃശ്ശൂര്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സ്മിതാ സതീഷ് പറയുന്നു.
ചെറിയ പ്രായത്തില്‍തന്നെ മദ്യവും മയക്കുമരുന്നുകളും രുചിക്കുന്നത് കുട്ടികളുടെ ബുദ്ധി വികാസത്തെയാണ് ബാധിക്കുന്നതെന്ന് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നു. ഏതാണ്ട് 20 വയസ്സാവുന്നതോടെയാണ് ഒരാളുടെ ബുദ്ധിവളര്‍ച്ച പൂര്‍ണതയിലെത്തുന്നത്. അതിനാല്‍തന്നെ ഈ പ്രായത്തിലെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചായിരിക്കും അയാളുടെ ഭാവിജീവിതം രൂപപ്പെടുന്നത്. ഇതിനനുസരിച്ചായിരിക്കും യുക്തിപരമായ തീരുമാനങ്ങളെടുക്കാനുള്ള തലച്ചോറിലെ ഫ്രെണ്ടല് ലോബ് എന്ന ഭാഗത്തിന്റെ വളര്‍ച്ച. ലഹരിക്കടിമയാകുന്ന കൗമാരക്കാരുടെ ഈ ഭാഗത്തെ നാഡികളുടെ വളര്‍ച്ച ഇതോടെ ശുഷ്കമാവുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആ വ്യക്തിക്ക് നെഗറ്റീവായ ഫലം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതോടെ പഠനകാര്യങ്ങളിലോ കലാ-കായിക രംഗങ്ങളിലോ ശ്രദ്ധ ചെലുത്താനാവാതെ കുട്ടിയുടെ ഭാവി ഇരുളടയുകയായി.
വേണം, മാതാപിതാക്കളുടെ കരുതല്‍
മക്കളെ കണ്ണിന്റെ ക്യഷ്ണമണി പോലെ കാക്കുന്ന മാതാപിതാക്കളാണ് ഇന്നുള്ളത്. എന്നാല്‍, ഇത്രത്തോളം കരുതലുണ്ടായിട്ടും കുഞ്ഞുങ്ങള്‍ പലപ്പോഴും കൈവിട്ടു പോവുകയാണ്. മാതാപിതാക്കളുടെ നിയന്ത്രണമില്ലായ്മയാണ് പലപ്പോഴും കുട്ടികളെ ലഹരിക്കടിമകളാക്കുന്നത്. സ്വന്തം മക്കള്‍ എന്തു ചെയ്യുന്നു, എവിടെ പോകുന്നു, എപ്പോള്‍ വീട്ടില്‍ വരുന്നു എന്നീ കാര്യങ്ങള്‍പോലും അറിയാത്ത മാതാപിതാക്കള്‍ ഇന്നുണ്ട്. ഇത്തരം അശ്രദ്ധകളൊഴിവാക്കി മക്കളുടെമേല്‍ സ്നേഹപൂര്‍ണമായ നിയന്ത്രണം മാതാപിതാക്കള്‍ക്കുണ്ടാകണം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം ദ്യഢമാക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു ഡോ. മിനി എന്‍ വാര്യര്‍ അഭിപ്രായപ്പെടുന്നു. മികച്ച സൗഹ്യദങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുട്ടികള്‍ക്കും അതിനായി അവരെ സഹായിക്കാന്‍ മാതാപിതാക്കള്‍ക്കും കഴിയണം. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ 'പറ്റില്ല' എന്നു പറയാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിലെ അപകടങ്ങള്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നതിനൊപ്പം ലഹരി ഉപയോഗത്തില്‍ നിന്നു മാതാപിതാക്കളും വിട്ടു നില്‍ക്കണം. മക്കളോടു തുറന്നു സംസാരിക്കാന്‍ സമയം കണ്ടെത്തണം. കുട്ടികള്‍ക്കു പറയാനുള്ളതു കേള്‍ക്കുന്നതിനും മുന്‍ഗണന നല്‍കണം. ഇത്തരത്തില്‍ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള അബദ്ധ ധാരണകള്‍ കുട്ടികളില്‍ നിന്ന് ഒഴിവാക്കാനാവും.
അധ്യാപകര്‍ക്കും ശ്രദ്ധിക്കാനുണ്ട്
സ്കൂളാണ് കുട്ടികളുടെ രണ്ടാം വീട്. അതിനാല്‍ മാതാപിതാക്കളെപ്പോലെത്തന്നെ കുട്ടികള്‍ക്കു മേല്‍ അധ്യാപകരും ശ്രദ്ധ ചെലുത്തണം. ചെറിയ പ്രശ്നങ്ങളുടെയോ കുറവുകളുടെയോ പേരില്‍ കുട്ടികളെ ക്ലാസില്‍ ഇടിച്ചു താഴ്ത്തിയോ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയോ സംസാരിക്കരുത്. കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കുന്ന തരത്തില്‍ കുട്ടികളുമായുള്ള ആശയവിനിമയം ശക്തമാക്കണം.
ബോധവത്കരണം അനിവാര്യം
മികച്ച ബോധവത്കരണമാണ് തെറ്റില്‍ നിന്നും ഒരാളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രധാന മാര്‍ഗം. ലഹരി ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായിത്തന്നെ കുട്ടികളെ ബോധവത്കരിക്കണം. ചിത്രത്തിന്റെയും ദ്യശ്യത്തിന്റെയും സഹായത്തോടെയുള്ള ബോധവത്കരണങ്ങള്‍ ആവര്‍ത്തിച്ചു നടത്തിയാല്‍ മാത്രമേ കുട്ടികളില്‍ ഉദ്ദേശിച്ച ഫലം ലഭിക്കൂ എന്ന് ഡോ. പി ക്യഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നു. ലഹരി ഉപയോഗത്തിന്റെ ഫലമായുള്ള രോഗങ്ങളെക്കുറിച്ചും അത്തരത്തില്‍ രോഗം ബാധിച്ചവരെക്കുറിച്ചും വിശദമായി ക്ലാസുകള്‍ നല്‍കുന്നത് ലഹരിയോടുള്ള കുട്ടികളുടെ താത്പര്യം കുറയ്ക്കാന്‍ സഹായിക്കും. ഇതോടൊപ്പം
ലഹരി വിരുദ്ധ സന്ദേശങ്ങള്‍ സ്കൂള്‍ സിലബസില്‍ ഉള്‍ക്കൊള്ളിക്കുന്നത് മികച്ച ഫലം ചെയ്യും.
താളം തെറ്റുന്ന കൗണ്‍സലിങ്
മാനസിക പ്രശ്നങ്ങള്‍ക്കു ശാസ്ത്രീയമായ രീതിയില്‍ പരിഹാരം കണ്ടെത്തുന്നതിനാണ് കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നത്. എന്നാല്‍ പലപ്പോഴും തെറ്റായ രീതിയിലുള്ള കൗണ്‍സലിങ് കുട്ടികളുടെ ചിന്താഗതികളെ തന്നെ മാറ്റിമറിക്കും. ചെറിയ തോതില്‍ മയക്കുമരുന്നുപയോഗിക്കുന്ന ഒരു കുട്ടി കൗണ്‍സലിങ്ങിനു ശേഷം തിരികെ എത്തിയത് വിവിധ മയക്കുമരുന്നുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന അറിവോടെയായിരുന്നുവെന്ന് തൃശ്ശൂര്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സ്മിത സതീഷ് പറയുന്നു. മനശ്ശാസ്ത്രത്തില്‍ ധാരണയില്ലാത്ത, പരിചയ സമ്പത്ത് കുറഞ്ഞ നിരവധി പേര് കൗണ്‍സലിങ്ങിനായി പലയിടത്തും നിയോഗിക്കപ്പെടുന്നുണ്ട്. ഇതുമൂലം കുട്ടികളുടെ മനസ്സില്‍ ഒട്ടേറെ അബദ്ധ-വിപരീത ധാരണകള്‍ ഉടലെടുക്കുന്നുവെന്നും അവര്‍ പറയുന്നു.
സ്ക്കൂള് ജാഗ്രതാ സമിതികള്‍
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി സ്കൂള്‍ അധികൃതരും സമൂഹവും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയാണ് സ്കൂള്‍ ജാഗ്രതാ സമിതി. പ്രധാനാധ്യാപകന്, പി.ടി.എ. ഭാരവാഹികള്‍, അധ്യാപക പ്രതിനിധികള്‍, സ്കൂള്‍ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് ജാഗ്രതാ സമിതികള്‍. ഇവരുടെ നേത്യത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവത്കരണ റാലികള്‍, തെരുവുനാടകങ്ങള്‍ എന്നിവയും സംഘടിക്കുന്നുണ്ട്. സി.ബി.എസ്.ഇ., ഐ.സി.എസ്.സി., സ്കൂളൂകളിലും ഇത്തരം പദ്ധതികള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.
ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍
വഴി തെറ്റിപ്പോകുന്ന കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതിനായി കോഴിക്കോട് സിറ്റി പോലിസ് പൊതുജനങ്ങളുടെ സഹകരണത്തോടെ രൂപവത്കരിച്ച പദ്ധതിയാണ് 'ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍' (ഒ.ആര്.സി.). കുട്ടികള്‍ക്കായി മെന്റിങ് എന്ന പ്രക്രിയ നടപ്പാക്കുകയാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. കുട്ടികളുടെ വിശ്വാസം ആര്‍ജിച്ച്, നിരന്തരമായ സമ്പര്‍ക്കത്തിലൂടെ സ്വഭാവപരിവര്‍ത്തനം നടത്തുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
സര്‍ക്കാരിന് ചെയ്യാവുന്നത്
* മദ്യത്തിന്റെയും മറ്റു ലഹരി ഉത്പ്പന്നങ്ങളുടെയും ലഭ്യത കുറയ്ക്കുക
* ലഹരി ഉത്പ്പന്നങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുടര്‍ച്ചയായ ബോധവത്കരണം നല്‍കുക.
* സ്കൂള്‍ പരിസരങ്ങളില്‍ ലഹരിവില്പന തടയാന്‍ നിരന്തര പരിശോധന നടത്തുക.
* ലഹരി സാധനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുക.
* സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് എന്ന വ്യത്യാസമില്ലാതെ ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്കൂളുകളിലും ഏകോപിപ്പിക്കുക.
ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ തിരിച്ചറിയാം
* പഠനത്തില്‍ പെട്ടെന്നു പിന്നാക്കം പോവല്.
* കൂട്ടുകാരില്‍ നിന്നെല്ലാം അകന്ന് ഒറ്റയ്ക്ക് ഇരിക്കുക.
* ഏകാന്തതയും ഉള്‍വലിയുന്ന സ്വഭാവവും പ്രകടിപ്പിക്കല്‍.
* പെട്ടന്നുള്ള അകാരണമായ ദേഷ്യപ്പെടല്‍.
* പെരുമാറ്റത്തിലെ അസ്വാഭാവികത.
* വീട്ടുകാരോട് യാതൊരു അടുപ്പവും പ്രകടിപ്പിക്കാതിരിക്കുക.
* സ്വന്തം കൈത്തണ്ടയിലും മറ്റും ബ്ലേഡുകൊണ്ടോ മറ്റോ സ്വയം മുറിവേല്‍പ്പിക്കല്‍.
* മദ്യവും പുകയില ഉത്പന്നങ്ങളും കുട്ടിയില്‍ നിന്ന് കണ്ടെത്തല്‍.
ലഹരിയിലേക്ക് നയിക്കുന്ന കാരണങ്ങള്‍
* കുട്ടികള്‍ക്ക് പരിഗണനയും സ്നേഹവും ലഭിക്കാതിരിക്കല്‍.
* കുടുംബാന്തരീക്ഷത്തിലെ തകര്‍ച്ച.
* ക്ലാസ്സില്‍ വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതിരിക്കല്‍.
* സുഹൃത്തുക്കളുടെ സമ്മര്‍ദം.
* മാധ്യമങ്ങളുടെ സ്വാധീനം.
* 'പറ്റില്ല' അല്ലെങ്കില്‍ 'എനിക്കു വേണ്ട' എന്ന് കുട്ടിക്കു പറയാന്‍ സാധിക്കാത്ത അവസ്ഥ.
* മറ്റുള്ളവര്‍ക്കു മുമ്പില്‍ ഹീറോ ആകാനുള്ള ശ്രമം.
* കാണുന്നതെല്ലാം അനുകരിക്കാനുള്ള താത്പര്യം.
* സ്വയം നിയന്ത്രിക്കാനാവാതിരിക്കല്.
* കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണമില്ലായ്മ.
* പഠനം ഇടയ്ക്കുവെച്ച് നിര്‍ത്തുന്നത്.
* അവഗണനയും പരിഹാസവും.
* ലഹരിമൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ.
Content Highlight:Influence of parents Drug usage among students| Anti Drug Campaign 2019