ന്ത്യയില്‍ നടന്നിട്ടുള്ള വിവിധ പഠനങ്ങളനുസരിച്ച് പുരുഷന്മാരില്‍ 75 ശതമാനം പേരും ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മദ്യപിക്കുന്നവരാണ്. സ്ത്രീകളില്‍ ഇത് ഏതാണ്ട് അഞ്ച് ശതമാനമാണ്. എന്നാല്‍, പുരുഷന്മാരില്‍ 10 ശതമാനം പേരാണ് സ്ഥിരം മദ്യപാനത്തിന് (Alcohol Dependence Disorder) അടിമപ്പെടുന്നത്.

മദ്യപിക്കുന്നവരെല്ലാം മദ്യത്തിന് അടിമപ്പെടുന്നവരല്ല എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മദ്യപിക്കുന്ന എല്ലാവരിലും അതിന്റെ ദോഷഫലങ്ങള്‍ കാണണമെന്നുമില്ല. സോഷ്യല്‍ ഡ്രിങ്കിങ് എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഏറെക്കുറെ നിരുപദ്രവകരമായ മദ്യപാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സാമൂഹ്യ ചടങ്ങില്‍ കുടിച്ച് നിയന്ത്രണം നഷ്ടപ്പെടാത്ത തരത്തിലുള്ള ഒന്നോ രണ്ടോ യൂണിറ്റ് മദ്യത്തിന്റെ ഉപയോഗമാണ്. ചിലയിടങ്ങളില്‍ ഒരു യൂണിറ്റ് മദ്യത്തിനെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് എന്നുംപറയും. അത് ഇപ്രകാരമാണ് കണക്കാക്കുന്നത്.


എല്ലാവരും പൂര്‍ണമായും യോജിച്ചിട്ടില്ലെങ്കിലും രണ്ട് യൂണിറ്റ് മദ്യം വരെ, അതും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കഴിക്കുന്നവരില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരാറില്ല. എന്നാല്‍, ഈ അളവ് കൃത്യമായി പാലിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ഏറെക്കാലം ഇതു തുടരുന്നവര്‍ക്ക് കൃത്യമായി ഇത് പാലിക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. എത്രകണ്ട് കൂടുതല്‍ ഉപയോഗിക്കുന്നുവോ അത്രയധികം അത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. അളവും കുടിക്കുന്ന ദിവസങ്ങളുടെ എണ്ണവും പരിധിവിട്ട് കൂടുമ്പോള്‍ അത് രോഗാതുരമായ മദ്യപാനമായി മാറുന്നു.

അമിത മദ്യപാനത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങള്‍


മദ്യം കരളിനെ നശിപ്പിക്കുന്ന ഒന്നാണെന്ന് നിരവധി പഠനങ്ങളില്‍ നിന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 'സിറോസിസ്' എന്ന രോഗത്തിനു മുന്‍പ് മദ്യപാനം നിര്‍ത്തിയാല്‍ കരള്‍ രോഗം ശമിച്ചേക്കും. എന്നാല്‍ 'സിറോസിസ്' വന്നുകഴിഞ്ഞാല്‍ മദ്യം നിര്‍ത്തിയാലും കാര്യമായ ഫലം ഉണ്ടാകണമെന്നില്ല.

രോഗി രക്തം ഛര്‍ദ്ദിക്കുകയും മരണത്തോടടുക്കുകയും ചെയ്യും. മദ്യം 'പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുകയും മാരകമായ പാന്‍ക്രിയാറ്റെറ്റിസ്(Pancreatits)എന്നരോഗം ഉണ്ടാക്കുകയും ചെയ്യുന്നു. മരണ സാധ്യത വളരെകൂടിയ ഒരവസ്ഥയാണിത്. അമിത മദ്യപാനം മസ്തിഷ്‌ക്കത്തെ ബാധിക്കുമ്പോള്‍ ഓര്‍മകള്‍ നശിച്ചുതുടങ്ങുന്നു. നാഡീ ഞെരമ്പുകളേയും മദ്യം പ്രതികൂലമായി ബാധിക്കുന്നു. ഈ ദോഷഫലങ്ങളെല്ലാം എല്ലാവരിലും ഒരുപോലെ കാണണമെന്നില്ല.

മദ്യം സൃഷ്ടിക്കുന്ന മാനസിക രോഗങ്ങള്‍

മദ്യത്തിന് അടിമപ്പെടുന്നവരെ നമ്മള്‍ കണ്ടുകാണും. ലോകാരോഗ്യ സംഘടനയുടെ (WHO) നിര്‍വചനമനുസരിച്ച് താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ അവ മദ്യത്തെ ആശ്രയിക്കുന്ന രോഗത്തിന്റെ സൂചനകളാണ്.

1. മദ്യം എങ്ങനെയെങ്കിലും കഴിക്കണം എന്ന തരത്തിലുള്ള ആസക്തി. കയ്യില്‍ പണമില്ലെങ്കിലും കടം വാങ്ങി കുടിക്കുന്നത് ഈ ആസക്തി മൂലമാണ്.

2. തുടക്കത്തില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ അളവ് കഴിച്ചുപോകുക, ജോലി, ഡ്രൈവിങ് മുതലായവയെ മദ്യം ബാധിക്കുക, മദ്യത്തിന്റെ ലഹരിയില്‍ നിന്ന് ഉണരാന്‍ കൂടുതല്‍ സമയമെടുക്കുക.

3. കഴിക്കുന്ന അളവ് കാലക്രമേണ വര്‍ധിച്ചു വരുന്നത് അപകടകരമാണ്. മുന്‍പ് കഴിച്ചിരുന്ന അളവ് ശരീരത്തില്‍ ഏല്‍ക്കാതെ വരുന്നതു കൊണ്ടാണിത്. ചിലര്‍ അവരുടെ'കപ്പാസിറ്റി' യെക്കുറിച്ച് വീമ്പ് പറയുന്നത് കേള്‍ക്കാറുണ്ട്. കൂടുതല്‍ കപ്പാസിറ്റി എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ കരള്‍ കൂടുതല്‍ വേഗത്തില്‍ ദ്രവിച്ചുകൊണ്ടിരിക്കുന്നതിനെയാണ്.

4. മദ്യം സമയത്തിന് ശരീരത്തില്‍ ചെല്ലാതാകുമ്പോള്‍ വിറയല്‍ അനുഭവപ്പെടുക, ഉറക്കമില്ലായ്മ, വിശ്രമിക്കാന്‍ സാധിക്കാതെ വരുക, പരാക്രമം തോന്നുക എന്നിവയും ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം. ചിലരില്‍ ചുഴലി അഥവാ അപസ്മാരം കണ്ടേക്കാം. മറ്റുചിലര്‍ പരിസരബോധം മറന്ന് പരസ്പരം ബന്ധമില്ലാതെ പിച്ചുംപേയും പറഞ്ഞേക്കാം. ഡിലീറിയം ട്രെമന്‍സ് ((Delirium Tremen)എന്ന അപകടകരമായ അവസ്ഥയാണിത്. ഉടനെ ചികിത്സിച്ചില്ലെങ്കില്‍ ഇതുബാധിക്കുന്ന 20 ശതമാനം പേര്‍ മരണമടയുന്നു. യഥാര്‍ഥ കാരണം അമിത മദ്യപാനമായിരുന്നെന്ന് ആരും അറിയാറുമില്ല.

5. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് മദ്യത്തിന് പുറകെ പോവുക

6. മദ്യം ശരീരത്തിന് വ്യക്തമായ ദോഷങ്ങളുണ്ടാക്കും എന്ന അറിവ് ഉണ്ടായിരിക്കുമ്പോഴും കുടി നിര്‍ത്താന്‍ സാധിക്കാതെ വരുക.

മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മദ്യ ആശ്രിതത്ത്വ രോഗത്തിന്റെ (Alcohol Dependence Disorder)ലക്ഷണങ്ങളാണെങ്കില്‍ മദ്യപാനം കൊണ്ടുണ്ടാകുന്ന മാനസിക രോഗങ്ങള്‍ മനസ്സിന് ലഘുവായ രീതിയില്‍ ആഹ്ലാദകരമായ ഒരവസ്ഥ സമ്മാനിക്കുമെങ്കിലും കുടിക്കുന്ന അളവും ദിവസങ്ങളുടെ എണ്ണവും കൂടുമ്പോള്‍ അത് വിഷാദത്തിലേക്ക് വഴുതി വീഴുന്നു. സ്ഥിരം കുടിക്കുന്നവരുടെ മാനസികാവസ്ഥ വിഷാദത്തിന്റെതാണ്. കുടിക്കാതെ വേറെ നിവൃത്തിയില്ലായെന്നും തോന്നുന്നതുകൊണ്ട് അവര്‍ കുടിച്ചു പോകുന്നതാണ്. അമിതമായി കുടിച്ചതിനുശേഷം പിറ്റേദിവസം രാവിലെ മുതല്‍ അനുഭവപ്പെടുന്ന 'ഹാങ്ങോവര്‍ ഇഫക്ട് അതി ദയനീയവും വളരെയേറെ അസ്വസ്ഥകള്‍ നിറഞ്ഞതുമാണ്. ഇത്രയും വേണ്ടായിരുന്നു എന്നു പലരും പശ്ചാത്തപിക്കുന്നു. മസ്തിഷ്‌ക്കത്തിലെ 'ന്യൂക്ലിയസ് അക്യുമ്പന്‍സ്'എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനം കൊണ്ടാണ് മദ്യത്തോട് ആസക്തിയുണ്ടാകുന്നത്.

ജീവിത പങ്കാളിയെ സംശയിക്കുന്ന 'സംശയരോഗം' (Delusional Disorder)പലപ്പോഴും മദ്യപാനത്തിന്റെ സൃഷ്ടിയാണ്. മദ്യം കഴിക്കാത്തവരിലും ഇതുണ്ടാകാമെങ്കിലും മദ്യം കഴിക്കുന്നവരില്‍ ഇതു കൂടുതലായി കാണുന്നു. ഭാര്യയുടെ ചാരിത്ര്യത്തെ സംശയിക്കുന്ന ഭര്‍ത്താവ് ഒരുതെളിവുപോലും ഇല്ലെങ്കിലും ആ സംശയം കൊണ്ടുനടക്കുന്നു. പല സംഭവങ്ങളേയും അയാള്‍ തെറ്റായ രീതിയില്‍ അയാള്‍ക്കനുകൂലമായി വ്യാഖ്യാനിച്ച് സംശയത്തെ സ്ഥാപിച്ചെടുക്കുന്നു. ന്യായം കൊണ്ട് അയാളെ തിരുത്താനാവില്ല. കാരണം സംശയരോഗം മസ്തിഷ്‌ക്കത്തിന്റെ ചില സര്‍ക്യൂട്ടുകളെ ബാധിക്കുന്ന ഒരു രോഗമാണ്. ചികിത്സിച്ചില്ലെങ്കില്‍ പലപ്പോഴും ഭാര്യയുടെ കൊലപാതകത്തിന് സംശയരോഗം കാരണമാകുന്നു. കേരളത്തില്‍ നടന്നിട്ടുള്ള പല സ്ത്രീകളുടേയും കൊലപാതകത്തിനു പിന്നില്‍ അമിത മദ്യപാനവും സംശയരോഗവും ആകാനുള്ള സാധ്യത വളരെക്കൂടുതലാണ്. അധികാരികളുടെ ശ്രദ്ധ പതിയേണ്ട ഒരു വിഷയമാണിത്. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും മദ്യ ആശ്രിതത്വ രോഗം ഉണ്ടായിരുന്നിട്ടുണ്ടെങ്കില്‍ പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് അത് വരാനുള്ള സാധ്യത കൂടുതലാണ്.

മദ്യവും സാമൂഹികതിന്മകളും

മദ്യം മാത്രമായി അക്രമത്തിനു കാരണമാകാറില്ല. മദ്യപിക്കുന്ന എല്ലാവരും അക്രമം കാണിക്കാറില്ലല്ലോ. എന്നാല്‍ മുന്‍പേ അക്രമവാസനയുള്ളവരില്‍ മദ്യംകൊടിയ അക്രമങ്ങള്‍ക്ക് തിരികൊളുത്തിയേക്കും. സ്‌കിസോഫ്രീനിയ, മാനിയ എന്നീ മാനസിക രോഗങ്ങള്‍ പിടിപെട്ടവരില്‍ ഭൂരിഭാഗം പേരും അക്രമങ്ങള്‍ കാണിക്കാറില്ല. മാനസിക രോഗം പിടിപെട്ടവരെല്ലാം അക്രമകാരികളാണെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ വ്യാപകമായി കാണാം. യഥാര്‍ഥത്തില്‍ മദ്യംചെല്ലുമ്പോഴാണ് ഈ അസുഖങ്ങള്‍ അക്രമസ്വഭാവമുള്ളവയായി മാറുന്നത്. സമൂഹവിരുദ്ധ വ്യക്തിവൈകല്യമുള്ളവരിലും മദ്യം അക്രമത്തിനു കാരണമാകുന്നു.

നിയമങ്ങളും സാമൂഹികമര്യാദകളും മനുഷ്യര്‍ പാലിക്കുന്നത് സ്വന്തം മനഃസാക്ഷിയുടേയോ മറ്റു പലതിന്റെയോ സമ്മര്‍ദം കൊണ്ടാണ്. മദ്യം ഈ സമ്മര്‍ദത്തെ മുക്കിക്കളയുന്നു. അതോടെ അക്രമം വിളയാടുന്നു. കുടുംബകലഹമാണ് മദ്യംമൂലമുണ്ടാകുന്ന മറ്റൊരു സാമൂഹിക വിപത്ത്. മദ്യപന്മാരായ ഭര്‍ത്താക്കന്മാരുടെ അവഗണനയും പീഡനങ്ങളും അനുഭവിക്കുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ വിവരണാതീതമാണ്. മദ്യപാനം കൊണ്ടുണ്ടാകുന്ന സാമ്പത്തികകെടുതികള്‍ മാത്രമല്ല മദ്യപനായ ഭര്‍ത്താവിന്റെ മര്‍ദനവും ഒരുസ്ത്രീയുടെ ജീവിതം നരകതുല്യമാക്കുന്നു. ഒടുവില്‍ ഇതേ ഭര്‍ത്താവ് മദ്യപാനം കൊണ്ട് രോഗശയ്യയിലാവുമ്പോള്‍ ശുശ്രൂഷിക്കുന്ന ജോലിയും ഇവര്‍ ഏറ്റെടുക്കുന്നു.

മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിങ് ആണ് പല റോഡപകടങ്ങള്‍ക്കും കാരണം. വേഗത്തെ കൃത്യമായി നിര്‍ണയിക്കാനോ ന്യായമായ തീരുമാനങ്ങള്‍ എടുക്കാനോ മദ്യത്തിന്റെ ലഹരിയുടെ സാന്നിധ്യത്തില്‍ അസാധ്യമാണ്. ഇതിന് പുറമേ മദ്യത്തിന് അടിപ്പെടുന്ന ഒരാള്‍ സമൂഹത്തിന്റെ മുന്‍പില്‍ പരിഹാസ്യ കഥാപാത്രമാകുന്നു. ആരും അയാളെ ബഹുമാനിക്കുകയില്ല. അയാള്‍ എത്ര സമ്പന്നനായാലും. എത്ര ഉന്നതനായാലും. അമിത മദ്യപാനം മൂലം അയാളുടെ വ്യക്തിത്വത്തിന് അപചയംസംഭവിക്കുന്നു. ചുരുക്കത്തില്‍ അമിത മദ്യപാനം മനുഷ്യന്റെ എല്ലാ നന്മകളെയും തല്ലിക്കെടുത്തുകമാത്രമല്ല സമൂഹത്തെ കൊടിയ തിന്മകളിലേക്ക് അത് തള്ളിവിടുകയും ചെയ്യുന്നു.

മദ്യപാനത്തില്‍ നിന്നുള്ള മോചനം

ഇങ്ങനെയുള്ള കൊടും വിപത്തില്‍ നിന്നും മനുഷ്യര്‍ക്ക് രക്ഷപ്പെടാനാകും എന്നത് പൊതുവേ അറിയാത്ത ഒരു കാര്യമാണ്. രോഗാതുരമായ മദ്യപാനത്തിന് ശാസ്ത്രീയ ചികിത്സയുണ്ട്. ഇവിടെയും ഒരപകടമുണ്ട്. പലരും ശാസ്ത്രീയമല്ലാത്തതും തെളിവുകളുടെ അടിസ്ഥാനമില്ലാത്തതുമായ ചികിത്സകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. തെളിവ്, അടിസ്ഥാനവൈദ്യം (Evidence -Basic Medicine)എന്നു പറയുന്നത് ആധുനിക വൈദ്യശാസ്ത്രമാണ്. രോഗി അറിയാതെ കാപ്പിയിലും മറ്റും മരുന്നുകള്‍ കലക്കിക്കൊടുക്കുന്നത് നല്ല ഏര്‍പ്പാടല്ല. അത് രോഗിയോടുള്ള ചതിയാണ്. ചതിക്കപ്പെടാന്‍ മാത്രം അയാള്‍ എന്താണ് ചെയ്തിട്ടുള്ളത്? ഒരിക്കല്‍ രോഗിയുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുക പ്രയാസമാണെന്ന് ഓര്‍ക്കുക.

താഴെപ്പറയുന്നകാര്യങ്ങള്‍ അമിത മദ്യപാനത്തില്‍ നിന്നു മോചനം നേടാന്‍ സഹായകരമാണ്

1 മദ്യപാനം അമിതമാണെന്ന് അംഗീകരിക്കുക. പലരും ഇതിനെ ലഘൂകരിച്ചുകാണാന്‍ ശ്രമിക്കുന്നു. കാരണം അതാണല്ലോ മനസ്സിന് ആശ്വാസം നല്കുന്നത്. ''ഞാന്‍ അങ്ങനെയൊന്നും കുടിക്കാറില്ല'' എന്നത് മനസ്സ് പയറ്റുന്ന ഒരു പ്രതിരോധ തന്ത്രമാണ്. മദ്യപാനം അമിതമാണെന്ന യഥാര്‍ഥ്യം അംഗീകരിച്ചാല്‍ മാത്രമേ കുടിനിര്‍ത്തണം എന്ന ചിന്തയുണ്ടാകൂ.

2. മദ്യപാനം സിറോസിസ് എന്ന മരണത്തലേക്കെത്തുന്ന അസുഖത്തിന് കാരണമാകുന്നുവെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുക. സാധാരണ മരണമല്ല വര്‍ഷങ്ങളോളം രോഗബാധിതനായി കിടക്കേണ്ടിവരുന്നു. ഓര്‍മകള്‍ നശിച്ച് ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാനാകാതെ വഴിയില്‍ അലഞ്ഞു തിരിയുന്ന ഒരുവസ്ഥയ്ക്കും മദ്യം കാരണമാകുന്നുവെന്ന യാഥാര്‍ഥ്യവും അംഗീകരിക്കുക. യഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്നത് മനഃസമാധാനം കളയും എന്നുള്ളത് കൊണ്ട് ഈ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കാനോ ഉലിശമഹഅവയില്‍ നിന്ന് ഒളിച്ചോടാനോ ഉള്ള വാസന ഉണ്ടെന്നത് ശ്രദ്ധിക്കുക. മദ്യപാനത്തിന് സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്നതും യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.

3.യഥാര്‍ഥ്യങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചാല്‍ മദ്യപാനം നിര്‍ത്തുന്നതിനുള്ള തീരുമാനം എടുക്കുക. തുടര്‍ന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണുക. കാരണം മദ്യംപെട്ടെന്ന് ശരീരത്തില്‍ ചെല്ലാതായാല്‍ വിറയലും മറ്റും അനുഭവപ്പെട്ടേക്കാം. ഇത് ഒഴിവാക്കാന്‍ മരുന്നുകള്‍ ആവശ്യമാണ്. മാത്രമല്ല മദ്യപാനം പെട്ടെന്നു നിര്‍ത്തുമ്പോള്‍ മറ്റു പല അസ്വസ്ഥതകളും ഉണ്ടായേക്കാം. ഇതുകൊണ്ടാണ് പലരും ഒരിക്കല്‍ നിറുത്തിയതിനുശേഷം വീണ്ടും മദ്യം കഴിക്കുന്നത്; എന്നാല്‍, ഈ അസ്വസ്ഥതകളെ ഒഴിവാക്കാന്‍ മരുന്നുകള്‍ക്കും സാധിക്കും. അതുകൊണ്ട് തുടര്‍ന്നു കുടിക്കണം എന്ന തോന്നല്‍ ഉണ്ടാവുകയില്ല.

4. മദ്യപാനം മൂലം ശരീരത്തിലുണ്ടായിട്ടുള്ള മാലിന്യങ്ങള്‍ മുഴുവന്‍ കഴുകിപ്പോകാന്‍ ഒരാഴ്ച സമയമെടുക്കും. ഈ സമയം മാലിന്യങ്ങള്‍ ഒഴുക്കിക്കളയുന്ന മരുന്ന്, വൈറ്റമിന്‍ ബി, വിശ്രമം, നല്ല ആഹാരം, ധാരാളം വെള്ളം എന്നിവയെല്ലാം വേണം. ഈ ചികിത്സയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ളത് സൈക്യാട്രിസ്റ്റുകളാണ്. ചികിത്സയുടെ ഈ ഘട്ടത്തെ Detoxification എന്നു പറയുന്നു.

5. ഒരിക്കല്‍ രോഗി ഈ ഘട്ടം തരണം ചെയ്താല്‍ വീണ്ടും മദ്യപാനം തുടങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമാണ്. പ്രതിരോധം ചികിത്സയെക്കാള്‍ ഭേദം എന്നത് വൈദ്യശാസ്ത്രത്തിലെ അടിസ്ഥാനതത്ത്വമാണല്ലോ. മദ്യത്തിനോടുള്ള ആസക്തി കുറയ്ക്കുന്ന മരുന്നുകള്‍ (Anti-craving drugs) ഇന്ന് ലഭ്യമാണ്. ഈ മരുന്നുകള്‍ ക്രമമായി കഴിച്ചാല്‍ നല്ലൊരു ശതമാനം പേരിലും മദ്യവിമുക്ത ജീവിതം സാധ്യമാണ്.

6. എന്നാല്‍, ചികിത്സയില്‍ മരുന്നുകള്‍ മാത്രം പോരാ. മദ്യമില്ലാത്ത ജീവിതം പലര്‍ക്കും ഒരു വെല്ലുവിളിയാണ്. മദ്യത്തിന് അടിമപ്പെട്ടവര്‍ക്ക് മദ്യം നിര്‍ത്തിയാല്‍ ജീവിതത്തില്‍ അതിന് പകരംവെക്കാന്‍ എന്തുണ്ട് എന്ന ചോദ്യം വളരെയധികം അലട്ടുന്ന ഒന്നാണ്. രോഗിക്ക് ഈയവസരത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായം വിലപ്പെട്ടതാണ്. പുതിയ തൊഴില്‍, വിനോദവേളകള്‍, സുഹൃദ്ബന്ധങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ അയാള്‍ക്ക് സഹായം വേണ്ടിവരും.

7. കൗണ്‍സലിങ്. മദ്യം ഉപയോഗിക്കണം എന്ന ചിന്തയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ഒന്നാമതായി മദ്യം കഴിച്ചാലുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് ചിന്തിക്കുക ഭയാനകമാണ് അവ എന്നു മനസ്സിലാക്കുക. ഉടനെത്തന്നെ മദ്യം ഉപയോഗിക്കാതിരുന്നാലുള്ള ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക (പുതിയൊരു ജീവിതം, സാമ്പത്തിക ലാഭം, ആരോഗ്യം, കുടുംബഭദ്രത, കുടുംബാംഗങ്ങളുടെ സ്നേഹം മുതലായവ). മദ്യം ഒരിക്കല്‍ നിര്‍ത്തിയാലും അതിനെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ ഓടിയെത്തുക സ്വാഭാവികമാണ്. കടലിലെ തിരകളെപ്പോലെയാണവ. ഇതില്‍ വിഷമിക്കാനോ പരിഭ്രമിക്കാനോ ഇല്ല. തിരകള്‍ക്ക് കീഴടങ്ങാതെ അവയോടൊപ്പം സഞ്ചരിക്കുക. അതായത് മദ്യം കഴിക്കണമെന്നുള്ള ചിന്തകള്‍ വരും. കുറച്ചുകഴിയുമ്പോള്‍ അവ പോകും. ഈ ചിന്തകള്‍ വന്നുവെന്ന് കരുതി മദ്യം കഴിക്കണമെന്നില്ല എന്നു സാരം. മാത്രമല്ല, ഇത്തരം ചിന്തകള്‍ വരുന്ന സമയത്ത് ശ്രദ്ധ ഇഷ്ടമുള്ള മറ്റുകാര്യങ്ങളിലേക്ക് തിരിക്കുക (ഇഷ്ടമുള്ള സുഹൃത്തിനോട് സംസാരിക്കുക, രുചിയുള്ള ഭക്ഷണം കഴിക്കുക, സംഗീതം കേള്‍ക്കുക, മറ്റു വിനോദപരിപാടികളില്‍ ഏര്‍പ്പെടുക).

8. മുന്‍കരുതലുകള്‍: മദ്യം വിളമ്പുന്ന ചടങ്ങുകള്‍ കഴിയുന്നതും ഒഴിവാക്കുക. മദ്യപാനം നിര്‍ത്തി ഏറെ നാളുകള്‍ക്കുശേഷം തികഞ്ഞ ആത്മവിശ്വാസം കൈവരിച്ചതിനുശേഷം മാത്രം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നതായിരിക്കും അഭികാമ്യം. സുഹൃത്തുക്കളെ 'ബാറി'നു സമീപം കണ്ടുമുട്ടുന്നത് ഒഴിവാക്കണം. വളരെ അടുത്ത സുഹൃത്തുക്കള്‍ മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് വലിയൊരു പ്രശ്‌നമാണ്. ഈ ഘട്ടത്തിലാണ് പലരും കുടിച്ചുപോകുന്നത്. സുഹൃത്തുക്കളെ വിഷമിപ്പിക്കേണ്ട എന്നുകരുതി അവര്‍ക്ക് ഒരു 'കൂട്ടു'കൊടുക്കുന്നു. നേരെ തിരിച്ചും ചിന്തിക്കാം. ''ഞാന്‍ കുടി നിര്‍ത്തിയിരിക്കുന്നത് അവര്‍ക്കും ഒരു മാതൃകയാകട്ട, അങ്ങനെ അവരുംകൂടി നിര്‍ത്തി രക്ഷപ്പെടട്ടെ''-സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മദ്യപാനം നിറുത്തിയ ഒരാള്‍ കോട്ടപോലെ ഉറച്ച നിലപാട് എടുക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ ആഗ്രഹവും അവരുടെ വികാരങ്ങളും മനസ്സിലാക്കുന്നു എന്ന് അവരോട് പറയുക. മദ്യം ഇനി ഉപയോഗിക്കാതിരിക്കാനുള്ള തീരുമാനം അവരെ അറിയിക്കുക. അത് സുഹൃത്തുക്കളോടുള്ള സ്നേഹക്കുറവുകൊണ്ടല്ലെന്നും അതിന് ആരോഗ്യപരമായവ ഉള്‍പ്പെടെയുള്ള കാരണങ്ങളുണ്ടെന്നും പറയുക.

9. മദ്യം നിറുത്തി ഏറെ നാളുകള്‍ക്കുശേഷം ഒരിക്കല്‍ കുടിച്ചാല്‍ അത് പിന്നീട് കുടി തുടരുന്നതിലേക്കുള്ള ഒരു അടയാളമായി മാറരുത്. അതിനെ ആ ഒരു അവസരത്തിലെ കുടി മാത്രമായി ഒതുക്കുക. ''ഒരിക്കല്‍ വീണ്ടും കുടിച്ചുപോയി, അതുകൊണ്ട് ഇനി കുടി തുടരാം'' എന്നത് വളരെ അപകടം പിടിച്ച ന്യായവാദമാണ്. ഒരിക്കല്‍ കുടിച്ചു എന്നു കരുതി വീണ്ടും കുടിക്കണമെന്നില്ല.

10. മദ്യകുപ്പികളെയും മദ്യം കഴിക്കുന്ന രംഗം, ബാറിലെ അന്തരീക്ഷം എന്നിവയെയും മനസ്സില്‍ പല പ്രാവശ്യം സങ്കല്പിക്കുകയും അതേസമയം മദ്യം ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ മദ്യത്തോടുള്ള 'ഇഷ്ടമില്ലായ്മ' വികസിപ്പിച്ചെടുക്കാന്‍ സാധിക്കാറുണ്ട്. ഈ ഘട്ടം വിജയിച്ചാല്‍ മദ്യം കഴിക്കുന്ന രംഗം സിനിമയില്‍ കാണുകയോ മറ്റോ ചെയ്തതിനുശേഷം മദ്യം കഴിക്കാതിരിക്കുക. ഈ ചികിത്സയെ cue extinciton എന്ന് പറയുന്നു.

11. സ്ഥിരം മദ്യപിക്കുന്നവര്‍ പലരും സ്വയമേവ ചികിത്സ തേടാറില്ല. ഇവരെ ഉപദേശിക്കുന്നതുകൊണ്ടോ ഇവരുമായി തര്‍ക്കിക്കുന്നതുകൊണ്ടോ കാര്യമായ പ്രയോജനം ഉണ്ടാകാറില്ല. അതേസമയം മദ്യത്തിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ (ഉദാഹരണത്തിന് വയറിലുണ്ടാകുന്ന വ്രണം അഥവാ അള്‍സര്‍) മദ്യവുമായി ബന്ധപ്പെടുത്തുന്നത് ഇവരെ ഡോക്ടറുടെ അടുത്ത് എത്താന്‍ സഹായിക്കും. കുടുംബാംഗങ്ങള്‍ മദ്യപാനത്തെ വിമര്‍ശിക്കുന്നത് പലപ്പോഴും മദ്യപാനം വര്‍ധിക്കാനാണ് ഇടവരുത്തുന്നത്. കുടുംബാംഗങ്ങള്‍ വിശേഷിച്ചു ഭാര്യമാര്‍ സൗമ്യതയോടും പരിഗണനയോടുംകൂടി മദ്യപന്മാരെ സമീപിക്കുന്നത് കുടി നിറുത്താന്‍ അവര്‍ക്ക് പ്രചോദനമായേക്കും. ഒരിക്കല്‍ കുടി നിറുത്തിയാല്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ സ്നേഹവും ശ്രദ്ധയും കാണിക്കുകയും വേണം.

12. ആല്‍ക്കഹോള്‍ അനോണിമസ് ഗ്രൂപ്പ് (Alcohol Anonymous Group) മദ്യപാനത്തില്‍നിന്നും മോചനം നേടാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടായ്മയാണിത്. പരസ്പര ആശയവിനിമയത്തിലൂടെയും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലൂടെയും പലര്‍ക്കും ഇതില്‍നിന്നും പ്രയോജനം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

13. മദ്യവിമുക്തജീവിതം, ഒരു പുനരുത്ഥാനം-ദീര്‍ഘകാലം ഒരാളുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ മദ്യത്തില്‍നിന്നുള്ള മോചനം നീണ്ട പ്രക്രിയയാണ്. പ്രയാസമേറിയതുമാണ്. പക്ഷേ, ദൃഢനിശ്ചയം കൊണ്ടും ഉത്സാഹംകൊണ്ടും അത് സാധ്യമാണ്. മദ്യമില്ലാത്ത ജീവിതം ഒരിക്കല്‍ ശീലിച്ചുതുടങ്ങിയാല്‍ പിന്നീട് അനവധി പേര്‍ അതാസ്വദിച്ചു തുടങ്ങുന്നു. പ്രയാസങ്ങള്‍ തുടക്കത്തിലുള്ള ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. മദ്യമില്ലാതെ ജീവിക്കുകയെന്നത് പലര്‍ക്കും ഒരു പുനരുത്ഥാനമാണ്. സമൂഹത്തില്‍ പുതിയ ഒരു സ്ഥാനം, ജീവിതത്തിന് പുതിയ ഒരര്‍ഥം എന്നിവ നല്‍കുന്ന സ്വയം പരിഷ്‌കരിക്കുന്ന ഒരു ഉദ്യമം. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന ഒരു ഘട്ടമായിരിക്കും ഇത്. ഇതിനു എല്ലാ വിധത്തിലുള്ള അംഗീകാരവും സഹായവും പ്രദാനംചെയ്യുകയാണ് മറ്റുള്ളവരുടെ വിശേഷിച്ചും കുടുംബാംഗങ്ങളുടെയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും കടമ. മദ്യത്തില്‍നിന്ന് ഒരാള്‍ മോചനം നേടുന്നത് ഒരര്‍ഥത്തില്‍ ഒരു സാമൂഹിക പ്രക്രിയകൂടിയാണ്.