ഹരിയില്‍ ആറാടിയവര്‍ക്കെല്ലാം അവസാന നേട്ടമെന്നത് കുറേ നഷ്ടങ്ങള്‍ മാത്രമാണ്. കൂട്ടുകാരോടൊപ്പം ചേര്‍ന്ന ആരംഭിച്ച  മദ്യപാനശീലം പപ്പയക്ക് സമ്മാനിച്ചതും അതേ നഷ്ടങ്ങള്‍ തന്നെ.

അതിരാവിലെ തന്നെ മദ്യപിക്കാന്‍ തുടങ്ങുന്നതാണ് പപ്പയുടെ ശീലം. മുറിക്കുളളിലെ അലമാരയിലാണ് ഓരോ കുപ്പികളും പപ്പ സൂക്ഷിച്ചിരിക്കുന്നത്. അപ്പുറത്തെ സുമേഷേട്ടന്റെ വീട്ടിലും വിരുന്ന് മുറിയിലെ അലമാര നിറയെ മദ്യകുപ്പികളാണ്. ഒരിടത്ത് ആഡംബരവും മറ്റൊരിടത്ത് വറുതിയുടെ അടയാളവും. വലുതും ചെറുതുമായി ഒരുപാട് മദ്യകുപ്പികളുണ്ട്. കുടിക്കണം എന്ന് തോന്നുമ്പോഴൊക്കെ അത് എടുത്ത്  കുടിക്കും. ഇങ്ങനെ കുടിച്ച് തീര്‍ത്ത കുപ്പികള്‍ ചാക്കിലാക്കി പപ്പ തന്നെ തട്ടും പുറത്ത് കൊണ്ട് വെയ്ക്കും. അങ്ങനെ തട്ടുംപുറത്ത് ഈ ചാക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആ കുപ്പികളിന്നും അവിടെ പൊടിപ്പിടിച്ചിരിപ്പുണ്ട്. അതിലെ ഓരോ കുപ്പികളുടെയും അടപ്പ് തുറന്നാല്‍ കണ്ണീരിന്റെ സങ്കടങ്ങളുടെയും ഓരോ കഥകളാണാകും അവ ഉറക്കെ വിളിച്ചു പറയുന്നത്.

വ്യത്യസ്ത നിറത്തിലുള്ള മദ്യക്കുപ്പികള്‍ എന്നും കൗതുകത്തോടെ നോക്കി കാണുക മാത്രമേ ചെയ്തിട്ടുള്ളൂ. അതില്‍ നിന്ന് ഒരു തുള്ളി പോലും പപ്പ കുടിയ്ക്കുന്നത് കണ്ടിട്ടില്ല. എല്ലാവരുടെയും പോലെ പപ്പ എന്റെയും ഹീറോ ആയിരുന്നു. മുഴുകുടിയനായി എന്റെ പപ്പയെ ഒരിക്കല്‍ പോലും എനിക്ക് സങ്കല്‍പ്പിക്കാനായിരുന്നില്ല. സ്വപ്‌നത്തില്‍ പോലും പപ്പയെ കുറിച്ച് അത്തരത്തിലൊരു ചിത്രം വിശ്വസിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ചീട്ടുകൊട്ടാരം പോലെ എല്ലാ പ്രതീക്ഷളും തകര്‍ന്ന ദിവസമായിരുന്നു അത്.

സമയം ഏകദേശം ആറര കഴിഞ്ഞു. ഉമ്മറത്ത് വിളക്ക് വെച്ചു, ഞാനും അനിയനും അച്ഛമ്മയ്‌ക്കൊപ്പം നാമം ജപിക്കുകയായിരുന്നു. പെട്ടന്നാണ് വീടിന്റെ പടിക്കല്‍ ഒരു ഓട്ടോറിക്ഷ വന്ന് നിര്‍ത്തുന്ന  ശബ്ദം കേട്ടത്. നാമം ജപിച്ചു കൊണ്ടിരുന്ന ഞാന്‍ അച്ഛമ്മയുടെ മുഖത്തു നോക്കി.  മനസ്സില്‍ കരുതിയ ചോദ്യം അച്ഛമ്മ എന്നോട് ചോദിച്ചു. ആരാ.. ഈ നേരത്ത്...? എനിക്കറിയില്ല ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞ് പടിപ്പുര വാതിലിനരികിലേക്ക്് ചെന്നു. ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച്ചയായിരുന്നു അത്. ഞാന്‍ നോക്കുമ്പോ ഓട്ടോയിന്‍ രണ്ടു പേര്‍ ഇറങ്ങുന്നു. ഒന്ന് ഒട്ടും പരിചയമില്ലാത്ത രണ്ടു മുഖം. പുറകെ പരിചയമുള്ള മറ്റൊന്നും, പപ്പ. ഓട്ടോയില്‍ നിന്നിറങ്ങാന്‍ പോലും സാധിക്കാത്ത പപ്പയെ ഓട്ടോ ചേട്ടനും താടിക്കാരനായ മറ്റൊരു ചേട്ടനും ചേര്‍ന്ന എടുത്തു താങ്ങുകയായിരുന്നു. കുടിച്ച് ബോധിമില്ലാതെ എവിടെയോ വീണ പപ്പയെയാണ് ആ ഓട്ടോ ചേട്ടന്‍ മുന്നിലെത്തിച്ചിരിക്കുന്നതെന്ന് മനസിലായി. ഒരു നിമിഷം ഞെട്ടി തരിച്ചു പോയി. കരച്ചിലടക്കാനാവാതെ ഞാന്‍ അമ്മയെയും അനിയനെയും അലറി വിളിച്ചു. കുടിച്ച് ലക്ക് കെട്ടതിനാലാകണം പപ്പയക്ക് ഞങ്ങളെ മനസിലാകുന്നില്ല. ആ താടിക്കാരനും ഞാനും അമ്മയും അനുജനും ചേര്‍ന്ന് ഒരുവിധത്തില്‍ ഉമ്മറപ്പടിയില്‍ പപ്പയെ എത്തിച്ചു. ചുവന്ന് കലങ്ങിയ കണ്ണും, ചോരപൊടിയുന്ന മുറിയും കീറി മുറിഞ്ഞ ഷര്‍ട്ടുയിരുന്നു പപ്പയുടെ രൂപം. മദ്യത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതിനാലാകണം പപ്പയക്ക് നാവ് വഴങ്ങുന്നില്ല. സങ്കടവും ദേഷ്യവും നിറഞ്ഞ് ഞങ്ങള്‍ പപ്പയുടെ അടുത്തിരുന്ന് കരയാന്‍ തുടങ്ങി. സിനിമയില്‍ മാത്രം കണ്ടിരുന്ന കാഴ്ചകള്‍ സ്വന്തം ജീവിതത്തിലും.

ആറുവയസ്സുളളപ്പോഴാണ് പപ്പ മദ്യപിക്കുന്നത് കേട്ടു കേള്‍വിയെന്നല്ലാതെ നേരില്‍ കാണുന്നത്. പൊതു ഇടങ്ങളില്‍ നിന്ന് മാറി വീട്ടിലും മദ്യപനം തുടങ്ങി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പപ്പയും മദ്യക്കുപ്പികളും കൂടുതല്‍ അടുത്തു. അച്ഛമ്മയുടെ ആറു മക്കളില്‍ മൂത്തവനാണ് പപ്പ. കൂട്ടുകുടുംബമായി കഴിയുന്നതു കൊണ്ട് തന്നെ ഉത്തരവാദിത്വങ്ങളും ഏറെയാണ്. എന്നാല്‍ മൂത്ത മകന്‍ എന്ന നിലയിലുള്ള കൂട്ടുകുടുംബത്തിന്റെ ബാദ്ധ്യതകളോ ജോലിയിലോ പപ്പ ഒരു താല്പര്യവും കാണിച്ചില്ല. മറ്റുളളവര്‍ തന്നെക്കുറിച്ച് എന്ത് പറയുന്നു എന്നു പോലും ചിന്തിച്ചിരുന്നില്ല. കുടുംബത്തിലെ എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലുപരി, എന്റെയും അനിയന്റെയും അമ്മയുടെ കാര്യങ്ങളില്‍ വരെ പപ്പയ്ക്ക് ബോധമില്ലാതായി. പപ്പ എന്നത് വെറും നാമവിശേഷണമായി മാറുകയായിരുന്നു.

രാവിലെ ജോലിക്ക് പോകുമ്പോഴുള്ള ശാന്തത നശിക്കും വരെ കുടിക്കുക. ഇതെല്ലാം പിന്നീടങ്ങോട്ട് സ്ഥിരം കാഴ്ച്ചയായി മാറി. മദ്യകുപ്പികള്‍ പപ്പയുടെ ബിസിനസ്സും തകര്‍ത്തെറിഞ്ഞു. ആദ്യപടിയായി ടൗണില്‍ സ്വന്തമായി ഉണ്ടായിരുന്ന വര്‍ക്ക്‌ഷോപ്പ് വിറ്റു. തുടര്‍ന്ന് അന്നു വരെ പപ്പ സമ്പാദിച്ച എല്ലാതും മദ്യത്തിന് വേണ്ടി വിറ്റു. എന്നിട്ടും പപ്പ മദ്യപാനം ഉപേക്ഷിച്ചില്ല. സമ്പാദ്യമെല്ലാം നഷ്ടമായതിന്റെ നിരാശയും ദേഷ്യവുമുണ്ടെങ്കിലും അതെല്ലാം ഉളളിലൊതുക്കി മദ്യത്തില്‍ തന്നെ പപ്പ ആശ്വാസം കണ്ടെത്തി.  വര്‍ക്ക്‌ഷോപ്പ് വിറ്റതിനു ശേഷം പിന്നീട് കരാറ് വഴിയാണ് പണിയെടുത്തിരുന്നത്. അതും കൃത്യമായി നടക്കാതെ വന്നു. പലരും പണിക്ക് നല്‍കിയ പണം ചോദിച്ച് വീട്ടിലെത്തി. ഒരക്ഷരം മറിച്ച് പറയാനാകാതെ പപ്പ അവരുടെ മുന്നില്‍ തലകുനിച്ചിരിക്കും. അവരോടെല്ലാം അമ്മ സാഹചര്യം പറഞ്ഞ് മനസ്സിലാക്കി പ്രശ്‌നങ്ങള്‍ ഒതുക്കും. ഒരു പക്ഷേ, അമ്മയുടെ സങ്കടം കണ്ടതിനാലാകണം പലരും ഒന്നും ചോദിക്കാതെ അവിടെ നിന്ന് പോകും. ഇന്നും, ആ കടങ്ങള്‍ അങ്ങനെ തന്നെയുണ്ട്. പക്ഷേ അത് ചോദിച്ച് പിന്നീട് ആരും വന്നിട്ടില്ല എന്നതാണ് മറ്റൊരു സത്യം.

ഒരിക്കല്‍  സ്‌കൂളില്‍ ഫീസടയ്ക്കാനാകാതെ വന്നപ്പോള്‍ അമ്മ എന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. നാട്ടിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വളരെ പ്രൗഢിയോടു കൂടി പഠിച്ചിരുന്ന എന്നെ അമ്മ മലയാളം മീഡിയം സ്‌കൂളിലേക്ക് മാറ്റി. പെട്ടന്നുളള പറീച്ചു നടലായിരുന്നതിനാലാകണം ഉളളില്‍ ഒരു ചെറിയ സങ്കടമായിരുന്നു. പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തു. പക്ഷേ, ഏതു സാഹചര്യങ്ങളെയും കരുത്തോടെ നേരിടണമെന്ന അമ്മയുടെ വാക്കുകളായിരുന്നു അമ്മ ഏക പിന്‍ബലം.

വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അറപ്പും വെറുപ്പും നിറഞ്ഞ മദ്യത്തിന്റെ ചൂരാണ് തേടിയെത്തുന്നത്. ഉറക്കത്തിലെ ഓരോ സ്വപ്‌നത്തിലും ഞങ്ങളുടെ ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്ന മദ്യമെന്ന വില്ലനാണ് കടന്നുവരുന്നത്. 'മദ്യം' എന്ന രണ്ടക്ഷരം മനസ്സിനെ തന്നെ മരവിപ്പിക്കുകയാണ്. ഇന്നും കൂട്ടുക്കാരുടെ വീട്ടിലെ ഓരോ സന്തോഷം നിറഞ്ഞ അനനുഭവങ്ങളും പങ്കുവെയ്ക്കുമ്പോള്‍ അസൂയയോടെ കേട്ടിരുന്ന ആരോടും ഒന്നും തുറന്ന് പറയാനാകാതെ സങ്കടങ്ങളെ മാത്രം കൂട്ടുപിട്ടിച്ചു മുന്നോട്ടു യാത്ര ചെയ്യുകയാണ്. മദ്യമെന്ന മഹാവിപത്ത് മനുഷ്യമനസ്സുകളെയും അവന്റെ സ്വപ്നങ്ങളെയുമാണ് തല്ലി കൊഴിക്കുന്നതാണ്.

ആ ശീലം പാടേ ഉപേക്ഷിക്കാന്‍ പപ്പയക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഘട്ടം ഘട്ടമായി അതിന്റെ ചികിത്സനടത്തി വരുകയാണിപ്പോള്‍. ഞാനും അമ്മയും അനുജനും ഇപ്പോഴും അതിന്റെ നടുവിലാണ്. മാസത്തില്‍ രണ്ട് തവണ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മനോ രോഗവിദഗ്ധനെ കാണും, അവരുടെ നിര്‍ദേശമനുസരിച്ചാണ് ചികിത്സ നടത്തുന്നത്. മദ്യമെന്ന ലഹരിക്കു പകരം പപ്പയ്ക്ക് ഞങ്ങളുമൊത്തുള്ള സന്തോഷകരമായ ജീവിതം ലഹരിയാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയും മാത്രമാണ് മുന്നോട്ടുള്ള യാത്രയില്‍. 

Content Highlights: heart touching story of a girl about her alcoholic Dad| anti drug campaign 2019